തൃശൂര്‍: ആഡംബരത്തിന്റെ പേരില്‍ സിപിഎമ്മില്‍ നടപടി നേരിട്ട ബംഗാളിലെ യുവ നേതാവ് ഋതബ്രത ബാനര്‍ജി കണ്ണന്റെ സന്നിധിയില്‍. കമ്മ്യൂണിസത്തില്‍ നിന്ന് അഭയം തേടി കണ്ണനു മുന്നിലോ എന്നു തോന്നുംവിധമായിരുന്നു ആ ദര്‍ശനം. സിപിഎമ്മിന്റെ രാജ്യസഭാംഗം കൂടിയായ ഋതബ്രത ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി.
ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ ഋതബ്രത സിപിഎം മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്. ഒരു സുഹൃത്തിനൊപ്പം എടുത്ത സെല്‍ഫിയില്‍ ഋതബ്രതയുടെ പോക്കറ്റില്‍ മോ ബ്ലാ പേനയും കൈയില്‍ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചും കണ്ടതാണ് കുഴപ്പമായത്.
ഇത് ആഡംബര ജീവിതമായി കണക്കാക്കി പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ജൂണ്‍ ഒന്നിന് ഋതബ്രതയെ സസ്‌പെന്‍ഡ് ചെയ്തത്. എസ്എഫ്‌ഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു ഋതബ്രത.
സിപിഎം എംപി ക്ഷേത്ര ദര്‍ശനത്തിനെത്തിയത് ജനങ്ങളിലും ദേവസ്വം ഉദ്യോഗസ്ഥരിലും കൗതുകം സൃഷ്ടിച്ചു. ഗതാഗതം, ടൂറിസം, സാംസ്‌കാരികം എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി കാര്യ സമിതി അംഗമായ ബാനര്‍ജി മറ്റംഗങ്ങളോടൊപ്പമാണ് കണ്ണനെ തൊഴാനെത്തിയത്.
കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് ക്ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്തി പ്രദക്ഷിണം വെച്ച ഋതബ്രത മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും വാങ്ങി.
















