കുണ്ടറ: നാന്തിരിക്കലില്‍ ആറാക്ലാസുകാരി വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച കേസില്‍ അമ്മയും അവരുടെ മാതാപിതാക്കളും സഹോദരനും അവിടെ താമസിച്ചിരുന്ന വാടകക്കാര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണം പുരോഗമിക്കുന്നതായി കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണത്തിനായി രണ്ടു ഡിവൈഎസ്പി, നാല് സിഐമാര്‍, ആറ് എസ്‌ഐ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പത്ത് ടീമുകള്‍ കേസ് അന്വേഷിക്കും. കുട്ടി മരണപ്പെട്ട സമയം വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തിലെ ഭാഷ പഴയ ലിപിയിയാണ്. അതിനാല്‍ കത്ത് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മരണപ്പെട്ട കുട്ടിയുടെ അമ്മയും അമ്മയുടെ അച്ഛനും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ മൂത്ത കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കുമെന്നും അറിയിച്ചു.
എസ്പി സുരേന്ദ്രന്‍, ഡി.വൈഎസ്പി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടി മരണപ്പെട്ട വീടിനുള്ളിലും പരിസരത്തും പരിശോധനയും അന്വേഷണവും നടത്തി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കുണ്ടറ എസ്‌ഐ രജീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
















