കവി ദേശമംഗലം രാമകൃഷ്ണന്റെ വിവര്‍ത്തനത്തിലൂടെ ടെറിക് വാള്‍ക്കോട്ടിന്റെ ചില കവിതകള്‍ വായിച്ചിരുന്നു.നിലാമുറ്റത്തെ ശയ്യാസുഖംപോലെയായിരുന്നു ആ കവിതകള്‍. അദ്ദേഹത്തെക്കുറിച്ച് ചിലതൊക്കെ ഇടയ്ക്കു വായിച്ചിരുന്നു. ടെറിക് മരിച്ചെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ വായിച്ചതൊക്കെ തുലോം കുറവാണെന്നും കൂടുതല്‍ വായിക്കപ്പെടേണ്ട എഴുത്തുകാരനായിരുന്നുവെന്നുമുള്ള നഷ്ടബോധം വ്യസനിപ്പിച്ചു.
കരീബിയന്‍ സൗന്ദര്യത്തിന്റെ വന്യതയും ജീവിത എരിവിന്റെ സുഖ നീറ്റലുമുണ്ടായിരുന്നു ടെറിക് വാള്‍ക്കോട്ടിന്റെ എഴുത്തിന്. കരീബിയന്‍ സങ്കര സംസ്ക്കാരത്തിന്റെ മഷി നിറച്ചെഴുതിയ കവിതകളും നാടകങ്ങളും പ്രകൃതിയുടേയും ജീവിതത്തിന്റെയും കടുത്ത നിറവിന്റേതായിരുന്നു. അവയില്‍ കടലും നീലിമയും ഞണ്ടും ശംഖുമൊക്കെ പരതിയും ഒഴുകിയും നടന്നു. യാഥാര്‍ഥ്യവും ഭാവനയും ചേര്‍ത്തെഴുതിയ രചനകളില്‍ ഭാവന കൊണ്ടുള്ള യാഥാര്‍ഥ്യമായിരുന്നു കൂടുതലും. ഈ ഭാവനാവിലാസത്തോടു പലരും കലഹിച്ചപ്പോള്‍ ഭാവനയാണ് രാഷ്ട്രമെന്നാണ് ടെറിക്ക് അവരോടു പറഞ്ഞത്. നോവലാകാന്‍ ഉണ്ടായതാണ് ഈ ലോകമെന്ന് വില്യം ഫോക്നര്‍ പറഞ്ഞതിന്റെ മറ്റൊരു മാനം.
സെന്റ് ലൂസിയന്‍ കവിയും നാടകകൃത്തുമായാണ് ടെറിക് വാള്‍ക്കോട്ട് അറിയപ്പെടുന്നത്. കുറെക്കാലം ഒരു പെയിന്ററിന്റെ കുപ്പായവും ടെറിക്കിന്് ഇണങ്ങിയിരുന്നു. യൂണിവേഴ്സിറ്റില്‍ കവിത പഠിപ്പിച്ചിരുന്നു.ഇംഗ്ളീഷ് സാഹിത്യത്തോടു കമ്പമായിരുന്നു. 14ാം വയസില്‍, അമ്മയാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത്. ഇരുപതോളം നാടകങ്ങളും ഇതിഹാസ തുല്യമായ ഒമറോസ് ഉള്‍പ്പെടെ മറ്റു ചില രചനകളും ടെറിക്കിന്റേതായുണ്ട്. ഡ്രീം ഓണ്‍ മങ്കി മൗണ്ടന്‍ മികച്ച നാടകമാണ്.
ഹോമറിനേയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും സമീപസ്ഥമായി ഓര്‍ക്കും വിധമുള്ള രചനയാണ് ഒമറോസ്. ഇലിയഡിനെ ഇതിലൂടെ വായനക്കാര്‍ വീണ്ടും സ്മരിച്ചേക്കും. ടെറിക്കോട്ടിന്റെ മഹത്തായ നേട്ടം എന്നാണ് ഈ കവിതയെ നിരൂപകര്‍ വാഴ്ത്തിയത്. 1992ല്‍ ടെറിക്കിന് നോബല്‍ സമ്മാനം ലഭിച്ചു.
ടെറിക് കരീബിയന്‍ സമ്മിശ്ര സംസ്ക്കാരത്തില്‍ ആത്മീയത പാകിയാണ്് എഴുതിയത്. ആദ്യകാല രചനയില്‍ ഇത് തീവ്രമായിരുന്നു. പ്രാര്‍ഥനപോലെയായിരുന്നു അദ്ദേഹത്തിനു കവിത. പ്രാര്‍ഥനയും കവിതയും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്ന് അദ്ദേഹം പഞ്ഞിരുന്നു. 87ന്റെ വാര്‍ധക്യത്തിലും ഭാവനകൊണ്ട് നന്നേ ചെറുപ്പമായിരുന്നു ടെറിക് വാള്‍ക്കോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: