കൊച്ചി: കേരളത്തെ മദ്യത്തില്‍ മുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയം പിന്‍വലിക്കുന്നതുവരെ ശക്തമായ സമരം നടത്തുമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി വിധിയെ പരിഹസിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. മദ്യനയത്തെ എതിര്‍ക്കുന്നവരെ അധിക്ഷേപിച്ച് പിന്‍മാറ്റാന്‍ നോക്കേണ്ട. കെസിബിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാര്‍ നയത്തെ സൂസപാക്യം രൂക്ഷമായി വിമര്‍ശിച്ചത്.
മദ്യനയത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലേക്ക് വിശുദ്ധ കുര്‍ബാനയെയും അതിനുപയോഗിക്കുന്ന വീഞ്ഞിനെയും വലിച്ചിഴയ്‌ക്കരുത്. ഒരു സമൂഹത്തിന്റെ വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്ത് നിശബ്ദരാക്കാന്‍ നോക്കരുത്. ഉത്തരവാദപ്പെട്ടവരുടെ പിന്തുണയോടെ മദ്യലോബികളാണ് ഇതിന് ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍കൊണ്ട് മദ്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് സഭയെ പിന്തിരിപ്പിക്കാനാവില്ല.
നക്ഷത്ര ഹോട്ടലില്‍ കള്ളുവിറ്റാല്‍ സംസ്ഥാനത്ത് മദ്യ ദുരന്തമുണ്ടാകും. പുതിയ മദ്യനയം പൂര്‍ണമായും പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം. മദ്യത്തിന്റെ വിപത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് സമരം നടത്തും. ഇതേക്കുറിച്ച് ആലോചിക്കാനായി 15ന് ഉച്ചയ്‌ക്ക് 1.30ന് പാലാരിവട്ടത്തുള്ള കെസിബിസി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും.
ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തുച്ചേരില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: