കൊച്ചി: നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റുചെയ്തതില്‍ പോലീസിനു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും അത്തരത്തില്‍ ശ്രമം നടത്തുന്ന പോലീസുകാരെ എന്ത് ചെയ്യണമെന്ന് കോടതിയ്‌ക്ക് അറിയാമെന്നും കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു.
കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ പോലീസുകാരെ എന്തു ചെയ്യണമെന്ന് അറിയാം. പരാതിക്കാരനില്ലാത്ത പരാതി പോലീസിന് എന്തിനാണ്. പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പോലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകുമെന്നും ജഡ്ജി പറഞ്ഞു.
നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം അഞ്ചുപേരെ പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് വാണിയംകുളം പി.കെ. ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍നിന്നാണു കൃഷ്ണദാസിനെ പിടികൂടിയത്. ലക്കിടി കോളജ് പിആര്‍ഒ വത്സലകുമാര്‍, നിയമോപദേശക സുചിത്ര, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി എന്നിവരെയാണു തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
ജിഷ്ണു കേസിനു സമാനമായ മര്‍ദനമാണ് ഈ കേസിലുമുണ്ടായത്. കോളജിലെ അനധികൃത പണപ്പിരിവിനെതിരെ പരാതി നല്‍കിയതിനു കോളജിലെ ഇടിമുറിയിലെത്തിച്ചു മര്‍ദിച്ചു. കൃഷ്ണദാസാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയതെന്നും പോലീസ് അറിയിച്ചു.
















