മലപ്പുറം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് 30ന് വീണ്ടും പരീക്ഷ നടത്തുമ്പോള്‍ വലയുന്നത് അദ്ധ്യാപകര്‍. എസ്എസ്എല്‍സി പരീക്ഷ ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. മറ്റ് സ്‌കൂളുകളില്‍ പരീക്ഷാ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകര്‍ തിരിച്ച് സ്വന്തം സ്‌കൂളുകളിലെത്തി ഇന്ന് മുതല്‍ യുപി, ഹൈസ്‌ക്കൂള്‍ ക്ലാസുകളുടെ പരീക്ഷ നടത്തണം. എന്നാല്‍ കണക്ക് പരീക്ഷ രണ്ടാമതും നടത്തേണ്ടി വന്നതോടെ പരീക്ഷ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകര്‍ ബുദ്ധിമുട്ടിലായിരിക്കുന്നു.
30ന് ഉച്ചവരെ യുപി, ഹൈസ്‌ക്കൂള്‍ ക്ലാസുകളുടെ പരീക്ഷയുണ്ട്. അഞ്ചാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം, ഏഴാം ക്ലാസിലെ ഒന്നാംഭാഷ, എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം എന്നീ പരീക്ഷകളും 30ന് നടക്കണം. ഇവ രാവിലെ ഒന്‍പതിന് തുടങ്ങി ഉച്ചക്ക് 12ന് പൂര്‍ത്തിയാക്കിയതിന് ശേഷം എസ്എസ്എല്‍സി കണക്ക് പരീക്ഷക്ക് ഹാജരാകാനാണ് അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ വളരെ ദൂരെ പരീക്ഷ ഡ്യൂട്ടി ലഭിച്ച അദ്ധ്യാപകര്‍ക്ക് അവിടേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കില്ല.
വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിക്കെതിരെ എന്‍ടിയു അടക്കമുള്ള അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
















