തിരുവനന്തപുരം: പ്രൊഫഷണലിസത്തില്‍ പഴയതില്‍ നിന്നു പുതിയതിനുള്ള അന്വേഷണമില്ലാത്തതും അതിന്റെ ആവശ്യമില്ലാ എന്ന കാഴ്ചപ്പാടുമാണ് നമ്മുടെ നാട് രക്ഷപ്പെടാത്തതിന് പ്രധാന കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. രാഷ്‌ട്രീയ വ്യവസ്ഥയ്‌ക്കുണ്ടായ അധഃപതനം പ്രൊഫഷണലിസത്തിലും ഉണ്ടായി. വര്‍ഷങ്ങളായുള്ള നമ്മുടെ കാഴ്ചപ്പാടിനു മാറ്റം വരാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. എല്ലാ മേഖലകളിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ടെക്‌നോളജികളെപ്പറ്റി പഠിക്കുവാനും പ്രാവര്‍ത്തികമാക്കാനും എഞ്ചിനീയര്‍മാര്‍ തയ്യാറാകണം. മുതിര്‍ന്ന എഞ്ചിനീയര്‍മാര്‍ താഴെക്കിടയിലുള്ളവര്‍ക്ക് അധ്യാപകരും മാര്‍ഗ്ഗദര്‍ശികളുമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട നിര്‍മ്മാണത്തിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ എഞ്ചിനീയര്‍മാരുടെ കുറവ് പരിഹരിക്കാനാവാത്തത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടികാട്ടി. നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് പിഎസ്‌സി അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി ഒരു ചീഫ് എഞ്ചീനീയറെ നിയമിക്കുവാന്‍ തീരുമാനമായി. ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള കെട്ടിടനിര്‍മ്മാണമാണ് ഇന്നാവശ്യം. അതിനായി പുതിയ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ്, ചീഫ് എഞ്ചിനീയര്‍മാരായ കെ.സുന്ദരന്‍, പി.കെ.സതീശന്‍, ജി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കെട്ടിട നിര്‍മ്മാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ സംബന്ധിച്ച് കോഴിക്കോട് എന്‍ഐടിയിലെ ഡോ. എന്‍.ഗണേശ്, ദുരന്തങ്ങളെ അതിജീവിക്കുന്ന പരമ്പരാഗത നിര്‍മ്മാണവിദ്യകളെപ്പറ്റി അഹമ്മദാബാദ് സിഇഡിഎപിയിലെ രാജേന്ദ്ര ദേശായി, സ്റ്റെബിലൈസ് മഡ് ടെക്‌നോളജിയെക്കുറിച്ച് ബംഗളുരു ഐഐഎസ്ഡിയിലെ ഡോ.കെ.എസ്.ജഗദിഷ്, ഫ്‌ളൈ ആഷ് ടെക്‌നോളജിയെപ്പറ്റി ടെക്‌നോക്രാറ്റ് ശാസ്ത്രജ്ഞന്‍ ഡോ.കാളിദാസ്, ലാറിബക്കര്‍ സാങ്കേതികവിദ്യയെക്കുറിച്ച് കോസ്റ്റ് ഫോര്‍ഡിലെ പി.ബി.സാജന്‍, പ്രീകാസ്റ്റ്, പ്രീഫാബ് ലൈറ്റ്‌വെയ്റ്റ് ടെക്‌നോളജിയെപ്പറ്റി ചെന്നൈ സിഎസ്‌ഐആര്‍-എസിഇആര്‍സിയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ.ജെ.പ്രഭാകര്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ കൈകാര്യം ചെയ്യും.
















