കൊട്ടാരക്കര: കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ അമ്മയെയും അപ്പൂപ്പനെയും നുണപരിശോധനക്ക് വിധേയരാക്കും. ഇതിന് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇതുവരെ പിടികൂടിയവരെ ചോദ്യം ചെയ്തിട്ടും വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ നുണപരിശോധന.
മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.കെ. വത്സല മൊഴി നല്‍കിയിരുന്നു. ഇനി പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് പരിശോധനകളാണ് നടത്തേണ്ടത്. പോളിഗ്രാഫ് പരിശോധന തിരുവനന്തപുരം ഫോറന്‍സിക് ലാബ് മതിയാകും. നാര്‍ക്കോ അനാലിസിസിന് ഹൈദരാബാദില്‍ പോകണം. നുണപരിശോധനക്ക് ഇവര്‍ സമ്മതിക്കണം.
അമ്മയും അപ്പൂപ്പനും സഹോദരിയും അമ്മൂമ്മയും നേരത്തേ കസ്റ്റഡിയിലുണ്ട്. അമ്മയുടെ സഹോദരന് അടക്കം നാല് പേരെ കൂടി ഇന്നലെ കസ്റ്റഡിയിലെടുത്തു. അതിനിടെ കേസ് മുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നതായി സംശയം ഉയര്‍ന്നു. ജനുവരി 15ന് അനില മരിച്ചപ്പോള്‍ കുണ്ടറ പോലീസ് രേഖപ്പെടുത്തിയ ബന്ധുക്കളുടെ മൊഴികളില്‍ അപ്പൂപ്പന്റെ മൊഴി മുന്‍വിധിയോടെ പറഞ്ഞതാണെന്ന് പോലീസ് സംശയിക്കുന്നു. വക്കീല്‍ ഗുമസ്തനായ ഇയാള്‍ കേസ് അന്വേഷണം വഴിതിരിക്കുന്നതിനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നുവെന്നും സംശയം.
ബന്ധുക്കള്‍ക്ക് കേസിന്റെ മുന്നോട്ടുപോക്ക് എങ്ങനെയാകുമെന്ന തരത്തില്‍ നിയമോപദേശവും ലഭിച്ചു.
മൃതദേഹത്തിന് സമീപത്ത് നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്റെ ഫലം ലഭിച്ചാല്‍ മാത്രമേ കൈയക്ഷരം കുട്ടിയുടേതാണോയന്ന് ഉറപ്പിക്കാനാകു. കുട്ടിയുടെ സഹോദരി, അമ്മ, അപ്പൂപ്പന് എന്നിവരടക്കമുള്ള അടുത്ത ബന്ധുക്കളെക്കൊണ്ടും ഇതേ വരികള്‍ പോലീസ് എഴുതി വാങ്ങി. ഇതും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: