പത്തനംതിട്ട: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ആരോഗ്യവകുപ്പിന്റെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ഫലം കണ്ടില്ല. പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയുമാണ് ജില്ലയ്ക്ക് ‘ഭീഷണിയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നിരവധിപേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. 24 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് സംശയം. ഇവരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട, റാന്നി, ചിറ്റാര്‍, മലയാലപ്പുഴ, ഓതറ, വല്ലന, കടമ്മനിട്ട, ഇലന്തൂര്‍, ചെറുകോല്‍, മെഴുവേലി, മല്ലപ്പുഴശേരി, പ്രമാടം, കഞ്ഞേറ്റുകര, തുമ്പമണ്‍, തോട്ടപ്പുഴശേരി, തെള്ളിയൂര്‍, തണ്ണിത്തോട്, മൈലപ്ര, കൂടല്‍, ചന്ദനപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കി ബാധിതര്‍ കൂടുതലായുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്ക് പരിമിതികളുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ‘ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ കണക്ക് ആരോഗ്യ വകുപ്പിന് ലഭ്യവുമല്ല.
തിരുവല്ലയില്‍ വൈറല്‍ പനി വ്യാപകമാകുകയാണ്. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം, നിരണം, കടപ്ര, കുറ്റപ്പുഴ പിഎച്ച്സികള്‍ എന്നിവിടങ്ങളില്‍ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
ഡെങ്കിയടക്കം കൊതുക് പരത്തുന്ന രോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വിലയിരുത്തി വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യവകുപ്പ് വീഴ്ചവരുത്തി.
റാന്നി, കോന്നി, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പനിബാധിച്ച് ചികിത്സക്ക് എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പകര്‍ച്ച പനി കൂടുതല്‍ ‘ഭാഗങ്ങളിലേക്ക് പകരാതിരിക്കാന്‍ ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് അധികൃതരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: