തിരുവനന്തപുരം: പിണറായി ഭരണത്തില്‍ സിനിമാ നടി മുതല്‍ നാടോടികള്‍ വരെ പീഡനത്തിരയാകുന്നതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ സര്‍ക്കാരിനെതിരെയുള്ള താക്കീത് കൂടിയായി സെക്രട്ടേറിയറ്റ് വളയല്‍.
കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചു. ദൈവത്തിന്റെ സ്വന്തം നാട് പീഡകരുടെ നാടായി മാറിയെന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു ഉപരോധം. പെണ്‍കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ സമരത്തില്‍ അണി ചേര്‍ന്നപ്പോള്‍ ഒ. രാജഗോപാല്‍ എംഎല്‍എയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും സെക്രട്ടേറിയറ്റ് വളയലില്‍ കണ്ണികളായി. ജില്ലയിലെ മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രധാന പ്രവര്‍ത്തകര്‍ സമരത്തിന് എത്തിച്ചേര്‍ന്നു.
സിപിഎമ്മിന്റേത് രാഷസീയ മുഖമാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. സ്ത്രീകള്‍ക്കും പട്ടികജാതിക്കാര്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ കേരളം റിക്കാര്‍ഡിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മമാരെ വീടുകളിലിട്ട് ചുട്ടുകൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള സ്ത്രീകളുടെ ശാപമാണ് ബജറ്റ് ചോര്‍ച്ചയെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പറഞ്ഞു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ സ്ത്രീകളെയും കുട്ടികളെയും ശരിയാക്കുകയാണെന്നും ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ കെല്‍പ്പില്ലാത്ത പിണറായി വിജയന്‍ വകുപ്പ് ഒഴിയുകയാണ് വേണ്ടതെന്നും രേണുസുരേഷ് പറഞ്ഞു.
സെക്രട്ടേറിയറ്റ് വളയലിന് ശേഷം പ്രകടനവും സമ്മേളനവും നടന്നു. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയാ സദാനന്ദന്‍, നിവേദിത, ജില്ലാ പ്രസിഡന്റ് ഹേമലത, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, രാജിപ്രസാദ്, അതിയന്നൂര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















