കൊച്ചി: മെട്രോ സര്‍വീസ് ഏപ്രിലില്‍ തുടങ്ങില്ല. അടിസ്ഥാന സൗകര്യങ്ങളടക്കമുളള ജോലി മുഴുവന്‍ പൂര്‍ത്തിയാക്കാതെ ട്രെയിന്‍ ഓടിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ്. ഏപ്രിലില്‍, ആലുവ മുതല്‍ പാലാരിവട്ടം വരെ വണ്ടിയോടിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മെട്രോ ഉപദേശകന്‍ ഇ. ശ്രീധരന്‍ അറിയിച്ചിരുന്നു.
അടുത്ത മാസം ആദ്യവാരം മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ കെ.എ. മനോഹരന്‍ പരിശോധിച്ച് സര്‍വീസിന് അന്തിമാനുമതി തീരുമാനിക്കും. എന്നാല്‍, പാര്‍ക്കിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ വണ്ടി ഓടിക്കില്ല, എംഡി പറഞ്ഞു. ജനുവരിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കമ്മിഷണര്‍ തൃപ്തി രേഖപ്പെടുത്തി. സുരക്ഷയും സിഗ്‌നലിങ് സംവിധാനങ്ങളും കുറ്റമറ്റതെന്നും അഭിപ്രായപ്പെട്ടു. അന്തിമ അനുമതി നല്‍കാന്‍ ബോഗികളുടെയും പാളങ്ങളുടെയും സുരക്ഷയും സിഗ്‌നലിങ് സംവിധാനങ്ങളുമാണ് വിലയിരുത്തുക.
സുരക്ഷയ്‌ക്ക് പ്രത്യേക സേനയാവും. ആദ്യ ഘട്ടത്തില്‍ ഇതിന് 240 പേര്‍ വേണം. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നാകും നിയമനം. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് രണ്ടര വര്‍ഷത്തേക്കുള്ള നിയമനത്തിന് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. പാലാരിവട്ടത്ത് കെഎസ്ഇബി ഭൂമി പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ മറുപടി ലഭിച്ചില്ല, ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.
















