2040ഓടെ ലോകത്തെ നാലിലൊന്ന് കുട്ടികളും കടുത്ത ജലദൗര്‍ലഭ്യത്തിന്റെ പിടിയിലാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്. രണ്ടു ദശാബ്ദത്തിനുളളില്‍ 600ദശലക്ഷം കുട്ടികള്‍ രൂക്ഷജലക്ഷാമ ബാധിത പ്രദേശങ്ങളിലാകും ജീവിക്കുകയെന്നാണ് ലോക ജലദിനത്തോടനുബന്ധിച്ച് യുണിസെഫ് പുറത്തു വിട്ട ഗവേഷണഫലം പറയുന്നത്.
എത്യോപ്യ, നൈജീരിയ, സൊമാലിയ, ദക്ഷിണ സുഡാന്, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ കടുത്ത വരള്‍ച്ചയിലും ജലക്ഷാമത്തിലും പൊറുതിമുട്ടുകയാണ്. എത്യോപ്യയില്‍ മാത്രം 9 ദശലക്ഷം ജനങ്ങള്‍ക്ക് കുടിവെളളമില്ലാതാകും. 1.4ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവു കൊണ്ടുമാത്രം ദക്ഷിണ സുഡാന്, നൈജീരിയ, സൊമാലിയ, യെമന്‍ എന്നിവിടങ്ങളില്‍ മരിക്കുന്നു.
വ്യാവസായികവത്കരണവും ജനസംഖ്യാ വര്‍ദ്ധനവും തെക്കനേഷ്യന്‍ ഭാഗങ്ങളിലും ഗള്‍ഫ് നാടുകളിലും ജല ഉപഭോഗത്തിന്റെ തോത് വല്ലാതെ ഉയര്‍ത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ 36 രാജ്യങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്ടര്‍ എയ്ഡ് എന്ന സംഘടനയുടെ സര്‍വ്വേ പ്രകാരം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ 63 ദശലക്ഷം ജനങ്ങളാണ് ശുദ്ധജലമില്ലാതെ ജീവിക്കുന്നത്.
പാപ്പുവ ന്യൂ ഗിനിയ, മഡഗാസ്കര്‍, മൊസാമ്പിക് തുടങ്ങിയ രാജ്യങ്ങളും ഗ്രാമീണ ജലലഭ്യതയില്‍ പിന്നിലാണ്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 2000-ല്‍ ഇവിടുത്തെ ഗ്രാമീണ മേഖലയിലെ ശുദ്ധജലലഭ്യത 51.6 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോഴത് 94 ശതമാനമാക്കി ഉയര്‍ത്താന്‍ അവര്‍ക്കു സാധിച്ചിരിക്കുന്നു.
”അടിസ്ഥാന സൗകര്യവികസനങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങള്‍ പാര്ശ്വവത്കരിക്കപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.”- വാട്ടര്‍ എയ്ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ബാര്‍ബറ ഫ്രോസ്റ്റ് പറയുന്നു.
ആഗോളജലലഭ്യതയില് സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ലോകനേതാക്കളുടെ സഹായം തേടാനൊരുങ്ങുകയാണ് വാട്ടര്‍ എയ്ഡ്.
(കടപ്പാട്: ദ ഗാര്ഡിയന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: