തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കും എ.കെ.ആന്റണിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്. നേതൃത്വമേറ്റെടുത്തു മുന്നില്‍നിന്നു നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ഗാന്ധി ഒഴിയണമെന്നും ആന്റണി മൗനിബാബയാണെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്. മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പടനയിക്കേണ്ടവര്‍ പകച്ചുനില്‍ക്കുകയാണ്. രാജ്യം മുഴുവന്‍ പടര്‍ന്നുപന്തലിച്ചിരുന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേരുകള്‍ അറ്റുപോവുന്നത് രാഹുല്‍ഗാന്ധി കണ്ണ് തുറന്നുകാണണം. കെപിസിസിക്ക് നാഥന് ഇല്ലാതായിട്ട് രണ്ടാഴ്ചയായി. ജനപക്ഷത്തുനിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശബ്ദതയിലാണ്. രാജ്യത്തും സംസ്ഥാനത്തും ഉരുകിത്തീരുന്നത് ലാഘവത്തോടെ കണ്ടുനില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള് വീണവായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുകയാണ്.
കെഎസ്യുവിനെ മൂന്നു തെരഞ്ഞെടുപ്പുകളില്‍ കൂടി ഒരു സഹകരണ സംഘമാക്കി മാറ്റി. എന്‍എസ് യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പര്‍ഷിപ്പുകളുടെ എണ്ണത്തില്‍ 80 ശതമാനവും അധികാരം പിടിക്കാന്‍ ഉണ്ടാക്കിയ വ്യാജ മെമ്പര്‍ഷിപ്പുകള്‍ മാത്രമാണ്. പുതിയ നേതൃത്വം വരുന്നതില്‍ ഒരു എതിര്‍പ്പുമില്ല. പുതുരക്തം കടന്നുവന്നേ മതിയാകൂ. പക്ഷേ ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തെരഞ്ഞെടുപ്പ് പരിഷ്കാരം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. കെഎസ്യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുന്നു. നേതൃത്വവും അനുഭവ പരിചയവും രാഷ്ട്രീയ ബോധമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാര്‍ ചേര്‍ന്ന് പ പരീക്ഷണ വസ്തുവാക്കിയ യൂത്ത് കോണ്‍ഗ്രസിനേയും കെഎസ്യുവിനേയും ആന്റണി കാണുന്നില്ലെന്നും മഹേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: