കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി ഗര്‍ഭിണിയായ കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് വന്‍ വീഴ്ച. കേസ് ഒതുക്കിത്തീര്‍ക്കാന്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം, സമിതി മുന്‍ അംഗവും കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്‌ദ്ധയുമായ ഡോ. സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി എന്നിവര്‍ ഗൂഡാലോചന നടത്തിയെന്ന വസ്തുത ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
പ്രതികള്‍ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കുള്ള വ്യക്തമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. പ്രതികള്‍ അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും അന്നു തന്നെ പ്രത്യേക കോടതിയില്‍ ഹാജരാക്കി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഫെബ്രുവരി ഏഴിനാണ് പീഡനത്തിനിരയായ പെണ്‍കുട്ടി കൃസ്തീയ സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കൃസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിച്ചത്. പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ വൈത്തിരിയിലെ അഡോപ്ക്ഷന്‍ സെന്ററിലാക്കുകയും ചെയ്തു. 19 വരെ കുഞ്ഞ് അഡോപ്ക്ഷന്‍ സെന്ററിലുണ്ടായിരുന്നു. എന്നാല്‍ ഈ വിവരം അഡോപ്ക്ഷന്‍ സെന്റര്‍ ഭാരവാഹികള്‍ പോലീസിനെ അറിയിച്ചില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായിരുന്നില്ലെന്ന ഔദ്യോഗിക രേഖകളും പോലീസ് കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടി പ്രസവിച്ചതിന് ശേഷം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചവര്‍ നിരവധി തവണ പരസ്പരം ഫോണില്‍കൂടി ബന്ധപ്പെട്ടതിനും തെളിവുണ്ട്. ഐപിസി 120 (ബി) പ്രകാരം കേസില്‍ ഗൂഡാലോചന നടന്നുവെന്നതിന് ഇത് വ്യക്തമായ തെളിവാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്നെ രേഖാമൂലം ഡിജിപിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. പീഡനത്തെത്തുടര്‍ന്നുണ്ടായ സംഭവം രഹസ്യമായി വയ്‌ക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഡിജിപി പരാജയപ്പെട്ടുവെന്നതാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ വ്യക്തമാക്കുന്നത്.
















