തൃശൂര്‍: ഓഡിറ്റ് ഫയലുകളില്‍ അനാവശ്യ കുറിപ്പുകളെഴുതി പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് മേയര്‍. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോര്പറേഷന് ജീവനക്കാര്‍ക്ക് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കടുത്ത വിമര്‍ശനം. പൊതുപണമാണ് ഉപയോഗിക്കുന്നതെന്ന് ബോധ്യപ്പെട്ട് പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് ഓഡിറ്റ് വിഭാഗം ജീവനക്കാരെ ഉപദേശിക്കുകയുണ്ടായി. അതേസമയം ഫയലുകള്‍ കൃത്യമായും വൈകാതെയും ഓഡിറ്റിന് വിധേയമാക്കുന്നതില്‍ ജീവനക്കാരെ പ്രശംസിക്കാനും മറന്നില്ല.
ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ വിവിധ പരാമര്‍ശങ്ങളും ഫയലുകളില്‍ രേഖപ്പെടുത്തുന്ന കുറിപ്പുകള്‍ ഓഡിറ്റില്‍ പരാമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലും ഇത് സംബന്ധിച്ച അവലോകനത്തിനായി ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. എന്ത് ചെയ്താലും അതില്‍ ജീവനക്കാരുടെ അഭിപ്രായം ഓഡിറ്റ് ഒബ്ജക്ഷനുണ്ടാവും എന്നാണ്. ഇക്കാരണത്താല്‍ പല പദ്ധതികളും നടപ്പിലാക്കാനാവുന്നില്ലെന്ന് മേയര്‍ അജിത ജയരാജന് യോഗത്തില്‍ തുറന്നടിച്ചു. പലരും അറിവില്ലായ്മയിലും തെറ്റിദ്ധാരണയിലും കീഴ്വഴക്കത്തിലുമാണ് ജോലിയെടുക്കുന്നത്. മുന്നിലിരിക്കുന്ന ഫയല്‍ തന്നെ ബാധിക്കരുതെന്ന ഒരൊറ്റ ചിന്ത മാത്രം. അത് മറ്റ് മേഖലകളിലുള്ളവരുടെ ഗുണകരമാകുന്ന പദ്ധതിയുടേതാണെന്ന് കരുതാതെയാണ് കുറിപ്പുകളെഴുതുന്നതും തടയുന്നതും.
ഓഡിറ്റിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് ജീവനക്കാര്‍ക്ക് പഠനക്ലാസ് നല്‍കുന്നത് പരിശോധിക്കുമെന്ന് മേയര്‍ അറിയിച്ചു. ഫയലുകളില്‍ അനാവശ്യകുറിപ്പുകളെഴുതുന്നതിന് പിന്നില്‍ സുതാര്യതക്കപ്പുറത്തെ പല താല്‍പ്പര്യങ്ങളുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ താനടക്കമുള്ള കൗണ്‍സിലര്‍മാര്‍ പരിശോധിച്ച രണ്ട് ഫയലുകളില്‍ ഒരു ആവശ്യവുമില്ലാത്ത രണ്ട് കുറിപ്പുകളാണ് കണ്ടെത്തിയത്.
സമാന സാഹചര്യം തന്നെ ഓഡിറ്റ് വിഭാഗവും ഉന്നയിച്ചു. വകുപ്പ് ജീവനക്കാരെ വിളിച്ച് ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കും വ്യക്തതയില്ല. ഫയലുകളില്‍ അനാവശ്യ കുറിപ്പുകളെഴുതേണ്ടെന്നും വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്കുമ്പോള് ചോദ്യത്തിനുള്ള മറുപടി നല്‍കാതെ, സംശയത്തിന് സൗകര്യമൊരുക്കുന്ന വിധം മറുപടി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഡെപ്യൂട്ടി മേയര്‍ യോഗത്തില്‍ പറഞ്ഞു. ജീവനക്കാര്‍ ഇത് തിരുത്തണമെന്നും സുതാര്യവും അഴിമതിരഹിതവുമായ ഭരണസംവിധാനത്തിന് യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഡെപ്യൂട്ടി മേയര്‍ ജീവനക്കാരെ അറിയിച്ചു.
നിലവിലുള്ള ചട്ടവും നിയമവും അനുസരിച്ച് മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ കൗണ്‍സില്‍ തീരുമാനങ്ങളെ ധിക്കരിക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഓഫീസര്‍ ഹണി പറഞ്ഞു. അഞ്ച് ശതമാനം മാത്രമാണ് ഓഡിറ്റില്‍ കണ്ടെത്തുന്നതും പരാമര്‍ശിക്കപ്പെടുന്നതും. പൊതുപണമാണ് ഉപയോഗിക്കുന്നതെന്നും അത് ദുര്വ്യയമാവാതെ യഥാക്രമമാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്താനും പ്രവര്‍ത്തനം സുതാര്യമാവാന്‍ ശ്രദ്ധയുണ്ടാവണമെന്ന് ഓഫീസര്‍ ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. ഫയലുകള്‍ നല്‍കുന്നതിലും സംശയ ദുരീകരണത്തിലും സെക്രട്ടറിയടക്കമുള്ള ജീവനക്കാര്‍ സഹകരിക്കുന്നുവെന്നും അഭിനന്ദനീയമെന്നും ഓഫീസര്‍ യോഗത്തെ അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: