മൂന്നുതവണ ദല്‍ഹി മുഖ്യമന്ത്രിയും ഇക്കഴിഞ്ഞ യുപി നിയസമഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ഷീലാ ദീക്ഷിത്. രണ്ടുതവണ മധ്യപ്രേദശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കിംഗ്മേക്കറുമായ ദിഗ്വിജയ് സിംഗ്. കോണ്‍ഗ്രസിലെ ഒരേയൊരു ബുദ്ധിജീവിയും പര്‍ട്ടി ‘മണിഫെസ്റ്റോ’കളുടെ ശില്പിയുമായ മണിശങ്കര്‍ അയ്യര്‍. ഒന്നിലധികം തവണ കേന്ദ്രധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ പി. ചിദംബരം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടവരാണിവര്‍.
എന്നാല്‍ പാര്‍ട്ടിയിലെ ഈ താപ്പാനകളെയെല്ലാം ഒറ്റടിക്ക് കടത്തിവെട്ടുകയായിരുന്നു കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമായ സി.ആര്. മഹേഷ്. ഷീലമുതല്‍ ചിദംബരം വരെയുള്ളവര്‍ വൈസ് പ്രസിഡന്റായ രാഹുല്‍ഗാന്ധിയെ പാര്‍ട്ടിക്ക് ‘വേണ്ടണം’ എന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ പുറത്തുപോകണം എന്ന് തറപ്പിച്ച് പറയുകയാണ് മഹേഷ് ചെയ്തത്.
കോണ്‍ഗ്രസിലെ യുവരാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ മഹേഷിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. നേതൃത്വമേറ്റെടുത്ത് മുന്നില്‍നിന്ന് നയിക്കാന്‍ താല്പര്യമില്ലെങ്കില് രാഹുല്‍ഗാന്ധി സ്ഥാനമൊഴിയണം. രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ‘മഹത്തായ’ പ്രസ്ഥാനത്തിന്റെ വേരുകള്‍ അറ്റുപോകുന്നത് രാഹുല്‍ കണ്ണുതുറന്നു കാണണം. രാജ്യത്തും സംസ്ഥാനത്തും പാര്‍ട്ടി ഉരുകിത്തീരുന്നത് ലാഘവത്തോടെ കണ്ടുനില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാസാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. ഇങ്ങനെയൊക്കെ തുറന്നടിച്ചശേഷം അനുനയങ്ങള്‍ക്കു നിന്നുകൊടുക്കാതെ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുകയായിരുന്നു മഹേഷ്. ‘ചീഞ്ഞളിഞ്ഞ’ കോണ്‍ഗ്രസില്‍ തുടരണോ ‘ചീഞ്ഞളിഞ്ഞ്’ കോണ്‍ഗ്രസില്‍ തുടരണോ എന്ന ധര്‍മസങ്കടത്തിലായിപ്പോയി മഹേഷ്.
രാഷ്ട്രീയത്തിന് പറ്റിയ ആളല്ല രാഹുല്‍. അമ്മയും മറ്റും ചേര്‍ന്ന് ഉന്തിയിറക്കുകയായിരുന്നു. താല്പര്യമില്ലാതെ പ്രവര്ത്തിക്കാനാവുന്ന രംഗമല്ല രാഷ്ട്രീയം. പാര്‍ട്ടി ഏതായാലും നേതാവിന് അവനവനില്‍ വിശ്വാസം വേണം. കഴിവും ആകര്‍ഷകത്വവും ഉണ്ടായിരിക്കണം. ഇവയൊന്നും രാഹുലിന്റെ അരികിലൂടെ പോലും പോയിട്ടില്ല. പേരിനൊപ്പം ‘ഗാന്ധി’ എന്നുള്ളതു മാത്രമാണ് യോഗ്യത. സ്വന്തം ജോലി ആസ്വദിക്കാതെ മറ്റാര്‍ക്കോവേണ്ടി അത് ചെയ്യുന്ന ചിലരെപ്പോലെയാണ് രാഹുലിന്റെ രാഷ്ട്രീയപ്രവര്‍ത്തനം.
ഒരു നേതാവിന് അവശ്യം വേണ്ടതായ ഗുണമാണ് ജനങ്ങളുടെ മുന്നില്‍ തൊണ്ടയിടറാതെയും മൂക്ക് വിറയ്ക്കാതെയും പ്രസംഗിക്കാനുള്ള കഴിവ്. ഇക്കാര്യത്തില്‍ രാഹുല്‍ ശരാശരിക്കും താഴെയാണ്. പ്രസംഗകന് ചിന്താശേഷിയും ഉചിതമായ വാക്കുകളും ഉണ്ടാവണം. പറയുന്ന വിഷയങ്ങളില്‍ ഉറച്ച ബോധ്യം വേണം. പാര്‍ലമെന്റംഗമായി 13 വര്‍ഷവും പാര്‍ട്ടി ഉപാധ്യക്ഷനായി മൂന്നുവര്‍ഷവും പിന്നിട്ട രാഹുലില്‍ ഇതിന്റെയൊന്നും ലക്ഷണമില്ല. രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നൊക്കെ ആവര്‍ത്തിക്കുന്നതുകൊണ്ടുമാത്രം പ്രസംഗം നന്നാവില്ല. വൈസ്പ്രസിഡന്റിന്റെ പ്രസംഗം കേള്‍ക്കുന്നത് പാര്‍ട്ടിക്കാര്‍ക്ക് പോലും വേദനാജനകമാണ്.
ഭരണപാടവം എന്നൊന്ന് രാഹുലിനെ ഇടിച്ചുപിഴിഞ്ഞാലും കിട്ടില്ല. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ഇതിനുള്ള അവസരങ്ങളുണ്ടായിരുന്നു. ഐടി, ടെലികോം, ഗ്രാമീണവികസനം ഇവയിലേതെങ്കിലും വകുപ്പ് ഏറ്റെടുത്ത് ഭരണപാടവം തെളിയിക്കാമായിരുന്നു. ഇങ്ങനെ ചെയ്യാതിരുന്നത് ബോധപൂര്‍വമാണ്. കഴിവില്ലായ്മ പുറത്താവുമെന്ന ഭയം. ആദ്യമേ പ്രധാനമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിച്ച് വിധേയരെക്കൊണ്ട് ഭരണം നടത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. ഭരണപരമായ യാതൊരു കഴിവുമില്ലാതിരുന്നിട്ടും സാം പിട്രോഡയെപ്പോലുള്ള പ്രതിഭാശാലികളെ വച്ച് ഭരിക്കുകയായിരുന്നല്ലോ അച്ഛന് രാജീവ്.
എത്ര വിദഗ്ധമായി മാര്‍ക്കറ്റ് ചെയ്താലും വിറ്റുപോകാത്ത എടുക്കാച്ചരക്കാണ് രാഹുലെന്ന് അവസാനത്തെ കോണ്‍ഗ്രസ് നേതാവിനുപോലും അറിയാം. ഒരുമാതിരിപ്പെട്ടവരൊന്നും അത് തുറന്നുപറയുന്നില്ലെന്നുമാത്രം. ഇവിടെയാണ് മഹേഷ് എന്ന യൂത്ത് കോണ്ഗ്രസുകാരന് വ്യത്യസ്തനായത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്നല്ല, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെപോലും നിരയില്‍പ്പെടുത്താവുന്നയാളല്ല രാഹുല്‍. ‘കോണ്‍ഗ്രസ് കള്‍ച്ചറി’ല്‍പ്പെടുന്ന ദുര്‍ഗുണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പി.സി. വിഷ്ണുനാഥിന്റെ വാക്ചാതുരിയോ, ടി. സിദ്ധിഖിന്റെ സംഘടനാപാടവമോ, വി.ടി. ബല്‍റാമിന്റെ മാധ്യമസാക്ഷരതയോ. എം. ലിജുവിന്റെ യുക്തിബോധമോ തൊട്ടുതെറിക്കാത്ത നേതാവാണ് രാഹുല്‍. എന്നിട്ടും ഇവരൊക്കെ രാഹുലിന്റെ നേതൃത്വം ശിരസാവഹിച്ച് എല്ലില്ലാ അത്ഭുതങ്ങളായി കഴിയുമ്പോഴാണ് ആണൊരുത്തന് വട്ടംകേറിനിന്ന് യുവരാജാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. ഇതിന്റെ പേരില്‍ അച്ചടക്ക നടപടിക്കൊന്നും അവസരം കൊടുക്കാതെ പാര്‍ട്ടിപദവികള്‍ രാജിവക്കുകയും ചെയ്തു.
ഇതുവരെ തിരക്കഥ വ്യക്തമാണ്. പക്ഷെ ക്ലൈമാക്സ്, അത് സംശയാസ്പദംതന്നെ. താന്‍ പാര്‍ട്ടി വിടുന്നില്ലെന്നും തല്ക്കാലം മാറിനില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തന്റെ ഭാഗം ന്യായീകരിച്ച് രാഹുല്‍ഗാന്ധിക്ക് കത്തെഴുതുമെന്നും മഹേഷ് വ്യക്തമാക്കിയിരിക്കുന്നു. ഹൈക്കമാന്റിനെ അംഗീകരിക്കുകയും വിമര്ശിക്കാതിരിക്കുകയും ചെയ്യാന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയുംപോലുള്ളവര്‍ ബാധ്യസ്ഥരാണെന്ന് പറയുന്ന മഹേഷ് ഒരു മുഴം നീട്ടി എറിയുകയല്ലേ? താന്‍ സ്വഭാവനടനായ മണികണ്ഠന് ആചാരിക്കു പഠിക്കുമ്പോള്‍ ‘വിനായകന്മാര്’ രക്ഷക്കെത്തുമെന്ന ഉറപ്പ് മഹേഷിനുണ്ടെന്നുവേണം കരുതാന്‍. അതെന്തുതന്നെയായാലും രാഹുലിനെ വെല്ലുവിളിച്ചുകൊണ്ടുള്ള മഹേഷിന്റെ പ്രതികാരം കലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: