ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയിലെ ചര്‍ച്ചകളും വിലയിരുത്തലുകളും പ്രഖ്യാപനങ്ങളും മാറുന്ന ഇന്ത്യയുടെ പ്രതീക്ഷാനിര്‍ഭരമായ മുഖം വരച്ചുകാട്ടുന്നതായി. കോയമ്പത്തൂര്‍ എട്ടിമട അമൃത വിദ്യാലയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന പ്രതിനിധി സഭ വര്‍ത്തമാനകാലത്ത് ഉയരുന്ന വെല്ലുവിളികള്‍ക്കുനേരെ വിരല്‍ചൂണ്ടുകയും, രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടതായ മുന്നൊരുക്കങ്ങള്‍ അക്കമിട്ടു നിരത്തുകയും ചെയ്തു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ അഭിനന്ദിച്ച പ്രതിനിധിസഭ, അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ധീരമാണെന്ന് വിശേഷിപ്പിച്ചു. ഭാരതത്തെ തകര്‍ക്കുവാന്‍ ലക്ഷ്യമിട്ട് മതഭീകരര്‍ക്കും മറ്റ് വിധ്വംസകശക്തികള്‍ക്കും താവളമൊരുക്കുന്ന പാക്കിസ്ഥാനെ പ്രതിനിധിസഭ നിശിതമായി വിമര്‍ശിക്കുകയും, ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെ പൂര്‍ണമായി ന്യായീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെതിരായ വ്യക്തമായ സന്ദേശമാണിതെന്നു കൂട്ടിച്ചേര്‍ത്തതും ഈ ദിശയില്‍ കൂടുതല്‍ തീരുമാനങ്ങളും നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും എന്നുറപ്പാണ്.
മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ ബംഗാളിലെ ഹിന്ദുസമൂഹം ഇസ്ലാമിക ജിഹാദികളില്‍നിന്ന് നേരിടുന്ന അക്രമങ്ങളെ അപലപിച്ച പ്രതിനിധിസഭ, ആ സംസ്ഥാനത്തെ ഹിന്ദുസമൂഹം അരക്ഷിതാവസ്ഥയിലാണെന്നുംചൂണ്ടിക്കാട്ടുന്നു. മുസ്ലിം വോട്ടുബാങ്ക് ഉറപ്പിക്കാന്‍ ഏതറ്റംവരെ പോകാനും മടിക്കാത്ത മുഖ്യമന്ത്രി മമത, മാള്ഡയുള്പ്പെടെയുള്ള അതിര്‍ത്തി ജില്ലകളില്‍ സമാന്തര ഭരണം നടത്തുന്ന അക്രമികളെ മതത്തിന്റെ പേരില്‍ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണ്. പോലീസ്സ്റ്റേഷനടക്കം അക്രമികള്‍ തീയിട്ട് നശിപ്പിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. മൂന്നുവര്‍ഷമായി നടക്കുന്ന അക്രമങ്ങള്‍ ഇപ്പോള്‍ വ്യാപകമായിരിക്കുന്നു. ജൂലാഗഢില്‍ 200 വീടുകള്‍ അഗ്നിക്കിരയാക്കിയതും, അക്രമത്തിനിരയാവുന്നത് പിന്നാക്ക-ദൡത് വിഭാഗങ്ങളാണെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവയ്ക്കുന്ന ബംഗാളിലെ അതിക്രമങ്ങള്‍ പൊതുചര്ച്ചയാവാന് പ്രതിനിധിസഭാ നിലപാടുകള്‍ ഇടയാക്കും. രാജ്യത്തെ ആര്‍എസ്എസ് ശാഖകളുടെ എണ്ണം അമ്പതിനായിരത്തിലധികമായി വര്‍ധിച്ചുവെന്നും, ഏതെങ്കിലും തരത്തിലുള്ള സംഘടനാപ്രവര്‍ത്തനമുള്ള ഇടങ്ങള്എണ്പതിനായിരം കടന്നുവെന്നും പ്രതിനിധിസഭയില്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ഇതുപോലൊരു വളര്‍ച്ച ലോകത്തെ ഒരു സംഘടനക്കും അവകാശപ്പെടാനാവില്ല. പല സംഘടനകളും അടിക്കടി പിളര്‍ന്നും അണികള്‍ കൊഴിഞ്ഞുപോയും അനുദിനം ക്ഷയിക്കുകയും നിര്‍ജീവമാവുകയും ചെയ്യുമ്പോഴാണ് ആര്‍എസ്എസ് അസൂയാവഹമായ വളര്‍ച്ച കൈവരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ തടയാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അത്തരം നീക്കങ്ങള്‍ ഭരണഘടനാവിരുദ്ധവും ജനതാല്പര്യത്തിന് എതിരാണെന്നും മുന്നറിയിപ്പ് നല്കിയ സഹസര്‍കാര്യവാഹ് ഇങ്ങനെയൊരു നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.
സംഘപ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഒന്നരലക്ഷത്തോളം സേവാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നതും, ഏഴ് വര്‍ഷത്തിനുള്ളില്‍ പതിനാറായിരത്തിലധികം സേവാസംരംഭങ്ങള്‍ ആരംഭിച്ചുവെന്നതും അഭിമാനകരമാണ്. ആര്‍എസ്എസ് പാരാമിലിട്ടറി സംഘടനയാണെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. ദുഃഖദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയല്ല, സാധ്യമായ രീതിയില്‍ അവരുടെ കണ്ണീരൊപ്പുകയാണ് വേണ്ടതെന്ന സന്ദേശമാണ് ആര്‍എസ്എസ് ഇതിലൂടെ നല്‍കുന്നത്.
ജാതീയതയും തൊട്ടുകൂടായ്മയും അവസാനിപ്പിക്കണമെന്നും, എല്ലാവര്ക്കും തുല്യത എന്ന ഭരണഘടനാ തത്വം നടപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും ആഹ്വാനം ചെയ്താണ് പ്രതിനിധിസഭ സമാപിച്ചത്. ജാതീയതക്കെതിരെ ശക്തമായ പ്രവര്‍ത്തനം ആര്‍എസ്എസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം. കുളങ്ങളും കിണറുകളും അനുവദിക്കുന്നതിന് ചിലയിടങ്ങളിലെ ജാതീയമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കണമെന്നും, എല്ലാ വിഭാഗക്കാര്‍ക്കും ശ്മശാന സൗകര്യമുണ്ടാവണമെന്നും ആവശ്യപ്പെട്ട്, അടുത്ത തലമുറയുടെ ജീവിതത്തില്‍ ജാതിക്കും തൊട്ടുകൂടായ്മക്കും ഇടമുണ്ടാവരുതെന്നുമുള്ള സഹസര്കാര്യവാഹിന്റെ വാക്കുകള്‍ കാലം കാതോര്‍ക്കുന്നതാണ്.
‘അസ്പൃശ്യത പാപമല്ലെങ്കില്‍ മറ്റൊന്നും പാപമായിട്ടില്ല’ എന്ന് പ്രഖ്യാപിക്കാന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ധീരത കാണിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസ്. ജാതിയും മതവുമൊന്നുമില്ലെന്ന് നടിക്കുകയും തന്ത്രപരമായി ജാതിക്കളി നടത്തുകയും ചെയ്യുന്ന വ്യക്തികളും സംഘടനകളും അരങ്ങുവാഴുമ്പോള്‍ ആര്‍എസ്എസ് പ്രതിനിധിസഭയുടെ ആഹ്വാനം വിപ്ലവകരമാണ്. പ്രബുദ്ധതയുടെയും പുരോഗമനത്തിന്റെയും മുഖംമൂടിയണിഞ്ഞ കേരളീയ സമൂഹത്തിന്റെ ചികിത്സക്കുള്ള സിദ്ധൗഷധവുമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: