കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതീഷിനെ ഏല്‍പ്പിച്ചുവെന്ന സുനിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ ഫോണ്‍ കണ്ടെത്താനായില്ല.
ചൊവ്വാഴ്ച രാവിലെ എറണാകുളം പ്രോവിഡന്‍സ് റോഡ് അമൂല്യ സ്ട്രീറ്റിലെ ഓഫീസിലും ആലുവ ചുണങ്ങംവേലിയിലെ വീട്ടിലുമായിരുന്നു റെയ്ഡ്. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷിനെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പോലീസിനോട് പറഞ്ഞത്. അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് സുനിയുടെ വസ്ത്രങ്ങളും സിം കാര്‍ഡുമടങ്ങിയ ബാഗ് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ എവിടെയെന്ന് പ്രതീഷ് വെളിപ്പെടുത്തിയിരുന്നില്ല.
നേരത്തെ രണ്ട് പ്രാവശ്യം മൊഴി നല്കാന് വിളിപ്പിച്ചിരുന്നുവെങ്കിലും സഹകരിക്കാന്‍ പ്രതീഷ് തയ്യറായില്ല. ഫോണിനെക്കുറിച്ചോ ബാഗിനെക്കുറിച്ചോ അറിയില്ലെന്നായിരുന്നു മറുപടി. പ്രതീഷ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട് അപേക്ഷ ബുധനാഴ്ച പരിഗണിക്കും. ഡിവൈഎസ്പി ബാബുകുമാര്‍, ആലുവ സിഐ വിശാല്‍ ജോണ്സണ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10.30 മുതലായിരുന്നു പരിശോധന.
ഫെബ്രുവരി 17ന് രാത്രിയാണ് യുവനടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസില്‍ ഇതുവരെ സുനിയുള്‍പ്പെടെ എട്ടുപേരാണ് പിടിയിലായിട്ടുള്ളത്.
















