വാഷിങ്ടണ്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് അമേരിക്കന്‍ വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ വലിയ വിജയം നല്‍കുന്ന സൂചനയിതാണ്.
ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം മോദിയ്‌ക്കുളള അംഗീകാരമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ സൂചനയൊന്നുമല്ലെന്ന് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ രാഷ്‌ട്രമീമാംസ-ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ആദം സിഗ്‌ഫെല്‍ഡ് പറയുന്നു. വലിയ ഭൂരിപക്ഷമാണ് ബിജെപിയ്‌ക്ക് നേടാനായത്. മോദി തന്നെയാണ് വിജയി എന്ന് വ്യക്തമാക്കുന്നതാണ് ഈ വിജയമെന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഫെലോ സദാനന്ദ് ധ്യൂമെ പറയുന്നത്.
2019ലും ബിജെപിയ്‌ക്ക്് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും എന്‍ഡിഎ സഖ്യത്തിന്റെ നേതാവായി മോദി തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നും ജോര്‍ജ്ടൗണ്‍ സര്‍വകലാശാല വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ പ്രൊഫസര്‍ ഇര്‍ഫാന്‍ നൂറുദീന്‍ പ്രവചിക്കുന്നു. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം ഓരോ സംസ്ഥാനത്തും നടത്താന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2019ല്‍ മോദിയ്‌ക്ക് പകരക്കാരനാകാന്‍ ഒരാളെ തേടേണ്ടതില്ല എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും വിലയിരുത്തിയ കാര്യവും നൂറുദ്ദീന്‍ ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തെ ഭിന്നതകളും ഭരണവിരുദ്ധ വികാരങ്ങളും ചില സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് ഗുണകരമായെന്നും നൂറുദ്ദീന്‍ വിലയിരുത്തുന്നു.
നോട്ട് നിരോധനം സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചെങ്കിലും ഈ നയത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറാന്‍ ബിജെപിയ്‌ക്കും മോദിയ്‌ക്കും കഴിഞ്ഞു.
ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയിലും ഭൂരിപക്ഷം നേടാന്‍ ബിജെപിയ്‌ക്കാകും. ഇതോടെ അനുമതി കാത്ത് കഴിയുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം പോലുളളവ പാസാക്കാന്‍ സര്‍ക്കാരിനാകും.
2018ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വലിയ വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയിപ്പോള്‍.
















