പനാജി: വടക്കുകിഴക്കിന്റെ പ്രതിനിധികളായ മിസോറാമിനെ സഡന്‍ ഡത്തില്‍ കീഴടക്കി മുന്‍ ചാമ്പ്യന്മാരായ ബംഗാള്‍ ഫൈനലില്‍. മുഴുവന്‍ സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്കും പിന്നീട് സഡന്‍ ഡെത്തിലേക്കും നീണ്ടത്. 2011നുശേഷം ആദ്യമായാണ് ബംഗാള്‍ ഫൈനലില്‍ എത്തുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 44-ാം തവണയാണ് ബംഗാള്‍ ഫൈനലില്‍ കളിക്കുന്നത്. 31 തവണ കിരീടം ചൂടിയ അവര്‍ 12 തവണ റണ്ണേഴ്സായി.
ട്രൈബ്രേക്കറില്‍ ഇരു ടീമുകളും അഞ്ചില്‍ നാലെണ്ണം വീതം വലയിലെത്തിച്ചതോടെ അവിടെയും സമനില. മിസോറാമിനുവേണ്ടി ലാല്‍ റമാവിയ, സോട്ടിയ, അപ്പുയ, ലാല്‍ റിഞ്ചന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അവരുടെ ഗോളി കൂടിയായ ലാല്‍ മുനയയുടെ ഷോട്ട് ബംഗാള്‍ ഗോളി ശങ്കര്‍ റോയ് ഉജ്ജ്വലമായി തടുത്തിട്ടു. ബംഗാളിനു വേണ്ടി റാണാ ഗരാമി, മന്‍വീര്‍ സിംഗ്, സമദ് അലി മാലിക്, മുംതാസ് അക്തര്‍ എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടപ്പോള്‍ മൊണോട്ടോഷ് ചക്ലാദറിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ട്രൈബ്രേക്കറില്‍ ഇരു ടിമുകളും 4-4 എന്ന തുല്യ നിലയില്‍.
പിന്നീട് കളി സഡന്‍ ഡെത്തിലേക്ക് നീണ്ടു. സഡന്‍ ഡത്തില്‍ ആദ്യം കിക്കെടുത്തത് മിസോറാമിന്റെ വഞ്ചുവാങ്. വഞ്ചുവാങ് പോസ്റ്റിന്റെ വലതു മൂലയിലേക്ക് നിറയൊഴിച്ചപ്പോള്‍ ബംഗാളിന് വേണ്ടി എസ്.കെ. ഫയിസും ലക്ഷ്യം കണ്ടു. സ്കോര്‍: 5-5. തുടര്‍ന്ന് മിസോറാമിനായി അവരുടെ ഏഴാം നമ്പര്‍ താരം ലാല്‍ ബിനാക്കുല തൊടുത്ത ഷോട്ട് ബംഗാള്‍ ഗോളി ശങ്കര്‍ റോയ് വലത്തോട്ട് പറന്ന് തടുത്തിട്ടു. ബംഗാളിനായി അടുത്ത കിക്കെടുക്കാന്‍ എത്തിയത് ബസന്താ സിംഗ്. ബസന്തയുടെ തകര്‍പ്പന്‍ ഷോട്ട് മിസോറാം ഗോളിയെയും കീഴടക്കി വലയില്‍ പതിച്ചതോടെ ബംഗാള്‍ ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും സന്തോഷ് ട്രോഫി ഫൈനലില്‍.
ശരാശരി നിലവാരത്തിലേക്കു മാത്രം ഉയര്‍ന്ന കളിയുടെ ആദ്യ പകുതിയില്‍ ഗോളെന്നുറപ്പിക്കാവുന്ന ഒരു മുന്നേറ്റവും നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. തുടക്കത്തില്‍ ബംഗാളിനായിരുന്നു നേരിയ മുന്‍തൂക്കം. അഞ്ചാം മിനിറ്റില്‍ അവര്‍ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. പത്താം മിനിറ്റില്‍ മിസോറാമിന്റെ ലാലിന്പുയയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം ഗോളി തടുത്തു. തുടര്‍ന്ന് 16-ാം മിനിറ്റിലും ലാലിന് മൈതാനത്തിന്റെ ഇടതു വശത്തുകൂടി മുന്നേറി പന്ത് ഗോള്‍ പോസ്റ്റിലേക്ക് നല്ലൊരു ക്രോസ് നല്‍കിയെങ്കിലും ബംഗാള്‍ പ്രതിരോധം ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. തുടര്‍ന്ന് മിസോറാമിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ഗോളാക്കാന്‍ മിസോറാം പടയ്ക്ക് കഴിഞ്ഞില്ല. ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍.
രണ്ടാം പകുതിയില്‍ ഇരുടീമുകളും കൂടുതല്‍ വീറും വാശിയും മൈതാനത്ത് കാണിച്ചെങ്കിലും മിസോറാമിനായിരുന്നു മുന്‍തൂക്കം. നിരവധി തവണ അവരുടെ മുന്നേറ്റനിര ബംഗാള്‍ ബോക്സില്‍ പന്തെത്തിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മുംതാസ് അക്തറിന്റെയും റൊണാള്‍ഡ് സിംഗിന്റെയും മന്‍വീര്‍ സിംഗിന്റെയും നേതൃത്വത്തില്‍ ബംഗാളും ചില മികച്ച നീക്കങ്ങള്‍ നടത്തി. എന്നാല്‍ മിസോറാമിന്റെയും ബംഗാളിന്റെയും ഗോള്‍കീപ്പര്‍മാര്‍ ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയതോടെ രണ്ടാം പകുതിയും ഗോളില്ലാ സമനിലയില്‍. തുടര്‍ന്ന് കളി അധിക സമയത്തേക്ക്. എന്നിട്ടും വല കുലുക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: