മഡ്ഗാവ്: ആദ്യമത്സരത്തില്‍ റെയില്‍വേയെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ കേരളം ഇന്ന് രണ്ടാം മത്സരത്തിന്. എതിരാളികള്‍ ചില്ലറക്കാരല്ല. കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമായെത്തുന്ന മുന്‍ ചാമ്പ്യന്മാരായ പഞ്ചാബ്.
ആദ്യ മത്സരത്തില്‍ പഞ്ചാബ് റെയില്‍വേസിനെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം കൡയില്‍ മിസോറാമുമായി ഗോള്‍രഹിത സമനില പാലിച്ചു. ഇന്ന് പഞ്ചാബിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ സെമിസാധ്യത വര്‍ധിക്കും.
എന്നാല്‍ റെയില്‍വേസിനെതിരെ കഴിഞ്ഞദിവസം 4-2ന് വിജയിച്ചെങ്കിലും പ്രതിരോധത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായിരുന്നു. ഈ പാളിച്ചയില്‍ നിന്നാണ് റെയില്‍വേ രണ്ട് തവണ കേരളത്തിന്റെ വല കുലുക്കിയത്. അതിനാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാകും കേരളം ഇന്ന് മൈതാനത്തെത്തുന്നത്. റെയില്‍വേക്കെതിരെ ഹാട്രിക്ക് നേടിയ ജോബി ജസ്റ്റിനെയും ഒരു ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഉസ്മാനെയും പിടിച്ചുകെട്ടുക എന്നതാണ് പഞ്ചാബ് പ്രതിരോധത്തിന്റെ വെല്ലുവിളി.
മറ്റൊരു മത്സരത്തില്‍ മഹാരാഷ്‌ട്ര റെയില്‍വേസുമായി ഏറ്റുമുട്ടും. റെയില്‍വേസ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടപ്പോള്‍ മഹാരാഷ്‌ട്രയും വിജയം കണ്ടിട്ടില്ല. മിസോറാമിനെതിരെ കളിച്ചപ്പോള്‍ 3-1ന് തോറ്റു. അതിനാല്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ രണ്ട് ടീമുകള്‍ക്കും വിജയം അനിവാര്യം.
















