പ്രണയം മധുരോദാരമായിരിക്കും അനുഭവത്തിലും ഓര്‍മ്മയില്‍പ്പോലും.ചിലപ്പോഴത് വേദനിപ്പിക്കുന്ന ആനന്ദവുമാകാം.ഓരോരുത്തര്‍ക്കും ഓരോ തരം വികാര നിര്‍വൃതിയാകാം അത്.കൂടുതല്‍ എഴുതപ്പെട്ടതും പറയപ്പെട്ടതും വായിക്കപ്പെട്ടതും പ്രണയമാകും.അത് ഉപാധികളില്ലാത്ത സ്നേഹവും മനസൊരുമയുമൊക്കെ ആയിരുന്നു.
ജീവിതത്തെക്കാള്‍ വലുതെന്നും ആയുസിനെക്കാള്‍ നീണ്ടതെന്നുമൊക്കെ തോന്നിയിരുന്നു പലര്‍ക്കും. ചിലരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും മരണത്തെ തോല്‍പ്പിക്കുന്നതും പ്രണയമാണ്.അത്രയ്ക്കു ദിവ്യവും അനിര്വചനിയവുമായ ഈ ഉദാത്ത ഭാവമെന്തേ ഇന്ന് അലങ്കോലപ്പെട്ടതും പേടിപ്പെടുത്തുന്നതുമായ നിഴല്‍ രൂപങ്ങളായി മാറി.
ഇന്നു പ്രണയം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതോ പീഡനത്തിനു വിധേയമാക്കുന്നതോ ബലാല്‍സംഗത്തിനു ഉതകുന്നതോ ആയിത്തീര്‍ന്നതെങ്ങനെ.പങ്കുവെച്ച് ആസ്വദിക്കാവുന്നതും കാമ ശമനത്തിനുള്ള ഉപാധിയായും എങ്ങനെയാണ്്പ്രേ മം ദുര്‍വഴി കയറിയത്. ഇന്ന് അരുതാത്തതുമാത്രം സംഭവിക്കാനുള്ള അപകടം പിടിച്ചൊരു വികാരമായി മറിയില്ലേ പ്രണയമെന്നു പറഞ്ഞാല്‍ വിയോജിക്കാനാവുമോ.നിത്യവും വരുന്ന വാര്‍ത്തകള്‍ ഇതിനെ സാധൂകരിക്കുന്നില്ലേ.കാമുകിയെ പങ്കുകൂടി അനുഭവിക്കുന്നതും പണത്തിനു വില്‍ക്കുന്നതും നേട്ടംകൊയ്യുന്ന കച്ചവടച്ചരക്കാക്കുന്നതും പ്രണയത്തിന്റെ ഏതു ഭാവമാണ്.
പ്രേമിച്ചില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുക. ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക, നഗ്ന ചിത്രമെടുത്തു ഭീഷണിപ്പെടുത്തുക, തീവെച്ചുകൊല്ലുക എന്നൊക്കെ പ്രണയത്തിന്റെ പേരിലുള്ള ഏതു പ്രാകൃതാവസ്ഥയാണെന്നു മനസിലാകുന്നില്ല. പ്രണയത്തിനായി എന്തും ചെയ്യും എന്നതില്‍ ആത്മസമര്പ്പണംപോലൊരു നന്മയും കൊലച്ചതിപോലൊരു തിന്മ-യുമില്ലേ.
വാഗ്ദാനങ്ങള്‍ നല്‍കിയും പറഞ്ഞു പറ്റിച്ചും കാമശമനത്തിനുള്ള ഒരുപാധിമാത്രമല്ലേ ഇന്നു പ്രണയം. കാമത്തിന്റെ കുതിപ്പുകെടുമ്പോള് ശമിക്കുന്ന വെറും ഞരമ്പു വിജ്റും ഭിതമായി മാറിയിരിക്കുന്നുഅത്. വിവാഹത്തിനുമുമ്പുള്ള കേവലം ശാരീരിക പരിശീലനം മാത്രം എന്നാവുമോ പ്രണയത്തിന്റെ പുതിയ നിര്‍വചനങ്ങള്‍.കമിതാക്കള്‍ സംസാരിക്കുന്നത് അവര്‍ തൊട്ടു മുമ്പുകണ്ട അശ്്ളീല സൈറ്റിലെ കാമപ്പേക്കൂത്തിലെ ആവേശമാകാം. ഒരുമിച്ച് അവരപ്പോള്‍ അതു കണ്ടുവെന്നുംവരാം. അങ്ങനെ അപ്പോള്‍ സാധിക്കാത്തിന്റെ പേരില്‍ സമൂഹത്തെ അവര്‍ പഴിക്കാനും മതി..പാര്‍ക്കിലോ അല്ലെങ്കില്‍ അത്തരം സുതാര്യ ഇടങ്ങളിലോ കുടക്കീഴിലോ ചെടികളുടെ മറവിലോ രഹസ്യമായിക്കിട്ടുന്ന ആവേശത്തില്‍ പ്രണയത്തിന്റെ ആയുസു നീളുന്ന കാത്തിരിപ്പും വാക്കുകളിലെ മധുര നാരങ്ങയും ത്യാഗവും സഹനവുമൊക്കെ എണ്‍പതുകളിലെ സിനിമാ പ്രണയ വേര്‍പാടിന്റെ നിലവിളികള്‍ക്കൊപ്പം ഭൂതകാലക്കുളിരില്‍ ചത്തുകെട്ടുപോയോ.
കഴിഞ്ഞ ദിവസം പള്ളിയിലേക്കു പ്രാര്‍ഥിക്കാന്‍ പോയ മിഷേല്‍ എന്ന പെണ്‍കുട്ടിയുടെ മൃതശരീരമാണ് പിന്നെ കണ്ടത്.ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം.അതു വിശ്വസിക്കാന്‍ അവളുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആവില്ല.അവളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചെന്ന പേരില്‍ ഒരുത്തനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ഇത്തരം പ്രണയക്കെണികള്‍ വെച്ച് നിരപരാധികളുടെ ജീവനെടുക്കുന്നവര്ക്കെതിരെ കടുത്ത ശിക്ഷ തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: