തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഭൂ-ഭവനരഹിതര്‍ക്ക് മൂന്നേക്കര്‍ ഭൂമി, മൂന്നുനില വീട് എന്ന ലേഖനത്തിലാണ് രാജേന്ദ്രനെയും സിപിഎമ്മിനെയും ജനയുഗം കണക്കിന് പരിഹസിക്കുന്നത്.
വൈദ്യുതിബോര്‍ഡിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും മൂന്നുംനാലും ഏക്കര്‍ കയ്യേറി ബഹുനിലമന്ദിരങ്ങളും റിസോര്‍ട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നവര്‍ ഇത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടക ക്രിമിനലുകളെ കൊണ്ട് ആക്രമിക്കുകയാണെന്ന് ജനയുഗം പറയുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ കരിങ്കല്‍ ഖനനം നടക്കുമ്പോള്‍ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ സമരാഭാസത്തിനിറങ്ങുകയും അതിനു ജനപ്രതിനിധി നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഇടതുകുപ്പായണിഞ്ഞവര്ക്ക് ഭൂഷണമല്ലെന്നും ലേഖനം പറയുന്നു.
റവന്യൂമന്ത്രി ബുദ്ധിമോശമാണ് കാട്ടുന്നതെന്ന ഒരു നേതാവിന്റെ അഭിപ്രായത്തെ ബുദ്ധിഭ്രമമെന്നേ മാലോകര്‍ വിലയിരുത്തൂ. ആ സ്വരം മാഫിയകളില്‍ നിന്നു കടമെടുത്തതാണ്. ഭൂമാഫിയയ്ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെളിച്ചം തെളിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്ന് സ്വയം പ്രഖ്യാപിച്ചാലോ. കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തെ ഓലപ്പീപ്പിയൂതി തോല്പിച്ചുകളയാമെന്ന മാഫിയകളുടെ ഉള്ളിലിരിപ്പ് ഇവിടെ ചെലവാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: