നേര്‍വഴി പോവുകയും നേരായി നടക്കുകയും ചെയ്യുക. ആരാധകരേക്കാള്‍ അനുയായികളുണ്ടാവുക, അവരിലൂടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തുടര്‍ച്ചയുണ്ടാവുക…സമര്‍പ്പിത ജീവിതങ്ങളുടെ ലക്ഷ്യസാക്ഷാത്കാരം ഇതുതന്നെയാണ്. പി. പരമേശ്വരനെന്ന പരമേശ്വര്‍ജിയോടൊപ്പം, അദ്ദേഹം പിന്തുടരുന്ന പ്രത്യയശാസ്ത്രത്തോടൊപ്പം, സംഘടനയോടൊപ്പംചേര്ന്ന് വളരുന്ന എംഎ സാര്‍ എന്ന എം.എ. കൃഷ്ണന്റെ പറച്ചിലുകളില്‍ കാലം വളര്‍ന്നതിന്റെ കാലൊച്ചയുണ്ട്, ഒരു വലിയ പ്രസ്ഥാനം പിച്ചവച്ച കാലം മുതല്‍ പക്വത മുറ്റിയതുവരെയുള്ള ചരിത്രമുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം ഉറപ്പായ കാലം, 1946-47 ലാണ് എം.എ. കൃഷ്ണന് തിരുവനന്തപുരത്ത് സംസ്കൃത കോളേജില്‍ വിദ്യാര്‍ത്ഥിയായത്. അടൂരിലെ ഐവര്കാലയില് നിന്നുള്ള പറിച്ചുനടല്‍. അവിടെ നിന്നാണ് കൃഷ്ണന് രാഷ്ട്ര സേവന യാത്ര തുടങ്ങുന്നത്. അവിടെയാണ് കൃഷ്ണന് പരമേശ്വരനെ കാണുന്നത്, ചിന്തയും പ്രവൃത്തിയും കര്‍മ്മവും മാറുന്നത്.
”സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാനും, ഇത്രകാലം പ്രവര്‍ത്തിക്കാനും സംഘടനയ്ക്കും രാജ്യത്തിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനും കഴിഞ്ഞത് ‘പരമേശ്വര ദര്‍ശന’ത്തിന്റെ ഫലമാണ്,” എം.എ സാര്‍ പറയുന്നു. അത് ഒരു കാലത്തിന്റെ ചരിത്രമാകുന്നു. ചുരുക്കെഴുത്തില്‍ അത് ഇങ്ങനെയാണ്:
ആര്‍എസ്എസ് ദര്‍ശനം
സംസ്കൃത കോളേജില്‍; വിഷയം തര്‍ക്കശാസ്ത്രം. പഠിച്ചുതുടങ്ങിയപ്പോളാണ് തോന്നിയത് തീരുമാനം സാഹസമായെന്ന്. ഒന്നും തലയില്‍ കയറുന്നില്ല. അടൂരില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്ന ഹരിഹരയ്യരുടെ മകന് ഗോപാലകൃഷ്ണയ്യര്‍ അവിടെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ട ഒരു ദിവസം പഠന വിഷയം കഠിനമാണെന്ന് പറഞ്ഞു. അതുകേട്ട അയ്യര്‍, ‘ഏയ് എളുപ്പമാണ്, പഠിക്കേണ്ടതുപോലെ പഠിച്ചാല്‍’ എന്ന് സമാധാനിപ്പിച്ചു. ഒരിക്കല്‍ കോളേജ് വിട്ട് ഹോസ്റ്റലിലേക്കുള്ള വഴിയില്‍ സംസാരിച്ചുപോകെ തര്‍ക്കശാസ്ത്രത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ലളിതമായി, സുന്ദരമായി വിവരിച്ചു, എനിക്ക് മനസ്സിലായി. ഹോസ്റ്റലിലെത്തി മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ അടുത്തുള്ള കളിസ്ഥലത്തേക്ക് പോരുന്നോയെന്ന് ക്ഷണിച്ചു. ഞാന്‍ പോയി. അങ്ങനെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ ഹൈസ്കൂള്‍ വളപ്പിലെത്തി. അവിടെ കൂറേപ്പേര്‍ കളിക്കുന്നുണ്ടായിരുന്നു. അത് ആര്‍എസ്എസ് ശാഖയാണെന്നും താനതിലംഗമാണെന്നും അറിയിച്ച്, എന്നോട് കാത്തിരിക്കുവാന് നിര്‍ദ്ദേശിച്ച് ഗോപാലകൃഷ്ണന് അവര്‍ക്കൊപ്പം ചേര്‍ന്നു. സമാപിക്കാറായപ്പോള് എന്നേയും വിളിച്ചു. ഞാന്‍ ചെന്നു. വട്ടമിട്ടിരുന്നപ്പോള് അവര്‍ ചെയ്തതെല്ലാം അനുകരിച്ചു. ഉത്തിഷ്ഠ് എന്ന് സംസ്കൃതത്തില്‍ പറഞ്ഞപ്പോള്‍ എഴുന്നേറ്റു. ഉപവിഷ്ഠ് പറഞ്ഞപ്പോള്‍ ഇരുന്നു. പാട്ടുപാടി. പ്രാര്‍ത്ഥന ചൊല്ലി. അങ്ങനെ ഒരു ആഗസ്റ്റ് മൂന്നിനായിരുന്നു എന്റെ ആര്‍എസ്എസ് ദര്‍ശനവും പ്രവേശനവും.
പരമേശ്വര ദര്‍ശനം
ശാഖകഴിഞ്ഞ് പിരിഞ്ഞപ്പോള്‍ പലരും എന്നെ പരിചയപ്പെട്ടു. ഞാന്‍ അത്ര പ്രധാനിയാണെന്ന് എനിക്ക് തോന്നിപ്പിച്ചു. നാളെ വരില്ലേയെന്ന് പലരും ചോദിച്ചു. ഉവ്വ് എന്നേ പറയാന്‍ തോന്നിയുള്ളു. ഒരു ദിവസം, ഞാന്‍ താമസിക്കുന്നതിന് അടുത്ത് പുത്തന്‍ചന്തയില്‍ ശാഖയുണ്ടെന്നും അവിടെ പോകുന്നതാവും സൗകര്യമെന്നും പറഞ്ഞു. അങ്ങനെ പുത്തന്‍ചന്ത ശാഖയില്‍ ചെന്നു. പരമേശ്വരന് ഇളയത് ആയിരുന്നു മുഖ്യശിക്ഷക്. കണ്ടു, പരിചയപ്പെട്ടു. അതെന്റെ ആദ്യത്തെ പരമേശ്വര ദര്‍ശനം.
യൂണിവേഴ്സിറ്റി കോളേജില്‍ ബിഎ ഓണേഴ്സിന് പഠിക്കുകയായിരുന്നു പി. പരമേശ്വരന് ഇളയത്. ഇടയ്ക്കിടെ സംസ്കൃത കോളേജില്‍ വരും. ഞങ്ങള്‍ അങ്ങോട്ടും പോകും. അങ്ങനെ തമ്മില്‍ത്തമ്മില്‍ ഏറെ അടുത്തു. ശാഖകളിലും സംവാദങ്ങളിലും പരമേശ്വരന് പലതും വിശദീകരിക്കുമായിരുന്നു. ഏത് വിഷയത്തിലും കാഴ്ചപ്പാട് പറയുമായിരുന്നു. വിശദീകരണങ്ങള്‍ നല്‍കിയിരുന്നു: അങ്ങനെയങ്ങനെ ആ വ്യക്തിത്വത്തോട് ആദരവും അനുഭാവവും അടുപ്പവും വന്നു. ആര്‍എസ്എസ്സിന്റെ ഒരു ഹേമന്ത ശിബിരം (ഡിസംബറില്‍) തിരുവനന്തപുരത്തിനതിര്ത്തിക്കടുത്ത്, തമിഴ്നാട്ടിലെ അംബാസമുദ്രത്തുവച്ചായിരുന്നു. അന്ന് കേരളവും തമിഴ്നാടും ഒരു സംസ്ഥാനമായിരുന്നു, ആര്‍എസ്എസ് സംഘടനാ സംവിധാനത്തില്‍. ശിബിരത്തില്‍ പങ്കെടുത്തു. പരമേശ്വരനും ഞാനും. ഞങ്ങള്‍ ഏറെയടുത്തു. എന്റെ ആദ്യ ആര്‍എസ്എസ് ശിബിരദര്ശനമായിരുന്നു അത്.
കുടുംബ ദര്‍ശനം
നാളുകള്‍ ഏറെക്കടന്നു പോയി. ഒരു ദിവസം പരമേശ്വരന് പറഞ്ഞു, ”ഞാന്‍ വീടുവരെ പോകുന്നു, കൃഷ്ണന് വരുന്നോ.” ഞാനും കൂടി. ആലപ്പുഴ മുഹമ്മയിലെ വീട്ടില്‍. ഒരു ദിവസം തങ്ങിയെന്നാണോര്മ്മ. പഴയ ഇല്ലം. ഒരു ജ്യേഷ്ഠന്, ചില രോഗങ്ങള്‍ ബാധിച്ചിരുന്നു. മറ്റൊരാള്‍ എന്തോ ചെറിയ ജീവിതവൃത്തികള്‍ ചെയ്തുപോന്നു. ഇവിടെ നിന്നാണ്, പഠിച്ച് ബിരുദം നേടി കുടുംബം പോറ്റാനുള്ള ജോലി നേടാനുദ്ദേശിച്ച് പരമേശ്വരനെ രക്ഷിതാക്കള്‍ പഠിക്കാനയച്ചത്. പക്ഷെ, ആ കൊച്ചുകുടുംബത്തിന്റെ സംരക്ഷണത്തിനും അപ്പുറമായിരുന്നു പരമേശ്വരന്റെ ലക്ഷ്യം. വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാട് അദ്ദേഹത്തില്‍ ആവേശിച്ചു കഴിഞ്ഞിരുന്നു. അവിടെ പരമേശ്വര്‍ജിയുടെ ‘കുടുംബദര്ശനമായിരുന്നു’ എനിക്കന്ന്.
ആഗമാനന്ദ സന്ദര്‍ശനം
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് പുളിമൂട് ജംഗ്ഷനിലായിരുന്നു ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍. പരമേശ്വര്‍ജിയുടേത് തൊട്ടടുത്ത് ഉപ്പളം ലെയ്നില്‍. അതിനടുത്ത് ഗോമത് നായകം ലൈബ്രറിയുണ്ടായിരുന്നു. കൊച്ചണ്ണന് എന്ന് വിളിച്ചിരുന്ന, പില്ക്കാലത്ത് ഫാക്ടില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വിരമിച്ച സദാനന്ദന്, രാമചന്ദ്രന്, ഗോപാലകൃഷ്ണന് തുടങ്ങി പലരും അവിടെ താമസിച്ചിരുന്നു. പുത്തന്‍ചന്ത ശാഖയില്‍ അധികവും വിദ്യാര്‍ത്ഥികളായിരുന്നു. സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജിലെ ആദ്യ ബാച്ചില്‍പ്പെട്ടവര്‍.
ശ്രീരാമകൃഷ്ണാശ്രമ സന്യാസി ആഗമാനന്ദ സ്വാമി തലസ്ഥാനത്തെത്തിയാല്‍ തങ്ങുന്നത് അവിടെ അടുത്ത് പലേടങ്ങളിലായിരുന്നു. വിവേകാനന്ദ സാഹിത്യത്തിന്റെ ഇംഗ്ലീഷ്-മലയാള പുസ്തകങ്ങള്‍ ചുമന്നുവരും. വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പലപ്പോഴും ഞാന്‍ താമസിക്കുന്നിടത്ത് വിശ്രമിച്ചിട്ടുണ്ട്. ഒരു ദിവസം ശാഖയില്‍ പരമേശ്വര്‍ജി, ആഗമാനന്ദ സ്വാമികളെ കൊണ്ടുവന്നു. പ്രഭാഷണം നടത്തിച്ചു. സനാതന ധര്‍മ്മം, അതിന്റെ കാലികാവസ്ഥ, നേരിടുന്ന വെല്ലുവിളികള്‍, ഏറ്റെടുക്കേണ്ട ചുമതല, ലക്ഷ്യം, യുവാക്കളുടെ കര്‍ത്തവ്യം…സ്വാമിയുടെ പ്രസംഗം ഏറെ ഉത്തേജിപ്പിച്ചു. രാജ്യത്തിനും ധര്‍മ്മസംരക്ഷണത്തിനും വേണ്ടി എന്നാലാവത് ചെയ്യണമെന്ന് തോന്നിപ്പിച്ചു.
ആഗമാനന്ദസ്വാമിയുടെ പ്രസംഗം, പരമേശ്വര്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം സംഘത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു. ഒരു ദിവസം പരമേശ്വരന് ശാഖ കഴിഞ്ഞ് വട്ടമിട്ടിരുന്ന് സംസാരിക്കവേ ശാഖകൊണ്ട് കളികള്‍ക്കും വ്യായാമങ്ങള്‍ക്കും അപ്പുറം എന്താണ് പ്രയോജനം തുടങ്ങിയ സംശയങ്ങള്‍ക്ക് വിശദീകരണം നല്കി: ”ലോകകാര്യങ്ങള്‍ നമ്മള് പഠിക്കണം. അതിനോട് പ്രതികരിക്കണം. പൊതുരാഷ്ട്രീയ കാര്യങ്ങള്‍ അറിയണം. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യവും നിര്‍ദ്ദേശവും വന്നാല്‍ പ്രവര്‍ത്തിക്കണം; മത്സരിക്കണം,ഭരിക്കണമെന്ന സ്ഥിതിവന്നാല്‍ ഭരിക്കണം. രാജ്യത്തിനുവേണ്ടി എന്തു ചെയ്യാന്‍ പറഞ്ഞാലും ചെയ്യാന്‍ തയ്യാറാകണം;.എന്തുചെയ്യാനും എന്നു പറഞ്ഞാല്‍ എന്തുചെയ്യാനും. ” വ്യക്തതയും കൃത്യതയും ദൃഢതയുമുള്ള ആ വാക്കുകളാണ് എന്നെ പ്രചാരകനാക്കിയത്; എനിക്ക് സംഘത്തെക്കുറിച്ചും സാമൂഹ്യജീവിതത്തെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കിയത്. പരമേശ്വര്‍ജിയായി പില്ക്കാലത്ത് മാറിയ പരമേശ്വരനാണതിന് കാരണമായതെന്നതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്.
മാര്‍ഗ്ഗ ദര്‍ശനം
ബിഎ ഓണേഴ്സിന് പഠിക്കുമ്പോള്‍ പരമേശ്വര്‍ജി മധുരയിലോ മറ്റോ സംഘ ഒടിസിയില്‍ പങ്കെടുക്കാന്‍ പോയി. അന്ന് തമിഴ്നാടും കേരളവും ഒരു പ്രാന്തം. പ്രചാരകില്ല. പ്രാന്തകാര്യവാഹ് ദക്ഷിണാമൂര്‍ത്തി, പരമേശ്വര്‍ജിയുടെ പഠനത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഒടിസിയില്‍ പങ്കെടുക്കാന്‍ പരീക്ഷ ഒഴിവാക്കിയെന്ന് പറഞ്ഞപ്പോള്‍ ‘നോ’ എന്ന ഒറ്റവാക്കില്‍ നിഷേധിച്ചു, പരീക്ഷയെഴുതുക, ഇപ്പോള്‍ത്തന്നെ മടങ്ങുക എന്ന നിര്‍ദ്ദേശം നല്കി തിരിച്ചയച്ചു. തിരികെ പോന്ന് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ പാസായി. പരമേശ്വരന്, പരമേശ്വര്‍ജിയായി മാറിയ, മാറ്റിയ നിര്‍ണായക തീരുമാനമായിരുന്നു അത്.
കവിതയെഴുത്തില് സമര്‍ത്ഥനായിരുന്ന പരമേശ്വരനെ പലര്‍ക്കും അറിയാം. സാഹിത്യരംഗത്ത് പരമേശ്വര്‍ജിയുടെ കഴിവ് അദ്ദേഹത്തെ ആ രംഗത്ത് മാത്രമായി തളച്ചിട്ടില്ല, ലക്ഷ്യം കൃത്യമായി ഉള്ളില്‍ അദ്ദേഹം കുറിച്ചിരുന്നുവല്ലോ.
തലസ്ഥാനത്ത് പഠിക്കുന്ന കാലത്ത് സംഘപ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന പ്രധാനികളായ ഒട്ടേറെപ്പേരുണ്ടായിരുന്നു പരമേശ്വര്‍ജിയ്ക്കൊപ്പം ശാഖകളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും. അവരില്‍ പലരും പില്ക്കാലത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരായി. റൂര്‍ക്കലയിലെ പ്ലാസ്റ്റില് മുതിര്‍ന്ന ഉദ്യോഗസ്ഥനായി കുമാരന് നായര്‍, ഭെല്ലില്‍ ഡെപ്യൂട്ടി ജിഎം ആയി ദിവാകരന്, രാജരാജവര്‍മ… ഇവരെപ്പോലെ ജോലി നേടാമായിരുന്നു. പരമേശ്വരന് പക്ഷേ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അല്ല, അത് നിയോഗമായിരുന്നു. ആ വഴിയില്‍ ഇപ്പോഴും അദ്ദേഹം സഞ്ചലിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നു.
ഈ ലക്ഷ്യബോധത്തിലാണ് പരമേശ്വര്‍ജി കൊല്ലം ആര്‍എസ്എസ് പ്രചാരകനായി നിയുക്തനായത്. ഹിന്ദുമഹാമണ്ഡലത്തിന്റെ കൊല്ലം സമ്മേളനത്തില്‍ സഹായക പ്രവര്‍ത്തനങ്ങളിലുടെ മുതിര്‍ന്ന നേതാക്കളായ മന്നത്തിന്റേയും ആര്. ശങ്കറിന്റേയും മറ്റും പ്രശംസ സംഘടയ്ക്കു നേടിക്കൊടുത്തത്, സംഘടനയിലേക്ക് അവരെ അടുപ്പിച്ചത്, ഹിന്ദുസംഗമം പോലുള്ള സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് കാരണക്കാരനാക്കിയത്.
പരംവൈഭവ ദര്‍ശനം
ജനസംഘത്തിന്റെ കേരളത്തിലെ സംഘാടനത്തിന് പരമേശ്വര്‍ജി നിയോഗിക്കപ്പെട്ടത് ചരിത്രം. ആ ചരിത്രത്തില്‍ ചരിത്രമെഴുതി ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്ട് നടത്താന്‍ പരമേശ്വര്‍ജി കാണിച്ച സന്നദ്ധത അപാരമായ ധൈര്യപ്രകടനമായിരുന്നു. ആ സമ്മേളനത്തിന്റെ വമ്പിച്ച വിജയം കേരളത്തിന്റെയും ജനസംഘത്തിന്റേയും ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണ്. പരമേശ്വരന്, സംഘടനകളുടെ, ഓരോ ചെറുപ്രവര്ത്തകര് മുതല്‍ മുതിര്‍ന്ന നേതാക്കളെ വരെ ഒരേ ചരടില്‍ കോര്‍ത്തെടുത്ത് ഒരൊറ്റ മനസ്സോടെ, ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ വഴി തെളിച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തോടെയുള്ള സംഘടനാ പ്രവര്‍ത്തന വിജയമായിരുന്നു അത്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപനവും പ്രവര്‍ത്തനവും, കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെ നേതൃത്വവും ചെറുതും വലുതുമായ ഓരോ സാമൂഹ്യ-സാംസ്കാരിക വിഷയത്തിലും കൃത്യമായ നിലപാടുകളും വ്യക്തിജീവിതത്തിലെ ശുദ്ധിയും സുതാര്യതയും തുടങ്ങി ഓരോ രംഗത്തും ഇന്നും എന്നും പരമേശ്വര്‍ജി ആര്‍ക്കും മാതൃകയാണ്.
കോഴിക്കോട്ടെ മഹാസമ്മേളനത്തില്‍ ഭാരതത്തില്‍ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനും ഭരണത്തിനുമുള്ള ആഹ്വാനം നടത്തി, ആവേശമുയര്‍ത്തി, ആദര്ശാടിത്തറ ഭദ്രമാക്കിയാണ് പണ്ഡിറ്റ് ദീനദയാല്‍ജി, സംഘടനാ ചുമതല ഏറ്റെടുത്ത് ഉത്തരേന്ത്യയിലേക്ക് തിരിച്ചത്. ആവേശക്കൊടുമുടിയിലായിരുന്ന അണികളെ അശ്രുക്കയത്തിലും നിരാശയുടെ പാതാളത്തിലും ആഴ്ത്തിയ വാര്‍ത്തയായിരുന്നു മുഗള്‍ സരായ് റെയിവേ സ്റ്റേഷന് പരിസരത്ത് ദീനദയാല്‍ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നത്. പക്ഷേ അദ്ദേഹത്തിന്റെ സന്ദേശവാഹകരായ ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ രാജ്യമെമ്പാടും കര്‍മ്മനിരതരായി. ദീനദയാല്‍ജിയുടെ ഏകാത്മ മാനവ ദര്ശനത്തിലടിസ്ഥാനമായ അന്ത്യോദയ സങ്കല്‍പ്പം സാക്ഷാത്കരിക്കാന്‍ അഹോരാത്രം പരിശ്രമം തുടര്‍ന്നു. ദീനദയാല്‍ജി മുളപ്പിച്ച ആദര്‍ശത്തിന്റെ വിത്ത് കിളിര്‍ത്ത് വളര്‍ന്ന് വന്‍ വടവൃക്ഷമായി, ഉത്തര്‍പ്രദേശിലും പടുകൂറ്റന്‍ വിജയം നേടി, കേന്ദ്രത്തിലും ഭരണം നേടി, യുപിയില്‍ യോഗിയും ദല്‍ഹിയില്‍ മോദിയും സദ്ഭരണം നയിക്കുന്ന സംവിധാനത്തിലെത്തി നില്ക്കുന്ന ഈ അവസ്ഥയില്‍ വലിയൊരു പങ്ക് പരമേശ്വര്ജിക്കുമുണ്ട്; ഇങ്ങനെ ലക്ഷാവധി പേരുടെ നിരന്തര ശ്രമത്തില്‍ രാഷ്ട്രം പരം വൈഭവത്തിലേക്ക് അടുക്കുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: