മക്കളേ, അഹിംസയെന്നത് നമ്മുടെ പരമമായ ധര്‍മ്മമാണ്. ആദ്ധ്യാത്മിക ജീവിതം നയിക്കുന്നവരായാലും ലൗകികജീവിതം നയിക്കുന്നവരായാലും നിവൃത്തിയുണ്ടെങ്കില്‍ ഒരു ജീവിയെയും വേദനിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന അനുഭവിക്കുന്നത് ഏറ്റവും ചെറിയ ജീവിയാണെങ്കില്‍കൂടി അതില്‍ നിന്നുയരുന്ന ദുഃഖ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. ഈ തരംഗങ്ങള്‍ ആ ജീവിയുടെ ഹിംസയ്‌ക്കു കാരണമായവര്‍ക്ക് ദോഷകരമായിത്തീരും. അതിനാല്‍ മനസാ വാചാ കര്‍മ്മണാ ഒരു ജീവിക്കും ദുഃഖമുണ്ടാക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം.
എന്നാല്‍ ഹിംസയേത്, അഹിംസയേത് എന്നു നമ്മള്‍ വേര്‍തിരിച്ച് മനസ്സിലാക്കിയിരിക്കണം. അവിവേകം കൊണ്ടോ കേവലം സ്വാര്‍ത്ഥതകൊണ്ടോ മറ്റു ജീവികളെ വേദനിപ്പിച്ചാല്‍ അതു ഹിംസ തന്നെയാണ്. എന്നാല്‍ പൊതു നന്മയ്‌ക്കുവേണ്ടി ഹിംസ അനിവാര്യമായി വന്നാല്‍ ആ പ്രവൃത്തിയെ ഹിംസയെന്നു വിളിക്കാനാവില്ല. ഏതൊരു പ്രവൃത്തിയുടെയും പിന്നിലുള്ള മനോഭാവമാണു് ആ കര്‍മ്മത്തെ ഹിംസയും അഹിംസയുമാക്കി മാറ്റുന്നത്.
ഒരു വീട്ടില്‍ ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടിക്കു വീട്ടമ്മ വളരെയധികം ജോലി നല്‍കി. എത്ര ശ്രമിച്ചിട്ടും ആ ജോലി സമയത്തിനു ചെയ്തു തീര്‍ക്കാന്‍ ആ കുട്ടിയ്‌ക്കു കഴിഞ്ഞില്ല. ഇതുമൂലം വീട്ടമ്മയില്‍ നിന്നു കേള്‍ക്കേണ്ടിവന്ന വഴക്ക് കുറച്ചൊന്നുമല്ല; അവള്‍ നിന്നു കരയുകയാണ്. അതേ വീട്ടമ്മ സ്‌ക്കൂളില്‍ പഠിക്കുന്ന തന്റെ മകള്‍ പഠിക്കാതെ കളിച്ചു നടക്കുന്നതിന് അടിച്ചു. ആ കുട്ടിയും മുറിയുടെ മൂലയില്‍ ഇരുന്നു കരയുന്നു. ഇവിടെ രണ്ടു കുട്ടികളും കരയുന്നുണ്ട്. ആ വീട്ടമ്മ, സ്വന്തം കുട്ടിയെ അടിച്ചതിനെ ഹിംസയെന്നു പറയുവാന്‍ കഴിയില്ല. കാരണം, തന്റെ മകളുടെ ഭാവി നന്നാകണം എന്ന സദുദ്ദേശ്യത്തോടെയാണ് അടിച്ചത്. അതു ഹിംസയല്ല; സ്വന്തം മകളോടുള്ള സ്‌നേഹത്തിന്റെ ഒരു പ്രതിഫലനം മാത്രമാണത്. എന്നാല്‍ ജോലിക്കാരിയെ അടിച്ചില്ലെങ്കില്‍പ്പോലും ആ കുഞ്ഞിനോടു കാട്ടിയത് ക്രൂരതയാണ്, ഹിംസ തന്നെയാണ്. സ്വന്തം കുട്ടിയോടു് അങ്ങനെ പെരുമാറുവാന്‍ ഒരമ്മയ്‌ക്കു കഴിയുമോ? ഇവിടെ അവര്‍ ചെയ്ത രണ്ടു പ്രവൃത്തികളുടെയും പിന്നിലുള്ള മനോഭാവമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.
ഒരു ഫലവൃക്ഷം നടുമ്പോള്‍ കുറെ ചെറുചെടികളെ പിഴുതു മാറ്റിയെന്നു വരാം. എന്നാല്‍, ആ തൈ വളര്‍ന്നു വലുതായാല്‍ സമൂഹത്തിന് അതുകൊണ്ട് വളരെയേറെ പ്രയോജനങ്ങള്‍ ഉണ്ടാകും. കൂടാതെ അനേകം ചെറിയ ചെടികള്‍ക്കു് അതിന്റെ തണലില്‍ വളരാനും കഴിയും. അങ്ങനെ നോക്കുമ്പോള്‍ ആ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. അതൊരു ഹിംസയല്ല.
അര്‍ജ്ജുനനെ യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുകവഴി ഭഗവാന്‍ ഹിംസയ്‌ക്ക് കൂട്ടു നില്ക്കുകയായിരുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്. യുദ്ധം ഒരിക്കലും ഭഗവാന്‍ ആഗ്രഹിച്ച കാര്യമല്ല. അവിടുത്തെ മാര്‍ഗ്ഗം ക്ഷമയുടെതാണ്. അവിടുന്ന് പരമാവധി ക്ഷമിച്ചു. പാണ്ഡവര്‍ക്ക് ഒരു കുടിലെങ്കിലും നല്‍കിയാല്‍ മതിയെന്ന് ദുര്യോധനനോട് അപേക്ഷിച്ചു. പക്ഷേ, സൂചി കുത്താന്‍ പോലും സ്ഥലം നല്കില്ലെന്ന് ദുര്യോധനന്‍ ശഠിച്ചു. ദുര്യോധനാദികളുടെ വിജയം ധര്‍മ്മത്തിന്റെ പരാജയമാണെന്ന് ഭഗവാനറിയാമായിരുന്നു. ഇക്കാരണത്താലാണ് ഭഗവാന്‍ അര്‍ജ്ജുനനെ യുദ്ധത്തിനു പ്രേരിപ്പിച്ചത.് ഇവിടെ നമ്മള്‍ ഉള്‍ക്കൊള്ളേണ്ട പാഠം, ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍ അതു മറ്റൊരാള്‍ക്കു കൂടുതല്‍ ഹിംസ ചെയ്യുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയെ ഹിംസയായി കരുതണം.
എന്നാല്‍ ഇതനുഷ്ഠിക്കുമ്പോഴും ആരോടും പകയോ സ്പര്‍ദ്ധയോ ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ വേണം ദ്വേഷിക്കുവാന്‍.
അഹിംസ പൂര്‍ണ്ണമായും പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ സാധിക്കുന്ന കാര്യമാണോ എന്നു ചിലര്‍ സംശയിക്കാം. പൂര്‍ണ്ണമായും ആ തലത്തിലേക്കുയരുവാന്‍ കഴിഞ്ഞില്ലെങ്കിലും ആ ലക്ഷ്യം മുന്നില്‍ കണ്ട് അഹിംസ പാലിക്കുവാനും, മറ്റുള്ളവരെ സ്‌നേഹിക്കുവാനും സേവിക്കുവാനും നമ്മള്‍ നിരന്തരം ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: