കൊല്ലം: ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസിനോട് താന്‍ വിടചൊല്ലുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര്.മഹേഷ്. രാജിക്കത്ത് അഖിലേന്ത്യാ നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മഹേഷ് പറഞ്ഞു.
ആന്റണി മൗനി ബാബയാണെന്നും രാഹുല്‍ സ്ഥാനമൊഴിയണമെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട മഹേഷിനെ ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
താന്‍ ആര്‍എസ്എസുകാരനാണെന്നും സംഘപരിവാര്‍ ഏജന്റാണെന്നുമുള്ള പി.സി. വിഷ്ണുനാഥിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും ആരോപണങ്ങള്‍ പരിഹാസ്യമാണ്. അഭിപ്രായം തുറന്നുപറഞ്ഞാല്‍ അതിനെ ആത്മവിമര്‍ശനമായി എടുക്കാതെ, തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് കോണ്‍ഗ്രസിലെ സീറ്റ് മോഹികളാണ്. ഇവര്‍ തന്നെയാണ് തന്നെ കരുനാഗപ്പള്ളി സീറ്റില്‍ മത്സരിച്ചപ്പോള്‍ തോല്‍പ്പിച്ചതും.
അന്നുതന്നെ എ.കെ.ആന്റണിയോട് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും പോക്ക് ശരിയല്ലെന്നും പറഞ്ഞിരുന്നു. പരസ്യമായി മൈക്കിലൂടെയാണ് സമിതിയില്‍ ഇത് പറഞ്ഞത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നവീകരിക്കാതെയും തിരുത്താതെയുമാണ് നിലവിലെ പോക്ക്. താന്‍ ഇനി സജീവരാഷ്ട്രീയത്തിലേക്ക് തല്ക്കാലം ഇല്ല. കോണ്‍ഗ്രസുകാരനായി നിലകൊള്ളും. വോട്ടും ചെയ്യും. ബിജെപിക്ക് ബദലായി രാജ്യത്ത് ആകെയുള്ളത് കോണ്‍ഗ്രസ് മാത്രമാണ്. ആ കോണ്‍ഗ്രസ് മരിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുമെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: