തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ് അശ്വിനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എബിവിപിക്ക് കലാലയങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും ആശയപരമായ ദാരിദ്ര്യവുമാണ് എസ്എഫ്ഐയെ അക്രമത്തിലേക്ക് നയിക്കുന്നത്. തികച്ചും സമാധാനപരമായി കൂട്ടായ്മ സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് യാതൊരു പ്രകോപനവനും കൂടാതെ അവര്‍ അക്രമം അഴിച്ചുവിട്ടത്. സിപിഎമ്മിന്റെ ഉന്നതരടക്കമുള്ള നേതൃത്വമാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നും നിയമം മാര്‍ക്സിസ്റ്റുകാര്‍ കയ്യിലെടുത്തിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയം നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തിനെതിരെ അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. എസ്എഫ്ഐക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കുകയാണ് അവര്‍ ചെയ്തത്. സംസ്ഥാനത്ത് ഗുണ്ടാരാജ് നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎമ്മും എസ്എഫ്ഐയും ഗുണ്ടായിസം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്ന് കുമ്മനം ഓര്‍മ്മിപ്പിച്ചു.
സ്വന്തം ശവപ്പെട്ടിക്ക് ആണിയടിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് മാര്‍ക്സിസ്റ്റുകാര്‍ കൈക്കൊള്ളുന്നത്. എസ്എന്‍സി ലാവ്ലിന് കേസില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പിണറായി. അതിനാലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഹരീഷ് സാല്‍വയെ പോലുള്ളവരെ രംഗത്തിറക്കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: