കോഴിക്കോട്: കറന്‍സി രഹിത സമ്പദ് വ്യവസ്ഥയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്ത് ജന്മഭൂമി ഗ്രേറ്റര്‍ മലബാര്‍ എക്കണോമിക് ഫോറം. ഹോട്ടല്‍ ഗേറ്റ്വേയില് നടന്ന ഫോറത്തിലെ രണ്ടാം സെഷനിലാണ് വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാളിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച എന്നതും ശ്രദ്ധേയമായി.
കെപിഎംജി ഡയറക്ടര്‍ ജി. ജയ്കൃഷ്ണന്, കെപിബി നിധി ലിമിറ്റഡ് എംഡി ടി.എസ് ജഗദീശന്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, ജന്മഭൂമി ജനറല്‍മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.
കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നതുകൊണ്ട് പൂര്‍ണമായും കറന്‍സി നിരോധനമല്ല ഉദ്ദേശിക്കുന്നതെന്ന് ജി. ജയ്കൃഷ്ണന് അഭിപ്രായപ്പെട്ടു. കറന്‍സികള്‍ പ്രിന്റ്ചെയ്യുന്നതിനും മറ്റുമായി ചെലവാക്കപ്പെടുന്ന തുകയേക്കാള്‍ കുറഞ്ഞ സംഖ്യയാണ് കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായി വരുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളിലും മറ്റും പണം കൈകാര്യം ചെയ്യുന്നതിനായി ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായി വരുന്ന അത്രയും തുക ഡിജിറ്റല്‍ പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
പണം കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാനും ഇത് സഹായകമാകും. ഒരു നിശ്ചിത സംഖ്യയില്‍ കൂടുതല്‍ പണം കൈവശം വെക്കുന്നത് തടയുന്നതിനാവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത് കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെ സഹായിക്കും. ജനങ്ങളുടെ മനസ്സാണ് ആദ്യം മാറേണ്ടത്. ഇതിനായി ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പണം കൈമാറ്റത്തിന് ബാങ്കുകളുടെ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യമായി വരുന്നില്ലെന്നത് ബാങ്കുകളുടെ ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കെപിബി നിധി ലിമിറ്റഡ് എംഡി ടി.എസ്. ജഗദീശന് അഭിപ്രായപ്പെട്ടു.
മൊബൈല്‍ ആപ്പുകള്‍ വഴി ഡിജിറ്റല്‍ പണം കൈമാറ്റം സാധ്യമാണ്. ഇത്തരം രീതികളിലേക്ക് ഗ്രാമീണ ജനങ്ങളെ കൊണ്ടുവരാനും ഇവര്‍ക്ക് ഇത്തരത്തില്‍ പരിശീലനങ്ങള്‍ നല്‍കാനും തയ്യാറാകണം. സ്വയം ഡിജിറ്റല്‍ പണം കൈമാറ്റ രീതികള്‍ ഉപയോഗിക്കുന്നതിനൊപ്പം മറ്റുള്ളവരെ ഇതിന് പ്രാപ്തരാക്കാന്‍ സഹായിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: