സാമൂഹ്യ വിപ്ളവത്തിനു പാര്‍ട്ടിക്കൊടിയുടെ നിറംവേണ്ടെന്നു കേരളത്തെ ബോധ്യപ്പെടുത്തിയ പോരാളിയാണ് വി.ടി.ഭട്ടതിരിപ്പാട്. രാഷ്ട്രീയ ചാണക്യന്മാര്ക്കുപോലും ചിന്തിക്കാനാവാത്ത സമൂഹ പരിഷ്കൃതിയുടെ വഴിയും വെളിച്ചവും പ്രായോഗികതയിലൂടെ തുറന്നെടുത്ത കര്‍മകാണ്ഡമാണ് വി.ടി.അന്ധവിശ്വാസവും അനാചാരവുംകൊണ്ട് പ്രാകൃതാവസ്ഥയിലായിരുന്ന കേരളത്തിലെ നമ്പൂതിരി സമുദായത്തെ മറക്കുടയില്‍ നിന്നും ജീവിത പരിസരത്തിലേക്കിറക്കി നമ്പൂതിരിയെ മനുഷ്യനാക്കിയ ഒറ്റയാള്‍ ശക്തിയാണ് വി.ടി.
ലോകവും ജീവിതവും എന്തെന്നറിയാതെ എഴുത്തും വായനയും കമ്മിയായി അറിവിന്റെ നാട്ടുവെളിച്ചംപോലും കിട്ടാതെ അന്ധകാരയുഗത്തില്‍ തപ്പിത്തടയുന്നതായിരുന്നു വി.ടിയുടെ കാലത്തെ കേരളീയ ജീവിതം.പ്രത്യേകിച്ച് നമ്പൂതിരി സമുദായം.ഇരുളടഞ്ഞ ഭൂഖണ്ഡംപോലെയായിരുന്നു കേരളംഅന്ന്. വേദം,ആയുര്‍വേദം എന്നിവയില്‍ അഭിരമിച്ച് രാജാക്കന്മാര്‍ക്കുവരെ പിഴ വിധിക്കാനുള്ള അധികാരവും വര്വാധിപത്യവുമായി കഴിഞ്ഞിരുന്ന നമ്പൂതിരിമാരും സൂര്യവെളിച്ചംപോലും കാണാതെ അകത്തളങ്ങളില്‍ കഴിഞ്ഞിരുന്ന അവരുടെ പെണ്ണുങ്ങളുമടങ്ങിയ ലോകത്തിന്റെ കഥകള്‍ വല്ലാത്ത വൈരുധ്യങ്ങളായിരുന്നു.ഇത്തരം വൈരുധ്യങ്ങളുടെ ലോകത്ത് ജനിക്കുകയും അത്തരം അവസ്ഥ അനുഭവിക്കുകയും തുടര്‍ന്ന് അതിനെതിരെ സ്വന്തം ജീവിതംകൊണ്ട് പടവാളേന്തുകയായിരുന്നു വി.ടി.
ഒട്ടും തന്നെ ശോഭനമല്ലാത്ത ബാല്യവും അഷ്ടിക്കായി ശാന്തിവൃത്തിയുമായി കടന്നുപോയ കാലങ്ങളും കഴിഞ്ഞ് ഇല്ലത്ത് സാമ്പത്തിക കിലുക്കമുണ്ടാകുമ്പോള് വി.ടി ശാന്തിജോലി ഉപേക്ഷിക്കുന്നു. ശാന്തിക്കാലത്തുതന്നെയാണ് ജീവിതത്തെ മാറ്റി മറിച്ചഅക്ഷര ജ്ഞാനത്തിന്റെ വെളിച്ചം കടന്നുകൂടുന്നത്. ഒരു തിയ്യാടി പെണ്‍കുട്ടിയില്‍ നിന്നാണ് വി.ടി എഴുതാനും വായിക്കാനുമുള്ള അക്ഷരാഭ്യാസം നേടുന്നത്. അറിവിനായി മുന്‍ജാതി നമ്പൂതിരിയും കീഴ്ജാതി തിയ്യാടിയും തമ്മില്‍ വ്യത്യാസമുണ്ടായില്ല. പിന്നീട് കൂടുതല്‍ പഠനത്തിന് തിരുവനന്തപുരത്തേക്കും തുടര്‍ന്ന് വിവിധ ഇടങ്ങളിലായി സ്ക്കൂളില്‍ ചേരലും കീഴടങ്ങാത്ത മനസുള്ളതിനാല്‍ ഇറങ്ങിപ്പോക്കുമായി മറ്റൊരു കാലം. ഇങ്ങനെ നിഷേധവും പ്രതിഷേധവും പൊരുതലുമായി വി.ടി ആരാലും വാര്ത്തെടുക്കപ്പെടാത്ത സാമൂഹ്യവിപ്ളവത്തിന്റെ മുന്നണിപ്പോരാളിയായി മാറുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വി.ടി.രചിച്ച നാടകം അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഏത് വിപ്ളവ മാനിഫെസ്റ്റോയെക്കാളും ചൂടും ചൂരും നിറഞ്ഞ ആശയഗാംഭീര്യമുള്ളതാണ്. എതിര്‍പ്പുകള്‍ക്കും വധഭീഷണികള്പ്പുറം നിരവധി സ്റ്റേജുകള്‍ അരങ്ങേറി. നാടകം കണ്ട് നമ്പൂതിരിപെണ്ണുങ്ങള് മറക്കുടയില്‍ നിന്നും പുതിയ വീര്യവും വെളിച്ചവുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. കേരളത്തിനെന്നല്ല ഇന്ത്യയില്‍പ്പോലും മറ്റൊരു നാടകത്തിനും ഇങ്ങനെയൊരു സാമൂഹ്യമുന്നേറ്റമുണ്ടാക്കാന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.
എഴുത്തുകാരനും ചിന്തകനും എന്ന നിലയില്‍ വി.ടിയുടെ രചനകള്‍ കാഴ്ചപ്പാടിന്റെ ഇരുതല മൂര്‍ച്ചയുള്ളവയാണ്. ഭാഷാശക്തികൊണ്ട് ആരേയും അതിശയിപ്പിക്കുന്നതാണ് വി.ടിയുടെ വാക് പ്രയോഗങ്ങള്‍. കാലത്തിന്റെ സാക്ഷി എന്ന ഒരു പുസ്തകത്തിന്റെ പേരു തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ രചനകള്‍ക്കും കൂടി പൊതുവെ പറയാവുന്ന പേര്. വി.ടിയുടെ ആത്മകഥയുടെ പേരാണ് കണ്ണീരും കിനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: