റാഞ്ചി: മൂന്നാം ടെസ്റ്റില്‍ കംഗാരുക്കളെ കറക്കി വീഴ്ത്താമെന്ന ഇന്ത്യന്‍ സ്വപ്നത്തിനു വിലങ്ങുതടിയായി ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ്കോംപും നിലറയുറപ്പിച്ചപ്പോള് ഉറപ്പിച്ച വിജയം വഴുതിമാറി കളി സമനിലയില്‍. ഇന്ത്യന്‍ ബൗളിങ്ങിനെതിെര 62.1 ഓവര്‍ ബാറ്റ് ചെയ്തതാണ് ഇരുവരും ചേര്‍ന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. അവസാന ദിനമായ ഇന്നലെ ഇന്ത്യന്‍ വിജയം എട്ട് വിക്കറ്റ് മാത്രം അകലെയായിരുന്നു.
എന്നാല്‍ നാല് വിക്കറ്റ് നേടാനെ വിരാട് കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്ങ്സില്‍ ഓസ്ട്രേലിയ ആറ് വിക്കറ്റിന് 204 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്ങ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്.
ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഹാന്‍ഡ്സ്കോംപും മാര്‍ഷും ഓസ്ട്രേലിയയെ രക്ഷിക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷ് 53 റണ്‍സ് നേടിയപ്പോള്‍ ഹാന്‍ഡ്സ്കോമ്പ് പുറത്താകാതെ 72 റണ്‍സ് നേടി. രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ രണ്ടിന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് സ്വന്തമാക്കി. (സ്കോര്‍: ഓസ്ട്രേലിയ-451, 204/6. ഇന്ത്യ-603/9 ഡിക്ല.)
ഇന്നലെ രണ്ടു വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷയുണര്‍ന്നു. തൊട്ടടുത്തടുത്ത ഓവറുകളില്‍ സ്മിത്തും റെന്‍ഷായും പുറത്താകുകയായിരുന്നു. 15 റണ്‍സെടുത്ത റെന്‍ഷായെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്‍സെടുത്ത സ്മിത്തിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
ഇതോടെ ഓസ്ട്രേലിയ 4ന് 63 എന്ന നിലയില്‍ തകര്‍ന്നു. ഇൗ ഘട്ടത്തിലാണ് ഷോണ്‍മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ്കോംപും ക്രീസില്‍ ഒരുമിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ക്ഷമയോടെ ബാറ്റ് ചെയ്ത അവര്‍ സമനില ലക്ഷ്യമിട്ടാണ് കളിച്ചത്. ഇരവരും ചേര്‍ന്ന് 62.1 ഓവറില്‍ നേടിയത് വെറും 124 റണ്‍സ്. ഒടുവില്‍ സ്കോര്‍ 187-ല്‍ എത്തിയപ്പോള്‍ 197 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ജഡേജ വിജയിന്റെ കൈകളിലെത്തിച്ചപ്പോഴേക്കും കളി സമനിലയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മൂന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ചുറി നേടിയ മാക്സ്വെല്ലിനെ അശ്വിന് മടക്കി. എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ നിന്ന ഹാന്‍ഡ്സ്കോംപും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വെയ്ഡും ചേര്‍ന്ന് ടീമിനെ സമനിലയിലെത്തിച്ചു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ ടെസ്റ്റ് ജയിച്ച് 1-1 എന്ന നിലയിലാണ്. നാലാം ടെസ്റ്റ് മാര്‍ച്ച് 25 മുതല്‍ ധര്‍മ്മശാലയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: