കോഴിക്കോട്: കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കെസിഎച്ച്ആര്‍) അക്കാദമിക കൗണ്‍സില്‍ അല്ലെന്നും മാര്‍ക്സിസ്റ്റ് കൗണ്‍സിലാണെന്നും ഡോ. എം.ജി. എസ്. നാരായണന്. പട്ടണം ഖനനത്തെക്കുറിച്ച് ഡോ. ബി.എസ്. ഹരിശങ്കര്‍ രചിച്ച് ഭാരതീയവിചാരകേന്ദ്രം പ്രസിദ്ധീകരിച്ച പട്ടണം: കണ്സ്ട്രക്സ്, കോണ്ടെക്സ്റ്റ് ആന്റ് ഇന്റര്വന്ഷന്സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കെസിഎച്ച്ആര്‍ എന്നത് വെറും വ്യാജ മേല്‍വിലാസമാണ്. സിപിഎം പറയുന്നത് മാത്രം അനുസരിക്കുന്നവരെ ചേര്‍ത്തുകൊണ്ടാണ് അത് രൂപീകരിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെന്ന വിഖ്യാത സ്ഥാപനത്തെ പോലും അകറ്റി നിര്‍ത്തിയാണ് അവര്‍ പട്ടണം ഗവേഷണം നടത്തിയത്. കക്ഷി നേതാക്കളുടെ താല്പര്യം സംരക്ഷിക്കാന്‍ കെസിഎച്ച്ആര്‍ വ്യാജ പ്രചാരണം നടത്തുകയാണ്. എം.എ. ബേബിയുടെയും തോമസ് ഐസക്കിന്റെയും വ്യക്തിപരമായ നേട്ടങ്ങള്‍ ക്ക് വേണ്ടിയാണ് പട്ടണം ഖനനം നടത്തിയത്. പട്ടണം മുസരീസ് ആണെന്ന് വ്യാജ കണ്ടുപിടുത്തങ്ങളോടെ ഉറപ്പിക്കുകയായിരുന്നു. സ്ഥാപിത താല്പര്യമാണ് സ്വതന്ത്രമായ ഗവേഷണമല്ല അവിടെ ഉണ്ടായിരുന്നത്. പാര്‍ട്ടികളുടെ അടിമകളായി ബുദ്ധിജീവികള്‍ മാറുന്നുവെന്നാണ് കേരളത്തിലെ അനുഭവം. പട്ടണം ഖനനത്തില്‍ വില കുറഞ്ഞ വര്ണ്ണക്കല്ലുകളല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. കണ്ടുപിടിച്ചു എന്ന് പ്രചരിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ ജനങ്ങള്‍ നശിപ്പിച്ചുവെന്ന അവിശ്വസനീയമായ പ്രസ്താവനകളാണ് ഇവര്‍ നടത്തുന്നത്. അദ്ദേഹം പറഞ്ഞു.
സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്ന കെട്ടുകഥ പ്രചരിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. പഴയ ശിലായുഗത്തിലേയോ പുതിയ ശിലായുഗത്തിലേയോ ചരിത്ര വസ്തുതകളിലൊന്നും കാണാത്ത വസ്തുതതകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സെന്റ് തോമസ് കേരളത്തില്‍ വന്നതിന് ഒരു തെളിവുകളും ഇതുവരെ കണ്ടെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാന് – തക്ഷശിലാ മേഖലകളിലാണ് സെന്റ് തോമസ് എത്തിയതെന്നാണ് വിവരം. അദ്ദേഹം കപ്പല്‍ യാത്ര നടത്തിയതിന് തെളിവുകളില്ല. പുരാവസ്തു ശാസ്ത്രം കളവു പറയില്ലെങ്കിലും അത് കൈകാര്യം ചെയ്യുന്നവര്‍ കളവു പ്രചരിപ്പിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണക്കഥയാണ് പട്ടണം ഖനനം – മുസരീസ് പ്രൊജക്ട് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു.
യൂറോ അമേരിക്കന്‍ ലോബിയുടെ പ്രത്യക്ഷമായ ഇടപെടലാണ് പട്ടണം ഖനനത്തിന് പിന്നിലെ വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ഗ്രന്ഥകര്‍ത്താവും ആര്‍ക്കിയോളജിസ്റ്റുമായ ഡോ. ബി.എസ്. ഹരിശങ്കര്‍ പറഞ്ഞു. ഫണ്ടിംഗ്, ഗവേഷണ അജണ്ടകള്‍ എന്നിവയാണ് ഇതിന്റെ പിന്നില്‍. ഉള്ള ചരിത്ര രേഖകളെ നശിപ്പിക്കുകയും വ്യാജ രേഖകള്‍ ചമയ്ക്കുകയും പുതിയ കണ്ടുപിടുത്തങ്ങള്‍ തെറ്റായി സ്ഥാപിക്കുകയും ചെയ്യുകയാണ് ഇതിന്റെ പിന്നില്‍ അദ്ദേഹം പറഞ്ഞു.
ഐസിഎച്ച് ആര് അംഗം പി.ടി. ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. പി.ബാലഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്, ഡോ. പത്മജ ജയദേവ്, ഡോ. സി. ശ്രീകുമാര്‍, ഡോ. സി. മഹേഷ്, എം. ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: