കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ്ബോഡ് രചിച്ച ‘’ദ ലവ് ക്യൂന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തിന്റെ മലയാളവിവര്‍ത്തനമാണ് ‘പ്രണയത്തിന്റെ രാജകുമാരി.’ മലയാളവിവര്‍ത്തനം തയ്യാറാക്കിയിരിക്കുന്നത് എം.ജി. സുരേഷും, എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് വി.ബി. ജ്യോതിരാജും പുസ്തകപ്രസാധനം ഗ്രീന്‍ ബുക്സുമാണ്. പുസ്തകം പ്രസിദ്ധീകരിച്ചതിനെതിരെ മുസ്ലിംലീഗ് നേതാവ് അബ്ദുസമദ് സമദാനി അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ഗ്രീന്‍ ബുക്സ് എം.ഡി. കൃഷ്ണദാസ്. ‘പ്രണയത്തിന്റെ രാജകുമാരി’ നല്ല വായനാനുഭവം നല്കുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കിയാണ് പുസ്തകം. അവരുടെ ജീവിതത്തില്‍ സംഭവിച്ച പ്രണയങ്ങളെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചും അതിനുപിന്നിലെ പ്രേരണാസ്രോതസ്സുകളെക്കുറിച്ചും അവരനുഭവിച്ച സമ്മര്ദ്ദങ്ങളെക്കുറിച്ചുമൊക്കെ സവിസ്തരം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകം വിവാദമാകുന്നത് ആദ്യമായല്ല. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടേപ്പാള്മുതല് വിവാദങ്ങളും ഒപ്പമുണ്ട്. മാധവിക്കുട്ടിയുടെ ഇസ്ലാംമതപ്രവേശത്തിനു പ്രേരണയായത് ഒരു മതപണ്ഡിതനുമായുള്ള പ്രണയവും വിവാഹവാഗ്ദാനവുമായിരുന്നുവെന്നും, മതംമാറ്റത്തിനുശേഷം ആ വാഗ്ദാനം ലംഘിക്കപ്പെടുകയും അവര്‍ മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും, കപടപ്രണയത്തിനും മതംമാറ്റലിനുമായി കാമുകന് വന്‍തുക സൗദിയില്‍നിന്നും കൈപ്പറ്റിയിരുന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുള്ളതിനാല്‍ പുസ്തകം വിവാദമായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇത് പ്രതീക്ഷിച്ചുതന്നെയാവണം പ്രസാധകരായ ഗ്രീന്‍ ബുക്സ് പുസ്തകപ്രസാധനത്തിന് മുതിര്ന്നിട്ടുമുണ്ടാവുക.
കമലാദാസിനെക്കുറിച്ച് ആമി എന്ന പേരില്‍ ഒരു സിനിമ പുറത്തിറങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ, സിനിമയുടെ സംവിധായകന് കമല്‍ പ്രണയത്തിന്റെ രാജകുമാരിയെക്കുറിച്ചും, മെറിലി വെയ്സ്ബോഡിനെക്കുറിച്ചും വിവാദപരമായ ചില പരാമര്‍ശങ്ങള്‍ നടത്തുകയും, മെറിലി അതിന് മറുപടി നല്കുകയുമൊക്കെയുണ്ടായി. മെറിലി തന്റെ പുസ്തകത്തില്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ച് അവാസ്തവമായ കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നുവെന്നതരത്തിലുള്ള പരാമര്‍ശവും മറുപടിയുമായിരുന്നു ഉണ്ടായത്.
ഇതിനകംതന്നെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാവുന്ന നിലപാടുകള്‍കൊണ്ടും, മതാഭിമുഖ്യംകൊണ്ടും ശ്രദ്ധേയനായ സംവിധായകന് മാധവിക്കുട്ടിയെപ്പോലൊരു സാഹിത്യകാരിയെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍ അത് പക്ഷപാതപരമായിരിക്കുമെന്നും, യാഥാര്ത്ഥ്യങ്ങളില്നിന്നുമുള്ള ബോധപൂര്‍വ്വമായ വ്യതിചലനമായിരിക്കുമെന്നുമുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. മുമ്പ് സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള സിനിമയിറങ്ങിയപ്പോള്‍ സ്മിതയായി വേഷമിട്ട പ്രശസ്തയായൊരു ഹിന്ദി സിനിമാനടിയാണ് മാധവിക്കുട്ടിയുടെ വേഷം കൈകാര്യംചെയ്യുന്നതെന്നും മറ്റുമുള്ള വാര്‍ത്തകളും, പിന്നീടവര്‍ പിന്മാറിയതായുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ മഞ്ജുവാര്യര്‍ ആണ് ആ വേഷം കൈകാര്യം ചെയ്യുന്നതെന്നാണ് കേള്‍ക്കുന്നത്.
വീണ്ടും മാധ്യമങ്ങളില്നിറഞ്ഞ ‘പ്രണയത്തിന്റെ രാജകുമാരി’ യെന്ന ഓര്‍മ്മപ്പുസ്തകം തുറന്നുകാട്ടുന്ന ചില വസ്തുതകള്‍ ഇവിടെ പരാമര്ശിക്കാതിരിക്കാന് വയ്യ. എന്തുകൊണ്ട് ആ പുസ്തകത്തെ, അതിനെതിരെ വാളെടുക്കുന്ന മതശക്തികള്‍ ഇത്രയധികം ഭയപ്പെടുന്നുവെന്നത് ആ പുസ്തകത്തിന്റെ വായനയിലൂടെ മനസ്സിലാവുകയും ചെയ്യും. പുസ്തകങ്ങളെ അതിലെ പരാമര്ശങ്ങളുടെപേരില് ഭയപ്പെടുകയും പുസ്തകത്തിനെതിരെ ആക്രമണങ്ങളഴിച്ചുവിടുകയും ചെയ്യുന്നത് പുതിയ സംഭവമല്ല. നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്തുതന്നെ നമ്മുടെ മുന്നിലുണ്ടുതാനും. ആശാസ്യകരമല്ലാത്ത അത്തരം പ്രവണതകള്‍ തുടര്ന്നുകൊണ്ടേയിരിക്കുന്നുവെന്നാണ് ‘പ്രണയത്തിന്റെ രാജകുമാരി’യെ ഇപ്പോള്‍ വിവാദമാക്കുന്നവര്‍ മനസ്സിലാക്കിത്തരുന്നത്.
മെറിലി ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കുറേയധികം കള്ളങ്ങളാണെന്നും, യഥാര്ത്ഥത്തിലുള്ളതല്ലെന്നതിനും മറുപടി ആ പുസ്തകത്തില്‍ത്തന്നെയുണ്ട്. മാധവിക്കുട്ടി തന്നെ കാനഡയില്‍നിന്ന് സന്ദര്‍ശിക്കാന്‍വന്ന മെറിലിയോട് പലപ്പോഴായി തന്നെക്കുറിച്ചെഴുതാന്‍ ആവശ്യപ്പെടുന്നതും, എന്തെഴുതാനാണ് താത്പര്യമെന്ന് അവര്‍ ചോദിച്ചപ്പോള്‍, എല്ലാമെഴുതണം- ഈ മതംമാറ്റത്തെക്കുറിച്ചുവരെ. സത്യമെഴുതണം. പ്രണയത്തിനായി ഞാന്‍ എന്തുചെയ്തു എന്നെഴുതണം. ഞാന്‍ മതത്തെ ഗൗനിക്കുന്നേയില്ല. മതം എന്നാല്‍ വസ്ത്രംപോലെയാണ്. ഈ മുസ്ലീം വസ്ത്രംകണ്ടില്ലേ, അതുപോലെയെന്ന് മാധവിക്കുട്ടി മറുപടി പറയുകയും ചെയ്യുന്നുണ്ട്. (പേജ് 249)
അവര്‍ നിങ്ങളെ ഉപദ്രവിച്ചേക്കാം” എന്നു മെറിലി ഓര്‍മ്മപ്പെടുത്തുമ്പോള്‍, മരിക്കുവാന്‍ ഒരു മടിയുമില്ല. സാദിഖ് അലി എന്നെ കൊന്നുകഴിഞ്ഞുവല്ലോ”എന്നും മാധവിക്കുട്ടി മറുപടി പറയുന്നുണ്ട്. പുസ്തകത്തില്‍ മാധവിക്കുട്ടിയെ പ്രണയംനടിച്ച് മതംമാറ്റിയയാളെ ‘സാദിഖ് അലി’ എന്ന പേരുകൊണ്ടാണ് സൂചിപ്പിക്കുന്നത്. പുസ്തകം എഴുതിക്കഴിഞ്ഞ്, അത് കമലയെ മെറിലി വായിച്ചുകേള്പ്പിക്കുന്നയിടത്ത് (പേജ് 317) അത് വ്യക്തമായി പറയുന്നുണ്ട്. പുസ്തകരചനയെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ അഭിപ്രായം നോക്കൂ.
ഒരു പ്രാര്‍ത്ഥനപോലെ. നീ ഇതില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എന്നെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. എന്തൊരു കരുത്താണീ എഴുത്തില്‍. മെറിലി, എനിക്കിത്ര അറിയില്ലായിരുന്നു.”
സാദിഖ് അലിയുടെ പേരുമാറ്റാം” എന്നു പറയുമ്പോള്‍, അതെ. പേര് മാറ്റിക്കോളൂ. അതിനോടൊപ്പം എന്റെ ഡോക്ടര്‍ സുഹൃത്തിന്റെ പേരും മാറ്റിക്കോളൂ. അല്ലെങ്കില്‍ കുറച്ചുകാലം കാത്തിരിക്കേണ്ടിവരും. അപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് സാദിഖ് അലിയുടെ ബുദ്ധിമുട്ടുകള്‍ കണ്ട് ഞാന്‍ ചിരിക്കുകയായിരിക്കും. അതുപോലെ അയാളുടെ ഭാര്യമാരുടെ അസൗകര്യങ്ങളും. എന്നാണ് പ്രതികരിക്കുന്നത്.”
പുസ്തകത്തിലുടനീളം സാദിഖ് അലി എന്നു പരാമര്‍ശിക്കപ്പെടുന്ന കപടകാമുകനായ, ലക്ഷങ്ങള്‍ കൈപ്പറ്റി പ്രണയംനടിച്ച് മതംമാറ്റത്തിന് പ്രേരിപ്പിച്ചയാള്‍ താനാണെന്ന് ആരോപിച്ചുകൊണ്ട് പുസ്തകത്തിനെതിരെ തിരിയുന്ന മതപണ്ഡിതന് സ്വയം അപഹാസ്യനാവുകയല്ലേ ചെയ്യുന്നതെന്ന് തോന്നിപ്പോകുന്നു. ഈ നേതാവിന്റെ പേരും ഫോട്ടോയും വച്ച്, വിവാദം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് പുറത്തിറങ്ങിയ ക്രൈം മാസികയുടെ കവര്പേജിന്റെയും, ലേഖനത്തിന്റെയും ഫോട്ടോ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്ര പരസ്യമായി പേരും ഫോട്ടോയും സഹിതം കവര്‍പേജായി പ്രസിദ്ധീകരിച്ച മാസികക്കെതിരെ വേണമായിരുന്നില്ലേ ഈ നേതാവ് കേസുകൊടുക്കാന്‍?
എന്തിന് ഈ പുസ്തകത്തിനെതിരെ തിരിയുന്നു? അതുമനസ്സിലാകണമെങ്കില്‍, പുസ്തകത്തില്‍ പറയുന്ന, മാധവിക്കുട്ടിയുടെ മതംമാറ്റത്തെത്തുടര്‍ന്ന് അവര്ക്കുനേരിടേണ്ടിവന്ന വധഭീഷണികളെക്കുറിച്ചും സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അറിയണം. അവ വിശദമായി പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ തീവ്രവാദിസംഘടനകളെ തുറന്നുകാട്ടുന്ന ഭാഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ പുസ്തകത്തിനെതിരെ തിരിയാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇപ്പോഴത്തെ ആക്രമണത്തിന് കമലിന്റെ സിനിമ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തയും കാരണമായിട്ടുണ്ടാകാം.
ഇപ്പോള്‍ കമല ഇസ്ലാം മതം ഉപേക്ഷിക്കുകയാണെങ്കില്‍ എന്തുസംഭവിക്കും?”മെറിലിയുടെ ചോദ്യത്തിന്, അവര്‍ എന്നെ കൊല്ലും.”എന്ന് മാധവിക്കുട്ടി വളച്ചുകെട്ടില്ലാതെ പറയുന്നു.
ഇത്തരത്തില്‍ പ്രണയത്തിലകപ്പെട്ട്, വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ട്, മതപ്രചാരണത്തിനായി, ആയുധമേന്തിയ തീവ്രവാദികളുടെ സംരക്ഷണയില്‍ കേരളത്തിലങ്ങോളമിങ്ങോളവും ഗള്‍ഫ് രാജ്യങ്ങളിലും അവരുടെ ആരോഗ്യസ്ഥിതിയെപ്പോലും പരിഗണിക്കാതെ ഭീഷണിപ്പെടുത്തി ഉപയോഗപ്പെടുത്തുന്ന, അത്യന്തം സമ്മര്‍ദ്ദമനുഭവിക്കുന്ന ഘട്ടത്തിലാണ് മാധവിക്കുട്ടി ഈയൊരു യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നത്. ഒരു മതപരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിര്‍ബ്ബന്ധിക്കുകയും, ഭീഷണിപ്പെടുത്തുകയും, ഭയപ്പെടുത്തുകയും ചെയ്യുന്ന തീവ്രവാദി കമാന്റോയുടെ മുന്നില്‍ ഭയന്നുവിറയ്ക്കുന്ന കമലാദാസിനെ തീവ്രവാദിയില്‍നിന്നും മെറിലി സംരക്ഷിക്കുന്ന സന്ദര്‍ഭമുണ്ട് പുസ്തകത്തില്‍. (പേജ് 222) ചുവര് ചാരിനില്‍ക്കുകയായിരുന്ന കമല പറഞ്ഞു.
വല്ലാത്ത സമ്മര്‍ദ്ദം. എനിക്ക് മരിച്ചാല്‍ കൊള്ളാമെന്നായി. എന്തൊരു ദയനീയാവസ്ഥ!”
ആരാണവര്‍?”എന്നുചോദിക്കുന്ന മെറിലിയോട് തീവ്രവാദികള്‍, അവര്‍ കൊല്ലും” എന്ന് മറുപടിനല്കുന്നു കമല. പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്നതുപോലെ, സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിര്‍വ്വചനങ്ങളാണ് ഈ പുസ്തകം എന്നതോടൊപ്പം, ഒരുകൂട്ടം ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ കൂടിയാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെയാണ് ഇത് പലരെയും ഭയപ്പെടുത്തുന്നതും. സത്യങ്ങള്‍ കാപട്യക്കാരെ ഭയപ്പെടുത്തുമല്ലോ. പ്രസാധകര് അവകാശപ്പെടുന്നതുപോലെ, മലയാളിയുടെ പൊതുബോധത്തെ മാറ്റിമറിക്കുന്ന കൃതിതന്നെയാണ് പ്രണയത്തിന്റെ രാജകുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: