പെരിയ: പുല്ലൂര്‍-പെരിയ, ബേഡകം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് റോഡുകളുടേയും പാലങ്ങളുടേയും ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ പി.കെ സതീശന് പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന സവിശേഷതയുള്ള ആയംകടവു പാലത്തിന്റെ പില്ലറുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിച്ച് പാലം രൂപകല്പന ചെയ്ത ഐഐടിയിലെ എഞ്ചിനീയറായ ഡോ. അരവിന്ദാക്ഷനുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ഒരാഴ്ചക്കകം തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട യോഗം ചേരുമെന്നും ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കി. ആദ്യം കരാറെടുത്തയാള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഏറെനാളത്തെ അനിശ്ചിതത്വത്തിനു ശേഷം മറ്റൊരു കരാറുകാരനെ ഏല്‍പ്പിച്ചാണ് ഒരു മാസം മുമ്പ് പാലം നിര്‍മ്മാണം ആരംഭിച്ചത്. ജോയിന്റുകളില്ലാതെ നിര്‍മ്മിക്കുന്ന ആയംകടവു പാലം. രണ്ടു മലകളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ബേഡകം പഞ്ചായത്തിലെ പെര്‍ളടുക്കത്തെ ആയമ്പാറ- പെരിയ റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ചട്ടഞ്ചാലിലെ ജാസ്മിന് കമ്പനിയാണ് കരാറേറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ ചീഫ് എഞ്ചിനീയര്‍ക്കൊപ്പം ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചീനീയര്‍ പി.വിനീതന്, കാസര്‍ഗോഡ് പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എസ്.രാജന്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സുരേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജീവന് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: