ഭഗവാന് മറുപടി പറയുന്നു (8-3, 4)
അര്‍ജ്ജുനന്റെ ചോദ്യങ്ങളിലെ ബ്രഹ്മം, അധ്യാത്മം, കര്‍മ്മം, അധിഭൂതം, അധിദൈവം, അധിയജ്ഞം, പ്രയാണകാലത്തെ ജ്ഞാനം- ഈ ഏഴ് പദങ്ങളുടെ വിവരണം മൂന്നുശ്ലോകങ്ങളിലൂടെ നല്കുന്നു.
മൂന്നാം ശ്ലോകത്തില്‍
അക്ഷരം പരമം ബ്രഹ്മ
നശിക്കാത്തും ഒരു കാലത്തും പരിണാമം- മാറ്റം- വരുത്താതതും സര്‍വത്ര വ്യാപിച്ചു നില്ക്കുന്നതുമായ നിത്യ സത്തയാണ് പരമം ബ്രഹ്മം-പരബ്രഹ്മം- എന്ന് പറയപ്പെടുന്നത്. (= നക്ഷരതി- നശിക്കുന്നില്ല, മാറ്റം സംഭവിക്കുന്നില്ല; സര്‍വത്ര വ്യാപിച്ചു നില്ക്കുന്നു എന്ന്-അക്ഷരം എന്ന പദത്തിന്റെ അര്‍ത്ഥം) (പരമം -പരഃ മാ ഇതി) ഇതിനെക്കാള്‍ ഉത്കൃഷ്ടമായി വേറെ ഒന്നും ഇല്ല എന്നര്‍ത്ഥം).
ഇങ്ങനെയുള്ള നിത്യസത്തയെയാണ്, ”തദ് ബ്രഹ്മ” എന്ന പദംകൊണ്ട് കഴിഞ്ഞ അധ്യായത്തില്‍ ഉദ്ദേശിച്ചത്. അതുകൊണ്ട് എന്നില്‍നിന്ന് വേറിട്ട് ഒരു വസ്തുവാണോ ബ്രഹ്മം എന്ന് മനസ്സിലാക്കണം. ഇതു മനസ്സിലാക്കിക്കൊണ്ടാണ് അര്ജ്ജുനന് പത്താമധ്യായത്തിലെ 12-ാം ശ്ലോകത്തില്‍
”പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാന്”
(അങ്ങുതന്നെയാണ് പരബ്രഹ്മം) എന്ന് പ്രഖ്യാപിക്കുന്നത്.
ശ്രീശങ്കാരാചാര്യര്‍ ഗീതാഭാഷ്യത്തിന്റെ ഉപോദ്ഘാത്തില് ത്തന്നെ ഇങ്ങനെ വ്യക്തമാക്കിയിട്ടുമുണ്ട്.
”പരമാര്‍ത്ഥതത്ത്വം ച
വാസുദേവാഖ്യം പരബ്രഹ്മ
അഭിധേയഭൂതം”
(പരമാര്‍ത്ഥതത്ത്വം, വാസുദേവന്‍ എന്നു പേരുള്ള ബ്രഹ്മം എന്ന് പറയപ്പെടുന്നു.)
സ്വഭാവ: അധ്യാത്മം ഉച്യതേ
ബ്രഹ്മമായ എന്നില്‍നിന്ന്, എന്റെ അംശങ്ങളായ ജീവഗണങ്ങള്‍ ഭൗതികപ്രപഞ്ചത്തിലേക്ക് തെറിച്ച് വീഴുന്നതിനെയാണ് – ‘സ്വഭാവം’ – എന്ന പദത്താല്‍ വിവക്ഷിച്ചിട്ടുള്ളത്. 15-ാമധ്യായത്തിലെ എഴാം ശ്ലോകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
”മമൈവാംശോ ജീവലോകേ
ജീവഭൂതഃ സനാതന:”
(എന്റെ തന്നെ ചെറുതും വലതുമായ അംശങ്ങളാണ് ജീവഗണങ്ങളായി, ഭൗതിക പ്രപഞ്ചത്തില്‍ ദേവന്മാരായും മനുഷ്യരായും മൃഗങ്ങളായും ദേഹം സ്വീകരിച്ച് വര്‍ത്തിക്കുന്നത്.)
ആത്മാവ് എന്ന പദത്തിന്, ദേഹം, മനസ്സ്, ബുദ്ധി എന്ന എല്ലാ അര്‍ത്ഥവും ഇവിടെ പ്രസക്തമാണ്. അവയില്‍ ജീവാത്മാവ് ഭോക്താവായിട്ട്-ഭൗതികസുഖദുഃഖങ്ങള് അനുഭവിക്കുന്നവനായിട്ട്-നില്ക്കുന്നു എന്നാണ് ‘അധ്യാത്മം’- എന്ന പദത്തിന്റെ വിശദീകരണം. ദേവ-മനുഷ്യ-മൃഗാദി ശരീരങ്ങള്‍ നശിക്കുന്നതും പരിണാമം -മാറ്റം- സംഭവിക്കുന്നതുമാണ്-അതായത്-ക്ഷരം (നശിക്കുന്നത്, മാറ്റം സംഭവിക്കുന്നത്) എന്നര്‍ത്ഥം.
ഭൂതഭാവോദ്ഭവകരഃ വിസര്‍ഗഃ
കര്‍മ്മ സംജ്ഞിതഃ
ഭൗതിക പ്രപഞ്ചത്തിലെ ജംഗമങ്ങളും സ്ഥാവരങ്ങളുമായ-സഞ്ചരിക്കുന്നതും ഇളകാത്തതുമായ ശരീരങ്ങളുടെ ഉത്പത്തിയും വളര്‍ച്ചയുമാണ് ഭൂതങ്ങളുടെ ഭാവവും ഉദ്ഭവവും. അതു രണ്ടും ഉണ്ടാക്കുന്ന വിസര്ഗ്ഗത്തെയാണ് കര്‍മ്മം എന്ന പദംകൊണ്ട് അറിയപ്പെടുന്നത്. ‘വിസര്‍ഗം’ എന്നതുകൊണ്ട്, ദേവ, മനുഷ്യ, മൃഗ, പക്ഷിപ്പുഴുക്കളുടെ ശരീരങ്ങള്‍ സൃഷ്ടിക്കുന്നത് ഭഗവാന് തന്നെയാണ്; ഭഗവാന്റെ അപാരശക്തിയായ മായതന്നെയാണ്.
ക്ഷരോഭാവഃ അധിഭൂതം (8 ല്‍ -4)
ക്ഷരഃ – നശിക്കുന്ന സ്വഭാവമുള്ള ഭൗതിക പ്രപഞ്ചം-ശബ്ദസ്പര്ശരൂപസഗന്ധങ്ങളും പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശ, അനലം തുടങ്ങിയ അധോലോകങ്ങള്‍ എല്ലാം നശിക്കുന്നവയാണ്. ഈ വസ്തുതയാണ് ‘അധിഭൂതം’ എന്ന പദംകൊണ്ട് നിര്‍ദ്ദേശിച്ചത്.
പുരുഷഃ അധിദൈവതം-പുരുഷന്
എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നവന്, പുരി-ശരീരത്തിനുള്ളില്‍ ക്ഷേത്രജ്ഞനായിരിക്കുന്നവന് എന്നര്‍ത്ഥം. എല്ലാ ദേവന്മാരിലും മൃഗാദികളിലും ഭോക്താവായും നിയന്താവായും നില്ക്കുന്നവന് എന്നും അര്‍ത്ഥം. സൂര്യന്, ചന്ദ്രന്, വായു, അഗ്നി മുതലായ ദേവതകള്‍ ഭഗവാന്റെ ദിവ്യവും ആത്മീയവുമായ ദേഹത്തിലും അവയവങ്ങളിലും അധിവസിക്കുന്നു. ഈ വസ്തുതയാണ് ”അധിദൈവതം-” എന്ന പദംകൊണ്ട് സൂചിപ്പിച്ചത്.
അധിയജ്ഞഃ അഹം ഏവ
എല്ലാ ദേവതാഗണങ്ങളിലും അന്തര്യാമിയായി നിന്ന് യജ്ഞങ്ങളും പൂജകളും, ഇന്ദ്രന്, സൂര്യന്, ചന്ദ്രന് മുതലായ ദേവന്മാര് വഴി സ്വീകരിച്ച് അനുഗ്രഹം കൊടുക്കുന്നത് ഞാനാണ്- ഈ കൃഷ്ണന് തന്നെയാണ് (ഏവ പദം, തന്നെ എന്ന അര്‍ത്ഥത്തിലാണ്.)
”യജ്ഞോവൈ വിഷ്ണുഃ”- എന്ന് വേദത്തില്‍തന്നെ പറഞ്ഞിട്ടുമുണ്ട് എന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നു. ഗീതയില്‍ ഏഴാം അധ്യായത്തില്‍ 21, 22 എന്നീ ശ്ലോകങ്ങളില്‍ വിശദീകരിച്ചതും ഈ വസ്തുതന്നെയാണ്.
അത്ര ദേഹേ
ദേവന്മാരുടെ ശരീരങ്ങളില്‍ മാത്രമല്ല, മനുഷ്യ മൃഗാദി ശരീരങ്ങളിലും ഭഗവാന്‍തന്നെ പരമാത്മാവായി ഹൃദയത്തില്‍ കുടികൊള്ളുന്നുണ്ട്. മായാ ബദ്ധരായ ജീവാത്മാക്കളുടെ പ്രവൃത്തികള്‍ക്ക്, സാക്ഷിയായി നിലകൊള്ളുന്നു, പുണ്യം ചെയ്യാനോ, പാപം ചെയ്യാനോ, ഭഗവാനെ സേവിക്കാനോ പരമാത്മാവായ ഭഗവാന് പ്രേരണ കൊടുക്കുന്നില്ല. സ്വന്തം കര്മ്മവാസനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭഗവാന് അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഇന്ദ്രന് തുടങ്ങിയ ദേവന്മാരുടെ അന്തര്യാമിയായി നിന്ന് മനുഷ്യരുടെ യജ്ഞങ്ങളും പൂജകളും സ്വീകരിക്കുകയും മനുഷ്യരുടെ ഹൃദയങ്ങളില്‍ പരമാത്മാവായിനിന്ന് യജ്ഞാദികള്‍ അനുഷ്ഠിക്കാന്‍ നിശ്ശബ്ദ പ്രേരണ കൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഭഗവാന്, ‘അധിയജ്ഞന്‍’ എന്ന് പേര് വന്നുചേര്‍ന്നത്.
ഭഗവത്തത്ത്വ വിജ്ഞാനത്തോടെ ഭഗവാനോട് അത്യധിക സ്നേഹത്തോടെ സേവനം ചെയ്ത് ഉത്തമഭക്തനായിത്തീര്ന്നവന് ഭഗവാന്റെ ഈ ദിവ്യഭാവങ്ങളും പ്രവര്‍ത്തനങ്ങളും അറിഞ്ഞു ആനന്ദിക്കാന്‍ സാധിക്കുന്നു എന്നാണ്,
”തേ ബ്രഹ്മ തദ് വിദുഃ കൃത്സ്നം”
എന്ന് കഴിഞ്ഞ ഏഴാം അധ്യായത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: