ന്യൂദല്‍ഹി; യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയോഗിച്ചത് പെട്ടെന്നെടുത്തതോ അമ്പരപ്പിക്കുന്നതോ ആയ തീരുമാനമായിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. തീരുമാനം ആശ്ചര്യകരമായിരുന്നുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഗോരഖ്പൂരില്‍ നിന്നുള്ള ഈ സന്യാസിയെ നേരത്തെ മുതല്‍ക്കെ പരിഗണിച്ചിരുന്നു. ഈ തീരുമാനവും ആര്‍എസ്എസും തമ്മില്‍ ഒരു ബന്ധവുമില്ല.
യോഗിയുടെ ജനപ്രിയത, രാഷ്ട്രീയ ഇച്ഛാശക്തി, ജാതികള്ക്കപ്പുറത്തുള്ള സ്വീകാര്യത, തെരഞ്ഞെടുപ്പ് വേളയയില്‍ കാണിച്ച അച്ചടക്കം തുടങ്ങിയവയെല്ലാം ഇതിനു കാരണമാണ്. ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനവധിയാള്‍ക്കാരെ കണ്ട് അവരുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ടൈംസ് എഴുതി.
പ്രചാരണം തുടങ്ങുന്നതിന് മാസങ്ങള്‍ക്കു മുന്‍പേ അമിത് ഷാ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് ആരാഞ്ഞിരുന്നു. സിങ്ങ്, യോഗി എന്നിവരുടെ പേരാണ് മുന്‍പിലുള്ളതെന്നും ഷാ രാജ്നാഥിനോട് പറഞ്ഞു. എന്നാല്‍ രാജ്നാഥിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാതെ വേണം പ്രചാരണം നടത്താനെന്നും രാജ്നാഥ് അമിത് ഷായോട് നിര്‍ദ്ദേശിച്ചു. അന്നു മുതല്ക്കേ യോഗിയുടെ പേര് പരിഗണനയിലുണ്ടായിരുന്നു. ഒരു മുതിര്‍ന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബിജെപി യുപിയില്‍ നടത്തിയ സര്വ്വേയിലെല്ലാം ഒന്നാമത് രാജ്നാഥും രണ്ടാമത് യോഗിയുമായിരുന്നു. കേവലം ഒരു പോയന്റിന്റെ വ്യത്യാസമേ ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നുമുള്ളൂ. യുപിയില്‍ ബിജെപി വമ്പന്‍ ഭൂരിപക്ഷം നേടും മുന്‍പേ തന്നെ യോഗി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നതിന് മറ്റൊരു ഉദാഹരമാണിത്.
മാത്രമല്ല തെരഞ്ഞെടുപ്പിലെ താരപ്രചാരകനായിരുന്നു യോഗി. പടിഞ്ഞാറന്‍ യുപിയിലെ വിമതരെ ഒതുക്കുന്നതില്‍ പോലും യോഗി വലിയ അച്ചടക്കമാണ് കാണിച്ചത്. മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.പടിഞ്ഞാറന്‍ യുപിയിലായിരുന്നു വെല്ലുവിളി. നിരവധി വിമതരാണ് മല്‍സരിച്ചത്. യോഗി കഠിനാധ്വാനം ചെയ്താണ് അവരെ നേരിട്ടത്. വീടുവീടാന്തരം യോഗി കയറിയിറങ്ങി, വിമതരുടെ തോല്‍വി ഉറപ്പാക്കി. ഈ തെരഞ്ഞെടുപ്പില്‍ ഇത്രയും കഠിനാധ്വാനം ചെയ്ത, ഇത്രയും വേല്ലുവിളി നേരിട്ട മറ്റൊരു നേതാവില്ല. ഒരു പ്രമുഖന് പറഞ്ഞു.
ചില വിമതര്‍ക്കു പിന്നില്‍ ആദിത്യനാഥാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകള്‍ മോദിയും ഷായും മുഖവിലയ്ക്ക് എടുത്തില്ല. തുറന്നു പറയുന്ന, ലളിത ജീവിതം നയിക്കുന്ന നേതാവെന്നാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് അമിത് ഷാ യോഗിയെ വിശേഷിപ്പിച്ചത്. അന്ന് ഏതാനും ദിവസങ്ങള്‍ ഷാ ഗോരഖ്പ്പൂരിലെ മഠത്തില്‍ താമസിച്ചിരുന്നു.അന്നേ യോഗിയുടെ ലളിത ജീവിതത്തില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. പിന്നെ പ്രചാരണത്തില്‍ യോഗിക്കുള്ള പങ്ക് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ജനപ്രിയതയെപ്പറ്റി എന്തെന്തങ്കിലും സംശയം ഉണ്ടായിരുന്നെങ്കില്‍ അമിതഷായ്ക്ക് ഒപ്പമുള്ള റോഡ് ഷോ ആ സംശയവും കൂടി ഇല്ലാതാക്കി. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സകലയിടങ്ങളിലും സംസാരിക്കാന്‍ ചുമതലപ്പെടുത്തിയ നേതാവ് രാജ്നാഥിനു പുറമേ യോഗി മാത്രമായിരുന്നു.
ഗോരഖ്നാഥ് പീഠത്തിലെ അനുയായികള്‍ കൂടുതലും പിന്നോക്കക്കാരാണ് അവരില്‍ കൂടുതലും യാദവര്‍. അവര്‍ക്കിടയില്‍ യോഗിക്കുള്ള സ്വീകാര്യത വളരെവലുതാണ്. ബ്രാഹ്മണരുടെ പിന്തുണയും യോഗിക്കാണ്. ഗോരഖ്പൂരില്‍ യോഗി രാവിലെ 9 മുതല്‍ 11 വരെ നടത്തുന്ന പഞ്ചായത്തില്‍ ധാരാളം മുസ്ളീങ്ങള്‍ അടക്കം പങ്കെടുക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: