പത്തനംതിട്ട: ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കുറെക്കാലമായി കാണുന്നതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
കുടുംബഭദ്രതയേയും സമൂഹത്തിന്റെ സമാധാനത്തേയും ഉലയ്ക്കുന്ന ഭയാനകമായ നിലയിലേക്ക് ലഹരി ഉപയോഗം മാറുന്നു. നമ്മുടെ യുവജനങ്ങളില്‍ അധികപങ്കും ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ലഹരിയുടെ പിടിയിലമരുന്നു.ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കള്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം ചെറുതായിരിക്കില്ല.
ലഹരിക്കായി മയക്കുമരുന്നുകള്‍ കുത്തി വയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന സിറിഞ്ച് സൂചി എന്നിവയിലൂടെ എയ്ഡ്സ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളാണ് പകരുന്നത്.
ജില്ലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നിമിത്തം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുകയില, നിക്കോട്ടിന്, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്.
ലഹരിക്ക് ശീലം, ആസക്തി, സഹനശേഷി, അടിമത്തം ഇങ്ങിനെ പല ഘട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കു സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്, വ്യാകുലത, തലവേദന, ഛര്‍ദ്ദി, അമിത രക്ത സമ്മര്‍ദം എന്നിങ്ങനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേ, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ആഹാരം കഴിക്കാത്തതുമൂലം ശരിക്കും അനാരോഗ്യവാനാകുന്നു.
രോഗ പ്രതിരോധ ശക്തി കുറയുന്നതുകൊണ്ട് പല രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: