മുന്‍പുപറഞ്ഞതുപോലെ വൈയ്യക്തിക ജീവിതത്തില്‍ എല്ലാകാലത്തും മാനവസമൂഹത്തിനുള്ളില്‍ ചിലര്‍ക്കിടയില്‍ കാണുന്ന ദുര്‍ഗുണങ്ങള്‍ ഇവിടെവന്നെത്തിയ ഇംഗ്ലീഷുകാര്‍ക്കുമുണ്ടായിരുന്നു. അതു കണ്ടിട്ടാണല്ലൊ നാം അവരെ അധര്‍മികള്‍ എന്നു മുദ്രകുത്തിയത്.
പാളയത്തിനുള്ളില്‍ കുടിച്ചുകൂത്താടി ലക്കും ലഗാനുമില്ലാതെ അവരും കലഹിച്ചിട്ടുണ്ട്. പരസ്പരം ബൈനട്ടുകൊണ്ട് കുത്തിമുറിവേല്‍പ്പിച്ചിട്ടുണ്ട്- വെടിവച്ച് കൊന്നിട്ടുണ്ട്-പരസ്പരം അപമാനിച്ചിട്ടുണ്ട്. അതിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ചിലരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്തരം ശിക്ഷാനടപടികളില്‍ അപമാനിതരായി സ്വന്തം സമൂഹംവിട്ട് മറ്റൊരു പാളയത്തില്‍ ചെന്ന ഉദാഹരണങ്ങള്‍ ഇല്ല.ഇവിടെ പോര്‍ത്തുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിങ്ങനെ നാലു പാശ്ചാത്യശക്തികള്‍ പയറ്റിക്കൊണ്ടിരുന്നെങ്കിലും ഒരു കൂട്ടര് മറ്റൊരു കൂട്ടരുടെ കൂടെ ചേര്‍ന്നതായി ചരിത്രം പറയുന്നില്ല.
പണം, പദവി, പ്രശസ്തി, രാജ്യം, അവകാശം, അധികാരം എന്നിവയായി യാതൊരു ബന്ധവുമില്ലാത്ത വെറും നായാട്ടുവേളയില്‍ കാട്ടുപന്നിയെ കൊന്നത് ‘നിന്റെ കുന്തമോ എന്റെ കുന്തമോ’ എന്ന നിസ്സാരമായ തര്‍ക്കത്തില്‍ സന്തുലനം തെറ്റി സ്വന്തം ജ്യേഷ്ഠനായ പ്രതാപസിംഹനേയും രജപുത്രസമൂഹത്തേയും കൈവെടിഞ്ഞ് കാട്ടുപന്നിപോലെതന്നെ ഇടംവലം നോക്കാതെ നേരെ അക്ബറിന്റെ അടുക്കല്‍ പോകുന്ന ഒരു ശക്തസിംഹനെ നമുക്ക് ഇംഗ്ലീഷുകാരുടെ കൂട്ടത്തില്‍ കാണാന്‍ കഴിയുന്നില്ല.
എങ്കിലും രണജിത്സിംഹനെപ്പോലുള്ള ഭാരതീയ രാജാക്കന്മാരുടെ സൈന്യത്തിന് പാശ്ചാത്യസൈനിക പരിശീലനം കൊടുക്കാന്‍ ഉദ്യോഗം സ്വീകരിച്ചു പ്രവര്‍ത്തിച്ച പാശ്ചാത്യരെ കാണാന്‍ കഴിയുന്നുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ രാജാവ് യുദ്ധത്തില്‍ തോല്പിച്ച ഡച്ചുകാരനായ ദില്‍ ഇനോയിയെ നാട്ടുപട്ടാളത്തിന് പാശ്ചാത്യപരിശീലനം കൊടുക്കാന്‍ ഉദ്യോഗത്തിനു നിര്‍ത്തിയ ഉദാഹരണം കേരളത്തിലുമുണ്ട്.എന്നാല്‍ ഇത്തരം നിയമനങ്ങളില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ദില്‍ ഇനോയ് അടക്കം ഇത്തം എല്ലാ സൈനിക ഉദ്യോഗസ്ഥന്മാരുടെ രേഖാമൂലമുള്ള ഒരു ഉപാധിയായിരുന്നു ‘എന്റെ രാജ്യത്തിനും നാട്ടുകാര്‍ക്കുമെതിരെ യുദ്ധമുണ്ടായാല്‍ ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യില്ല’ എന്ന്. ഇതാണ് സമഷ്ടിധര്‍മം അഥവാ ദേശധര്‍മം.
ശക്തസിംഹന്മാര്‍ക്കും സംഭാജിമാര്‍ക്കും അത് അജ്ഞാതമായിരുന്നു.ഇനി നമുക്ക് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ രണജിത്സിംഹന്റെ സാമ്രാജ്യത്തിന്റെ ഗതിവിഗതികളെക്കുറിച്ച് നോക്കാം. അതിപ്രബലമായ രാജ്യമായിരുന്നു രണജിത്സിംഹന്റെത്. അദ്ദേഹം ജീവിച്ചിരിക്കെ പാശ്ചാത്യശക്തികള്‍ക്ക് അവിടെ കാലുകുത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. അന്ന് അത്യാധുനികമായ പാശ്ചാത്യരീതിയില്‍, ഫ്രഞ്ചുകാര്‍ പരിശീലനം കൊടുത്ത മികവുറ്റ സൈന്യമായിരുന്നു അദ്ദേഹത്തിന്റേത്. 82000 ആയിരുന്നു അതിന്റെ സംഖ്യാബലം. രണ്ടരകോടി രൂപയായിരുന്നു പ്രതിവര്‍ഷം വരവ്.
പന്ത്രണ്ടുകോടി രൂപ ഖജനാവില്‍ നിക്ഷേപമുണ്ടായിരുന്നു. ഇനിയെന്തുവേണം സാമ്രാജ്യത്തിന്റെ അഭിവൃദ്ധിക്ക്?എന്നാല്‍ രണജിത്സിംഹന്‍ മരിച്ചുകഴിഞ്ഞ് ഒരു ദശകം തികയുന്നതിന് മുന്‍പ് ആ ഹൈന്ദവസാമ്രാജ്യം നാമാവശേഷമായി! അതിനു കാരണം ദല്‍ഹൗസിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലെ ഒരു വരി വെളിപ്പെടുത്തുന്നുണ്ട്. ‘ഏറെ വൈകാതെ സിക്കുകാര്‍ അവരുടെ ദിവാന്‍ജിയെ കൊല്ലും. അതില്‍ പിന്നെ തമ്മില്‍ തമ്മില്‍ കൊല ചെയ്യും. -രണജിത് സിംഹന് മരിച്ചുകഴിഞ്ഞ് ഏറെ കഴിയും മുന്‍പ് സേനാധിപന്മാര് ദിവാന്ജിയെയും രണ്‍ജിത്സിംഹന്റെ ഭാര്യയായ ജിന്ദന്‍കൗര്‍റാണിയേയും ശല്യപ്പെടുത്തി തുടങ്ങി.
അവസരം പാഴാക്കാതെ റാണിയെ ഇംഗ്ലീഷുകാര്‍ തടവിലാക്കി കാശിയില്‍ കൊണ്ടുപോയി-നേതൃത്വഹീനമായ ആ രാജ്യം വലിയൊരു യുദ്ധം കൂടാതെ തന്നെ അവരുടെ സാമ്രാജ്യത്തില്‍ കൂട്ടിച്ചേര്‍ത്തു-ഇംഗ്ലീഷുകാരുമായി തട്ടിച്ചുനോക്കുമ്പോള്‍ സിക്കുകാര്‍ക്ക് മുന്‍പ് ഗുരുഗോവിന്ദസിംഹന്റെയും അര്‍ജുനസിംഹന്റെയും കാലഘട്ടങ്ങളിലുണ്ടായിരുന്ന സാമൂഹിക ദൗത്യവും സംഘബോധവും ഇല്ലായിരുന്നു. ഇടയ്ക്കുള്ള വെള്ളക്കുമ്മായം ഉണങ്ങിവരണ്ടു പൊടിഞ്ഞതുകാരണം അടര്‍ന്നുവീഴാന്‍ ഒരുങ്ങിനില്ക്കുന്ന കോട്ടമതിലിലെ കരിങ്കല്ലുകള്‍പോലെയായിരുന്നു അവരുടെ നിന്ദ്യമായ നില.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: