തിരുവനന്തപുരം: ഭീമമായ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന പേരില്‍ പഠനത്തിന് കോര്പ്പറേഷന് ദിനംപ്രതി ചെലവഴിക്കുന്നത് അയ്യായിരം രൂപ. പഠനത്തിന് ഏല്‍പ്പിച്ചിരിക്കുന്നത് മാനേജ്മെന്റ് വിദഗ്ധനോ പരിചയസമ്പന്നനോ അല്ലാത്ത കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. സുശീല്‍ ഖന്നയെ.
നഷ്ടം നികത്തി കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനെന്ന പേരിലാണ് പ്രൊഫ. സുശീല്‍ ഖന്നയെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താത്പര്യപ്രകാരം ചുമതലയേല്‍പ്പിച്ചത്. മുമ്പ് വിഎസ് സര്‍ക്കാരിന്റെ കാലത്തും ഇപ്രകാരം ഖന്നയെ ചുമതലയേല്‍പ്പിച്ചിരുന്നു. 2006 മുതല്‍ 2009 വരെ ഖന്ന വിശദമായി പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് ഗുണം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ വീണ്ടും കെഎസ്ആര്‍ടിസിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഖന്നയെ നിയോഗിച്ചിരിക്കുകയാണ്. പ്രതിദിനം 5000 രൂപയാണ് ഖന്നയുടെ ഫീസ്.
പ്രൊഫ. സുശീല്‍ഖന്ന വെറുമൊരു സാമ്പത്തികവിദഗ്ധനാണ്, മാനേജ്മെന്റ് വിദഗ്ധനല്ല. സാമ്പത്തികശാസ്ത്രത്തിലാണ് അദ്ദേഹത്തിന് ബിരുദവും മറ്റ് യോഗ്യതകളുമുള്ളത്. മുമ്പ് ഏതെങ്കിലും സംസ്ഥാനത്തെ കോര്‍പ്പറേഷനിലോ കമ്പനിയിലോ പ്രവര്‍ത്തിച്ച് പരിചയവുമില്ല. ഇത്തരം പഠനങ്ങള്‍ നടത്തി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തെ രക്ഷിച്ച അനുഭവസമ്പത്തുമില്ല. അതിനാലാണ് മുമ്പൊരിക്കല്‍ ഖന്ന തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.
ഖന്നയ്ക്ക് പണം നല്‍കുന്നത് കെഎസ്ആര്‍ടിസി വര്‍ക്കിംഗ് ഫണ്ടില്‍ നിന്നാണ്. നാഷണല്‍ പെന്ഷന് ഫണ്ടിലേക്ക് സ്വരൂപിക്കുന്ന പണമാണ് വകമാറ്റി വര്‍ക്കിംഗ് ഫണ്ടെന്ന പേരില്‍ ചെലവഴിക്കുന്നത്. ഇത് ധൂര്‍ത്തും അഴിമതിയുമാണെന്ന ആരോപണം ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിക്കുന്നു. ഐസക്കിന് ഖന്നയെ വിശ്വാസമാണെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പോഷകസംഘടനയായ സിഐടിയുവിന് ഒട്ടുംതന്നെ വിശ്വാസമില്ല. അതിനാല്‍ സിഐടിയു ഹനുമന്തറാവു എന്ന മറ്റൊരു വിദഗ്ധനെ ഉപയോഗിച്ച് കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പഠനം നടത്തി. ഹനുമന്തറാവു തയ്യാറാക്കിയ റിപ്പോര്‍ട്ട് സിഐടിയു സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
അതിനിടെ ജീവനക്കാരുടെയും സര്‍വീസുകളുടെയും എണ്ണം വെട്ടിക്കുറിച്ച് കോര്‍പ്പറേഷനെ ലാഭത്തിലാക്കണമെന്ന നിര്‍ദ്ദേശമാണ് ഖന്ന മുന്നോട്ടുവയ്ക്കുന്നതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ഖന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: