ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി പൂര്‍ത്തിയാകാന്‍ മൂന്നുമാസം മാത്രം ശേഷിക്കെ പുതിയ രാഷ്ട്രപതി ആരെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി സജീവമാക്കി. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന അത്താഴവിരുന്നില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രത്യക്ഷ തുടക്കമാകും.
ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന അത്താഴവിരുന്നില്‍ എന്‍ഡിഎയിലെ ഘടകകക്ഷി നേതാക്കളെല്ലാം പങ്കെടുക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കള്‍ വിരുന്നിനെത്തുമെന്നാണ് വിവരം.
രാഷ്ട്രപതി സ്ഥാനത്തേക്ക് മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ എല്‍.കെ അദ്വാനി വരണമെന്ന ആഗ്രഹം തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്സഭയില്‍ 34 എംപിമാരും രാജ്യസഭയില്‍ 11 എംപിമാരുമാണ് തൃണമൂലിനുള്ളത്.
സമാജ് വാദി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും അടക്കം അദ്വാനിയെ പിന്തുണയ്ക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അദ്വാനി രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായ പ്രകടനം നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാനാവശ്യമായ വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ബിജെപിയും എന്‍ഡിഎയും അധികാരത്തിലിരിക്കുന്നതിനാല്‍ സ്വന്തം സ്ഥാനാര്‍ത്ഥി തന്നെ ഇത്തവണ ഉണ്ടാകുമെന്നുറപ്പാണ്. ജുലൈ മാസത്തിലാണ് പ്രണബ്കുമാര്‍ മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.
ആരെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ത്തുമെന്ന കാര്യത്തില്‍ ഏപ്രില്‍ 15, 16 തീയതികളില്‍ ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ചേരുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഭുവനേശ്വര്‍ സമ്മേളനത്തില്‍ ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭാഗഭാക്കാകും.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒറീസയില്‍ ബിജെപി ദേശീയ നേതൃയോഗം ചേരുന്നത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറീസയില്‍ ബിജെപി വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ കൂടിയാണ് ദേശീയ നേതൃയോഗം ഒറീസയില്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: