1. വിരല്‍ നഷ്ടപ്പെട്ട പോലീസുകാരന്‍ കിഷോര്‍. 2. പ്രതി കണ്ണന്‍
അമ്പലപ്പുഴ: സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതു തടഞ്ഞ പോലീസുകാരന്റെ കൈവിരല്‍ പ്രതി കടിച്ചെടുത്തു. അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം. കിഷോറി(39)ന്റെ വലതു കയ്യിലെ മോതിരവിരലാണ് കാക്കാഴം കമ്പിവളപ്പില്‍ കണ്ണന്‍ (27) കടിച്ചുമുറിച്ചെടുത്തത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി കണ്ണന്‍ തന്റെ ഭാര്യാ മാതാവ് സന്ധ്യയുടെ കോമനയിലെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. നാലു വയസ്സുള്ള മകളെയും സന്ധ്യയുടെ ഒരു ലക്ഷം രൂപയും ഭാര്യാ സഹോദരന്റെ ബൈക്കും കണ്ണന്‍ കൊണ്ടുപോയി. ഇതിനെത്തുടര്‍ന്ന് സന്ധ്യ രാത്രി തന്നെ അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതിയും നല്‍കി. പോലീസ് അന്വേഷിച്ചെങ്കിലും കണ്ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ണന്‍ എത്തിയാല്‍ സ്റ്റേഷനില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ച് പോലീസ് മടങ്ങി.
ഇന്നലെ പുലര്‍ച്ചെ മദ്യപിച്ച് സ്റ്റേഷനിലെത്തിയ കണ്ണനെ പോലീസുകാര്‍ ലോക്കപ്പിനു സമീപം ഇരുത്തി. രാവിലെ ഏഴരയോടെ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ണനെ പാറാവു നിന്ന പോലീസുകാരന്‍ കിഷോര്‍ പിന്നാലെ ഓടി പിടികൂടി. ഇതിനിടെയാണ് കണ്ണന്‍ കിഷോറിന്റെ വിരല്‍ കടിച്ചുപറിച്ചെടുത്തത്. വിരല്‍ അറ്റുപോയ കിഷോറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറച്ചിവെട്ടുകാരനായ കണ്ണന്‍ ക്വട്ടേഷന്‍ സംഘാംഗമാണെന്ന് പോലീസ് പറഞ്ഞു.
















