മാ…മാമാ…
കണ്ണീരിന്റെ
ഉള്‍പ്പിരിവുകളില്‍
അമ്മമനസ്സിന്റെ തേങ്ങല്‍
അഭയമില്ലാത്ത
അസ്വസ്ഥതകള്‍
ചിറകടിച്ചുകൊണ്ടേയിരിക്കുന്നു
മാമാ, മാമാ, മാമാ
ദൈവമേ ഞാനെന്തു ചെയ്യും ?
പീഡനകാലത്തിന്റെ വറുതിയില്‍ പൊള്ളിപ്പിടയുന്ന കുരുന്നുകളുടെ നിശ്വാസങ്ങള്‍ സര്‍വതും ഭസ്മമാക്കുകയാണ്. സൗഭഗ സുന്ദര കേരളത്തിന്റെ മനസ്സാക്ഷി നീറിപ്പുകയുമ്പോഴും ഭരണകൂടവും ഔദ്യോഗിക സംവിധാനങ്ങളും നിസ്സംഗതയില്‍ ആണ്ടു കിടക്കുന്നു. എന്താണ് ചെയ്യാനാവുക ? നിയമവും നടപടിക്രമങ്ങളും ഒരുപാടുണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രത്യക നിയമമുണ്ട്. അവര്‍ക്കെതിരെയുള്ള പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പുലര്‍ത്തേണ്ട മര്യാദകളുണ്ട്. കര്‍ക്കശവും കരുതലുള്ളതുമായ ഇത്രയധികം നിയമങ്ങളുണ്ടായിട്ടും ലജ്ജകൊണ്ട് തല കുനിഞ്ഞുപോകുന്ന തരത്തിലാണ് പീഡന വാര്‍ത്തകള്‍ കുമിഞ്ഞുകൂടുന്നത്.
വൈകൃതങ്ങളുടെയും വ്യഥകളുടെയും നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോവുന്ന ചിത്രശലഭങ്ങളെ സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാവര്‍ക്കുമില്ലേ? നിഷ്കളങ്ക ബാല്യങ്ങളുടെ മുഖത്ത് കനല് കോരിയിടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ ഭരണകൂടം മാത്രം ശ്രദ്ധവെച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു. വാത്സല്യത്തിന്റെ പിന്നാമ്പുറത്തെ വിഷഫലങ്ങള്‍ ഭുജിച്ച് തളര്‍ന്നുവീഴുന്നവരുടെ എണ്ണമെടുത്തിട്ട് എന്തു കാര്യം! ഏതായാലും ബാലശാപം കിട്ടിയ സംസ്ഥാനമായി നമ്മുടെ നാട് മാറാതിരിക്കാന്‍, നമ്മുടെ പൊന്നോമനകള്‍ കരിഞ്ഞുണങ്ങാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രതയോടെയിരിക്കാം. പാതിരാവില്‍, പ്രഭാതത്തില്‍, അപരാഹ്നത്തില്‍, സായംസന്ധ്യയില്‍ മാമാ എന്ന നിലവിളികള്‍ കേള്‍ക്കാതിരിക്കട്ടെ. നമുക്ക് ദൈവത്തിന്റെ സ്വന്തം നാട്ടുകാരാവാം.
നാം ജാഗ്രത പുലര്‍ത്തുമ്പോഴും ഔദ്യോഗിക സംവിധാനം എങ്ങനെയാണ് പെരുമാറുന്നതെന്നറിയാന്‍ മാധ്യമം ആഴ്ചപ്പതിപ്പ് (മാര്‍ച്ച് 27) ഒന്ന് തുറന്നുനോക്കുക. തിരുവനന്തപുരത്തെ ഒരു പിഞ്ചുകുഞ്ഞ് നിലവിളിക്കും നിസ്സഹായതക്കും ഇടയില്‍ പെട്ടുപോയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയായ അശ്വതി നായര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെന്ന് ടി. ജുവിന് എഴുതുന്നുണ്ട്. തലക്കെട്ട് ഇങ്ങനെ: ഒരു കൊച്ചുപെണ്‍കുട്ടിക്കും പീഡകനുമിടയില് സമൂഹമെങ്ങനെ നിലകൊണ്ടു? നിലവിളിയെ നിശ്ശബ്ദമാക്കാന്‍ പോരുന്ന ഒരുതരം മാന്യതയും ഭയവും അപമാനവും ഒക്കെച്ചേര്‍ന്ന മ്ലേച്ഛമായ വികാരം സമൂഹത്തില്‍ എവിടെയൊക്കെയോ മുളപൊട്ടി നില്‍പ്പുണ്ട്. സമൂഹത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്ന ഭീതികൊണ്ടോ, കുറച്ചു പിങ്ക് നോട്ടുകളുടെ പ്രലോഭനം കൊണ്ടോ അതുമല്ലെങ്കില്‍ ഔദ്യോഗിക സംവിധാനത്തിന്റെ ഭീഷണമായ ഇടപെടല്‍കൊണ്ടോ പീഡനപര്‍വം ഒന്നുമല്ലാതാവുകയാണ്.
അതിന്റെ ശക്തമായ ഉദാഹരണമാണ് തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണക്കുട്ടിയുടെ അതിദയനീയമായ അവസ്ഥ. ഇവിടെ ദൈവത്തിന്റെ ഇടനിലക്കാരനായ ഒരാള്‍ തന്നെയാണ് പാവം ഏഴു വയസ്സുകാരിയെ പിച്ചിച്ചീന്തിയത്. മാനാപമാനങ്ങളുടെ ലക്ഷ്മണരേഖ കടക്കാനാവാതെ അവളുടെ കുടുംബം എല്ലാം ഒതുക്കിവെച്ചു. കുട്ടിയുടെ മനസ്സില്‍ അമ്മാവന്റെ സ്ഥാനമുള്ളയാളായിരുന്നു പീഡകനായ മണികണ്ഠന്. അസ്വാഭാവിക ഫോണ്‍സംഭാഷണം കേട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ രമേശന്റെ രൂപത്തില്‍ ദൈവം പീഡകനെതിരെ വല വിരിച്ചതിന്റെ സംക്ഷിപ്ത വിവരം ഫീച്ചറിലുണ്ട്. രമേശന് വിവരം സാമൂഹിക പ്രവര്‍ത്തകയായ അശ്വതി നായരെ അറിയിക്കുന്നതോടെ സംഭ്രമജനകവും സംഭവബഹുലവുമായ സ്ഥിതിഗതികളിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ഏതായാലും വിവരണത്തിലേക്ക് പോകുന്നില്ല. കേസിന്റെ പിന്നാലെ പോയി പ്രതിയെ വിലങ്ങുവെപ്പിക്കാന് കഴിഞ്ഞ അശ്വതി നായര്‍ക്ക് ഇപ്പോള്‍ തന്റെ ജന്മം സഫലമായെന്നു തോന്നുന്നുണ്ട്. കാരണം ഔദ്യോഗിക കേന്ദ്രങ്ങള്‍ പോലും നിസ്സംഗത കാണിച്ചപ്പോള്‍ പ്രതിരോധം തീര്‍ത്ത് എല്ലാം ഒരു കരയ്ക്കെത്തിച്ചു അവര്‍. സംഭവത്തെക്കുറിച്ച് നേരിട്ടറിയാന്‍ കുട്ടിയുടെ വീട്ടിലെത്തിയ അശ്വതിയുടെ അനുഭവം നോക്കുക: കുടുംബത്തിന്റെ സ്വകാര്യത മാനിക്കാനായി ഒറ്റയ്ക്കാണ് പോയത്. ചെല്ലുമ്പോള്‍ അമ്മയും മുത്തശ്ശിയുമുണ്ട്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നു.
അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചതിന്റെ ലക്ഷണമൊന്നുമില്ല. രണ്ടും കല്‍പ്പിച്ച് കാര്യം ചോദിച്ചപ്പോള്‍ അമ്മയ്ക്ക് വെപ്രാളം. പുറത്ത് ആരോടും പറയരുതെന്ന് പറഞ്ഞ് കരച്ചില്. ആരെയൊക്കെയോ ഭയപ്പെടുന്നപോലെയുള്ള സംസാരം. മുത്തശ്ശി വിവരം പറയുമ്പോഴേക്കും കുട്ടിയുടെ അമ്മ പ്രതിയുടെ ബന്ധുവിന് ഫോണ്‍ ചെയ്തു കഴിഞ്ഞിരുന്നു. അശ്വതിയോട് സംസാരിക്കണമെന്ന് പറഞ്ഞ അയാള്‍ ആദ്യം ചോദിച്ചത് ഈ പ്രശ്നം ഒതുക്കാന്‍ സഹായിക്കുന്നതിന് എന്ത് തരണം എന്നായിരുന്നു. ഇതില്‍ വാസ്തവത്തില്‍ അത്ഭുതമില്ല.
ഏതു പ്രതിയുടെ ബന്ധുവും ഇങ്ങനെയേ പറയൂ. എന്നാല്‍ കേസിന്റെ കാര്യത്തിനായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോഴുള്ള കഥയോ? അതിതാ: ഉരുട്ടിക്കൊല അടക്കമുള്ള ക്രൂരതയ്ക്ക് പേരുകേട്ട ഫോര്‍ട്ട് സ്റ്റേഷനിലാണ് പോയത്. രാവിലെ 11 മണിക്ക് അവിടെയെത്തിയ അശ്വതി, കുട്ടിയുടെ അമ്മയുടെ പരാതിക്കൊപ്പം സ്വന്തം നിലയ്ക്ക് ഒരു പരാതി കൂടി നല്കി. ഒരു എ.എസ്.ഐ പരാതി സ്വീകരിച്ചു. പക്ഷേ, സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണാന്‍ വൈകിട്ട് നാലു മണിവരെ കാത്തുനില്ക്കേണ്ടിവന്നു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും മറ്റും വിശ്വസിക്കാമെങ്കില്‍ ഉടനടി നടപടി ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ, ” ഇവനെയൊക്കെ എന്തിനാ വീട്ടില്‍ വിളിച്ചുകയറ്റുന്നത് ” എന്ന് ചോദിച്ച് അലറുകയാണ് സി.ഐ ചെയ്തത്.
കുട്ടിയുടെ അമ്മ വന്നിട്ടില്ല എന്നറിഞ്ഞതോടെ ദേഷ്യം ഇരട്ടിയായി. അമ്മയ്ക്കില്ലാത്ത വിഷമം നിനക്കെന്തിനാ എന്നു ചോദിച്ചായി അടുത്ത ആക്രോശം. നോക്കൂ, ഇമ്മാതിരി ഏടാകൂടം വേണ്ടെന്ന് കരുതി ആരും പിന്തിരിഞ്ഞുപോവില്ലേ? ഏതായാലും അശ്വതി വിടാതെ കൂടി. ഒടുവില്‍ ഡിജിപിക്കടുത്തും എത്തി. അതിനെക്കുറിച്ച് രണ്ടു വരികൂടി: ഫോര്‍ട്ട് സി.ഐ യുടെ നിയമപാലനത്തെക്കുറിച്ച് വിശദമായിത്തന്നെ ഡിജിപി കേട്ടു. തലയില്‍ കൈവെച്ച് നിശ്ശബ്ദനായിരുന്ന അദ്ദേഹം ഒടുവില്‍ പറഞ്ഞു ”പൊലീസില്‍ നിന്ന് ദയയും കാരുണ്യവും ഒന്നും പ്രതീക്ഷിക്കരുത്.
കാലാകാലങ്ങളായി ഇത് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, നടക്കുന്നില്ല. നമ്മുടെ ചിത്രശലഭങ്ങളുടെ വര്‍ണശബളിമയാര്‍ന്ന ചിറകുകള് നിര്‍ദ്ദാക്ഷിണ്യം പിഴുതെറിയുന്നവരെ കൈയാമം വെക്കാന്‍ ഇത്തരം നിസ്സഹായര്ക്കാവില്ലെന്ന് കരുതി വെറുതിയിരിക്കാനാവുമോ? അശ്വതിനായരുടെ നിശ്ചയദാര്‍ഢ്യം ഓരോരുത്തര്‍ക്കുമുണ്ടാവണം. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിന്റെ പുറത്താണ് ഇത്തരം മണികണ്ഠന്മാര് പുളച്ചു മദിച്ചു രസിക്കുന്നത്. അതിന് അവസരമുണ്ടാവരുത്. ചിത്രശലഭങ്ങള്‍ പാറിപ്പറക്കട്ടെ. അശ്വതിക്ക് ആയിരം കൂപ്പുകൈ.
****** ******* ******
വിദ്യ വെളിച്ചമാണ്. അത് സ്വയം വെളിച്ചമായും തീരും. സരസ്വതിക്ഷേത്രങ്ങള്‍ എന്ന് വിദ്യാലയത്തെ ആലങ്കാരികമായി വിശേഷിപ്പിക്കുന്നത് അവിടെ ജ്ഞാനദീപം നിറഞ്ഞു കത്തുന്നതുകൊണ്ടുമാവാം. ഇവിടെ കാഞ്ഞങ്ങാടിനടുത്തുള്ള കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ആ വിദ്യാലയത്തിന് അക്ഷരാര്‍ത്ഥത്തില്‍ വെളിച്ചം നല്‍കിയാണ് തങ്ങളുടെ യാത്രയയപ്പ് ചടങ്ങ് ഹൃദ്യമാക്കിയത്. ആ ചടങ്ങിനായി അവര്‍ സ്വരൂപിച്ച സംഖ്യ ചെലവഴിച്ച് ഒരു ജനറേറ്റര്‍ വാങ്ങി നല്കി തങ്ങളുടെ പിന്‍ഗാമികള്‍ക്ക് വെളിച്ചം പകര്‍ന്നുകൊടുത്തു അവര്‍. അതിന് പിന്നില്‍ ഊര്‍ജമായത് കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായ ചരിത്രാധ്യാപകനും എഴുത്തുകാരനുമായ സുകുമാരന്‍ പെരിയച്ചൂരും.
വിളക്കണയ്ക്കുന്ന ദുഷ്ടകാലത്തിന്റെ കഥ പറയുന്നവര്‍ക്കു മുമ്പില്‍ ഇഷ്ടകാലത്തെ ഉദാത്തമാതൃകയാവുന്നു ഈ ന്യൂജനറേഷന് കൂട്ടുകാര്‍. അറിവൊരുക്കുന്നവരും അറിവു പകുത്തെടുക്കുന്നവരും അറിവായി വളര്‍ന്നുവരുമ്പോള്‍ അറിവിന്റെ ആഴത്തിന് എത്ര ആഴമുണ്ടാവുമെന്ന് ആഴത്തില്‍ ചിന്തിച്ചിരിക്കുക. അപ്പോഴേക്കും നമ്മുടെ ഉമ്മറമുറ്റങ്ങളിലൊക്കെ അറിവിന്റെ പൂമരങ്ങള്‍ പൂത്തുതളിര്‍ത്ത് ചിരിച്ചുകൊണ്ട് നമ്മെ കൈകൊട്ടി വിളിക്കുന്നത് കേള്‍ക്കാനാവും, തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: