കൊച്ചി: കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പായുന്ന വാഹനങ്ങളുടെ ഹോണ്‍ പരിശോധിക്കാന്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് ഉപകരണമില്ല. ശബ്ദം അളക്കുന്ന ഉപകരണമായ ഡെസിബെല്‍ മീറ്റര്‍ സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ല. ഉപകരണത്തിന്റെ സഹായത്തോടെ തീവ്രത അളക്കാന്‍ കഴിയാത്തതിനാല്‍ ശാസ്ത്രീയമായി വാഹന പരിശോധനകള്‍ക്കും സാധിക്കുന്നില്ല.
കൊച്ചി, തിരുവനന്തപുരം ഉള്‍പ്പടെയുള്ള തിരക്കേറിയ നഗരങ്ങളിലാണ് വിഷയം ഏറെയും ബാധിച്ചിരിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും, നഗര പരിധിയിലും 60 ഡെസിബെല്ലിന് മുകളില്‍ ശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം. വാഹന കമ്പനികളും 55 ഡെസിബെലില്‍ താഴെയുള്ള ഹോണുകളാണ് നിര്‍മിക്കുന്നത്.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കഴിഞ്ഞ് നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളില്‍ പലതും 70 മുതല്‍ 100 ഡെസിബെല്‍ വരെയുള്ള ഹോണുകള്‍ ഘടിപ്പിക്കുന്നുണ്ട്.
നിലവില്‍ എയര്‍ ഹോണുകള്‍ മാത്രമാണ് സാധാരണ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയുന്നത്. മറ്റ് ഹോണുകളുടെ തീവ്രത സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നിഗമനങ്ങള്‍ പരിശോധന വേളയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചില അടിയന്തരഘട്ടങ്ങളില്‍ പോളിടെക്നിക്ക് കോളേജുകളില്‍ ഹോണ്‍ എത്തിച്ച് പരിശോധന നടത്തേണ്ട സ്ഥിതിയാണ്. എന്നാല്‍ റോഡിലെ സ്ഥിരം പരിശോധനകള്‍ക്കിടയില്‍ ഇത്തരം മാര്‍ഗങ്ങള്‍ നടപ്പാക്കാനും കഴിയുന്നില്ല.
നിശ്ചിത ഡെസിബെല്ലിന് മുകളിലുള്ള ഹോണുകള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ പഠനങ്ങളിലും കണ്ടെത്തിയിരുന്നു. ശബ്ദ മലിനീകരണത്തെപ്പറ്റിയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നോ ഹോണ്‍ ഡേ വരെ ആചരിക്കുമ്പോഴും ഇവയുടെ അനിയന്ത്രിത ഉപയോഗം തടയാന്‍ വേണ്ട നടപടികള്‍ ഇനിയും വൈകുകയാണ്.
















