കോഴിക്കോട്: ജനസംഘവും ആര്‍എസ്എസും അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പ് പേരിന് മാത്രമായിരുന്നെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള രചിച്ച അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ മുതലാണ് കോണ്‍ഗ്രസിന്റെ അപചയം ആരംഭിച്ചതെന്നും എം.ജി.എസ്. പറഞ്ഞു.
മൗലികാവകാശങ്ങളുടെ പോരാട്ടത്തിന് വളരെ കുറച്ചാളുകളേ ഉണ്ടാകുകയുള്ളുവെങ്കിലും ആ പങ്കാളിത്തം വിജയം കാണുമെന്ന് എം. പി. വീരേന്ദ്രകുമാര്‍ എംപി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പഴയ തലമുറ ചെയ്ത കാര്യങ്ങള്‍ പുതുതലമുറകള്‍ അറിയണം. അതിന് ഇത്തരം പുസ്തകങ്ങള്‍ക്ക് സാധിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഡോ. എം.ജി.എസ്. നാരായണന്‍ പുസ്തകം ഡോ. കെ.വി. തോമസിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കെ.പി. സുധീര, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഈ പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അടിയന്താരവസ്ഥയില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് നല്‍കുമെന്നും ഗ്രന്ഥകാരന്‍ പറഞ്ഞു. അഡ്വ. ശ്രീധരന്‍പിള്ള രചിച്ച 72-ാമത്തെ പുസ്തകമാണിത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.
















