ന്യൂദല്‍ഹി: മൂന്നു ടെസ്റ്റുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരായ ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ പരിഹാസം രൂക്ഷമാവുകയാണ്. മുമ്പും ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ ഇരു രാജ്യങ്ങളിലേയും മാധ്യമങ്ങളും മുന്‍ കളിക്കാരും തമ്മിലുള്ള പോരാട്ടത്തിനു കാരണമായിട്ടുണ്ടെങ്കിലും ഇത്തവണ അതിന്റെ തീവ്രത കൂടിയിട്ടുണ്ട്.
ക്രിക്കറ്റ് ലോകത്തെ ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്ലി എന്ന് ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യുയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ തിരിച്ചടിച്ചു. ഓസ്ട്രേലിയന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫായി ഓസീസ് മീഡിയ മാറിയെന്നാണ് ഗാവസ്കര്‍ പറഞ്ഞത്.
ഡിആര്‍എസ് പ്രശ്നത്തില്‍ സ്റ്റീവന്‍ സ്മിത്തുമായി കൊമ്പു കോര്‍ത്തതിനു പിന്നാലെ ഓസീസ് മാധ്യമങ്ങളും മുന്‍ കളിക്കാരും വിരാട് കോഹ്ലിയെ ലക്ഷ്യമിട്ടിരിക്കുകയായിരുന്നു.
കോഹ്ലിയെ ട്രംപ് എന്നു വിളിച്ചത് ഡെയ്ലി ടെലഗ്രാഫാണ്. സ്വന്തം തെറ്റുകള്‍ മറച്ചു വെക്കാന്‍ മാധ്യമങ്ങളെ പഴിക്കുകയാണ് കോഹ്ലി. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു തുല്യനാണ് കോഹ്ലി, എന്നാണ് ടെലഗ്രാഫ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അവഗണിക്കാനാണ് സുനില്‍ ഗാവസ്കറിന്റെ ഉപദേശം. അവര്‍ പറയുന്നതിന് കാര്യമായ പ്രാധാന്യം നല്‍കേണ്ടതില്ല. അവര്‍ ഓസീസ് ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെപ്പോലെയാണ് പെരുമാറുന്നത്. ഗാവസ്കര്‍ പറഞ്ഞു. ഡിആര്‍എസ് പ്രശ്നത്തില്‍ സ്മിത്തിനെതിരെ നടപടി സ്വീകരിക്കാതിരുന്നതിന് ഐസിസിയേയും ഗാവസ്കര്‍ വിമര്‍ശിച്ചു.
പരമ്പരയില്‍ ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം മറ്റു പലതിനും കിട്ടുന്നതില്‍ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ നിരാശ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ടീമിന്റെ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടിനെ ഓസീസ് ടീമംഗങ്ങള്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്മിത്ത് ഇതു നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: