തൃശൂര്‍: ലക്കിടി ജവഹര്‍ ലോ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതില്‍ പഴയന്നൂര്‍ എ.എസ്.ഐക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍. പ്രാഥമിക പരിശോധനയില്‍ സംഭവത്തില്‍ എ.എസ്.ഐയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് എസ്.പി. എന്‍.വിജയകുമാര്‍ അറിയിച്ചു.
എ.എസ്.ഐക്കെതിരെ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. എ.എസ്.ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി മൂന്നിന് നല്കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര് ഇട്ടത് ഫെബ്രുവരി 27നായിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയും. പഴയന്നൂര്‍ എ.എസ്.ഐ ജ്ഞാനശേഖരനാണ് എഫ്.ഐ.ആര് തയ്യാറാക്കിയത്. എഫ്.ഐ.ഐര് തയ്യാറാക്കിയപ്പോള്‍ ജാമ്യം ലഭിക്കാവുന്ന 341, 323, 506 എന്നീ മൂന്ന് വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ഇതനുസരിച്ചായിരുന്നു കൃഷ്ണദാസിനും മറ്റുള്ളവര്‍ക്കും പൊലീസ് നോട്ടീസ് നല്കിയിരുന്നതും. പിന്നീട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതോടെയായിരുന്നു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.
പൊലീസിന്റെ തിരക്കിട്ട അറസ്റ്റ് നടപടികള്‍ ഏറെ വിവാദമായിരുന്നു. ജിഷ്ണുകേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മ ഡി.ജി.പി ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമായിരുന്നു അറസ്റ്റ്. വാണിയംകുളത്തെ പി.കെ.ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ നോട്ടീസ് നല്‍കിയതനുസരിച്ച് ചോദ്യം ചെയ്യലിനെത്തുകയായിരുന്നുവെന്നും കേസിനോട് സഹകരിക്കുന്നയാളാണെന്നുമാണ് കൃഷ്ണദാസ് അടക്കമുള്ളവരുടെ വാദം.
എഫ്.ഐ.ആറിനെ പരാമര്‍ശിച്ച് തന്നെയായിരുന്നു ഹൈക്കോടതിയും പൊലീസിനെതിരെ കടന്നാക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആര് ഇട്ടതില്‍ വീഴ്ചയുണ്ടായെന്ന് ബുധനാഴ്ച കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഷഹീറിന്റെ പരാതിയിലും മൊഴിയിലും തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ തെളിവുകളുണ്ടെന്നിരിക്കെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തി എഫ്.ഐ.ആര് ഇട്ടത് വീഴ്ച തന്നെയെന്നാണ് വിലയിരുത്തല്‍. നേരത്തെ പാമ്പാടി കോളേജില്‍ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയിലും അന്വേഷണം അട്ടിമറിച്ചതിലും, തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കിയതിലും ജ്ഞാനശേഖരന് ആരോപണ വിധേയനാണ്.
ജിഷ്ണുവിന്റെ അമ്മ മഹിജ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിലും ജ്ഞാനശേഖരനെതിരെ പരാതിയുണ്ടായിരുന്നു. ജിഷ്ണു കേസില്‍ വിമര്‍ശവും ആരോപണവും നിലനില്‍ക്കെ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയുണ്ടായതില്‍ മുഖ്യമന്ത്രിയും ഡി.ജി.പിയെ അതൃപ്തിയറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: