ഒരിക്കല്‍ നഷ്ടപ്പെട്ടതെന്ന് വേദനിക്കുന്നതായിരിക്കും മറ്റൊരിക്കല്‍ ആഹ്ളാദമായി തിരിച്ചു വരുന്നത്.അത് പ്രകൃതിയുടെ കാവ്യനീതിയാണ്.പക്ഷേ നമ്മളതു തിരിച്ചറിയുന്നുണ്ടേ എന്നതാണ് കാര്യം.പലപ്പോഴും നഷ്ടങ്ങള്‍ തിരിച്ചറിയുകയും നേട്ടങ്ങള്‍ അത്ര തന്നെ അറിയാതെ പോകുന്നതാവും പതിവ്.മനുഷ്യ ജീവിതം സുഖങ്ങളുടെ കുതിപ്പും ദുഖത്തിന്റെ കിതപ്പും ഉള്ളതാണെന്നു നമുക്കറിയാമെങ്കിലും സങ്കടങ്ങളുടെ തേര്‍വാഴ്ചയില്‍ ഒന്നുമങ്ങ് ഏശാതെ പോകുന്നു.
ചെറിയൊരായുസില് ജീവിക്കാന്‍ വേണ്ടതെല്ലാം ദൈവം നമുക്കു തന്നിട്ടുണ്ട്.ഉള്ളതുകൊണ്ട് ജീവിക്കാം. കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കാം.അത് മനുഷ്യന്റെ സ്വാഭാവിക കടമയാണ്.പക്ഷേ ആര്ത്തിയുള്ളതുകൊണ്ട് നാം പലപ്പോഴും നേട്ടങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കും.അവിടെയാണ് ഇല്ലാത്ത പ്രശ്നങ്ങളുടെ തുടക്കം. പിടിച്ചടക്കല്‍ അന്യന്റെ അവകാശത്തിനും സ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നു കയറ്റമായിത്തീരാം.അത്തരം നേട്ടങ്ങള്‍ ഫലത്തില്‍ അസ്വസ്ഥതയുടെ പെരുമ്പറമുഴക്കമായി തുടര്‍ന്നുകൊണ്ടിരിക്കും.അവകാശമില്ലാത്ത നേട്ടം സൈ്വരക്കേടുകള്‍ തന്നുകൊണ്ടിരിക്കും.
നമ്മുടെ നഷ്ടങ്ങള്‍ക്ക് ഉത്തരവാദി നമ്മള് തന്നെയാവാം.പക്ഷേ അതിനു കാരണക്കാരായി അന്യരെ കണ്ടെത്തുകയാണ് പതിവ്.അങ്ങനെ അന്യര്‍ നമ്മുടെ നോട്ടങ്ങള്‍ കവര്‍ന്നെടുക്കുന്ന ശത്രുക്കളാണെന്നു വിധിയെഴുതുന്നു.അന്യന് നരകമാണെന്നു മറ്റൊരര്‍ഥത്തിലാണ് ജീന്‍ പോള്‍ സാര്‍ത്ര് പറഞ്ഞതെങ്കിലും നാം അത്തരം നരകത്തെ മറ്റുള്ളവരില്‍ കെട്ടിയേല്പ്പിക്കുകയാണ് പതിവ്.അതൊരു കുനിഷ്ടു നിറഞ്ഞ ആശ്വാസമാണ്.ഇത്തരം ആശ്വാസംകൊണ്ടൊന്നും സന്തോഷമുണ്ടാവില്ല.അതിന് ശുദ്ധി നിറഞ്ഞ മനസും കര്മ്മവുംവേണം.
അതിനാണ് മനസ് പറയുന്നതു കേള്‍ക്കുക എന്നു പറയുന്നത്.മനുഷ്യ മനസ് നൂലിട്ടാലെത്താത്ത ആഴക്കയമാണ്.അതൊരു സ്ഫടികവും കൂടിയാണ്.എന്നാല്‍ അസൂയയും കുശുമ്പും കുന്നായ്മയുമൊക്കയായി അതിനെ മലീമസമാക്കാനും ഉടയ്ക്കാലും നമുക്കു കഴിയും.മനസിനെ എറിഞ്ഞുടക്കാതിരിക്കുക.മനസില്ലെങ്കില്‍ എല്ലാം തീര്‍ന്നു.മനസിലെ ഭാവനയിലാണ് എല്ലാ നിര്‍മിതിയും ആദ്യം നടക്കുന്നത്.ഐന്സ്റ്റീന് പറഞ്ഞതുപോലെ യാഥാര്‍ഥ്യം ആദ്യം ഉണ്ടാകുന്നതു ഭാവനയിലാണ്.അതെ,വലിയ നേട്ടങ്ങള്‍ക്കായി കാറ്റും വെളിച്ചവും കടന്നു വരാന്‍ മനസിന്റെ വാതില്‍ മലര്‍ക്കെ തുറന്നിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: