തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. നിലവില്‍ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. വൈദ്യുതി ബോര്‍ഡ് സ്വകാര്യവത്ക്കരിക്കുകയെന്നത് സര്‍ക്കാര്‍ നയമല്ല. ആവശ്യമില്ലാത്ത ഇടങ്ങളില്‍ കൂടുതല്‍ ജീവനക്കാരുണ്ട്. ഇവ പരിശോധിച്ച് ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തും. ബോര്‍ഡില്‍ ജീവനക്കാര്‍ കൂടുതലാണെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിലപാട്.
തെരുവുവിളക്കുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നത് പരിശോധിച്ചുവരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 30 സബ്‌സ്‌റ്റേഷന്‍ ആരംഭിെച്ചങ്കിലും ഒരു ജീവനക്കാരെപ്പോലും നിയമിച്ചില്ല. കൃത്രിമമഴ സാങ്കേതികമായി പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെങ്കില്‍ ഇടുക്കിയില്‍ മഴ ലഭ്യമാക്കുന്നത് പരിശോധിക്കും. മാര്‍ച്ച് 31നകം സമ്പൂര്‍ണ വൈദ്യുതീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതിയോട് ചില എംഎല്‍എമാര്‍ വിമുഖതകാണിക്കുന്നുണ്ട്.
വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട് മുസ്ലീം സ്ത്രീകളുടെ മതവിശ്വാസത്തെ നിഷേധിക്കുന്ന യാതൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീകള്‍ ചെവി കാണുംവിധം എടുത്ത ഫോട്ടോ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ലൈസന്‍സിനായി നല്‍കണം. ചെവി കാണിക്കുന്ന ഫോട്ടോ വേണമെന്ന നിര്‍ബന്ധമില്ല. ഇത്തരത്തില്‍ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
















