വര്‍ക്കല: നഗരസഭയുടെ ഒത്താശയോടെ ശ്രീനിവാസപുരംകണ്വാശ്രമ പരിസരത്തുള്ള അറവുശാലയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് കന്നുകാലി കശാപ്പ്. ഒരു മാസം നൂറ് കണക്കിന് മാടുകളെയാണ് ഇവിടെ കശാപ്പിനിരയാക്കുന്നത്. പുലര്‍ച്ചെ രണ്ടുമുതല്‍ ആരംഭിക്കുന്ന കശാപ്പിനു പിന്നാലെ വന്‍തോതില്‍ മാംസാവശിഷ്ടങ്ങള്‍ പരിസരപ്രദേശങ്ങളില്‍ തള്ളുന്നു. കശാപ്പിനായി ഒരുഡസനോളം കന്നുകാലികളെ അറവുശാലയിലേക്കു തെളിച്ചുകയറ്റിയാല്‍ പുലരും മുമ്പ് ഇറച്ചിയാക്കി വര്‍ക്കലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകും. ബാക്കി വരുന്ന കിലോകണക്കിന് മാലിന്യം അറവുശാലയിലെ കുഴിയിലേക്കും പരിസരത്തെ കിണറ്റിലേക്കും തള്ളുകയാണ് പതിവ്.വര്‍ഷങ്ങളായി തുടരുന്ന ഈ ദുസ്ഥിതി മൂലം പരിസരവാസികള്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്ക് ഇരയായി.
ഇറച്ചിമാലിന്യം ബയോഗ്യാസ് കുഴിയിലും അതു നിറഞ്ഞു കവിഞ്ഞാല്‍ അടുത്ത കുഴിയിലേക്കും മാറ്റി നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ് നഗരസഭ. നിലവിലെ കുഴി നിറഞ്ഞപ്പോള്‍ പകരം കുഴിയെടുക്കാന്‍ കഴിഞ്ഞദിവസം വന്ന മണ്ണുമാന്തി നാട്ടുകാര്‍ തടഞ്ഞു. കശാപ്പുശാല തങ്ങള്‍ക്കു ദുരിതം മാത്രമാണു സമ്മാനിച്ചതെന്നാരോപിച്ച് ഇവര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
ഒരു ഏക്കറോളം വരുന്ന കാടുപിടിച്ച സ്ഥലത്താണ് അറവുശാല. കാലികളെ അറുക്കാന്‍ ഷെഡ് പണിതിട്ടിട്ടുണ്ട്. കൊണ്ടുവരുന്ന കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടറോ സംവിധാനമോ ഇല്ല. മാംസം ഭക്ഷ്യയോഗ്യമാണോ എന്നു പോലും ഉറപ്പില്ല. ആകെയുള്ളത് ഒരു വാച്ച്മാനും അറവുകാരനും. പുലര്‍ച്ചെ നടക്കുന്ന കശാപ്പിന് നഗരസഭയില്‍ നിന്ന് ആരും എത്താറില്ല. എന്നാല്‍ഋ മാംസത്തില്‍ നഗരസഭാസീല്‍ പതിച്ചാണ് നല്കുന്നത്.
അറവുശാലാ കവാടത്തിനു തൊട്ടടുത്താണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. അറവു ശാലയിലെ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവു നായ്‌ക്കള്‍ കുട്ടികളെ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷാകര്‍ത്താക്കള്‍. അറവുശാലയില്‍ നവീകരണ പ്രക്രിയകള്‍ നടക്കുകയാണെന്ന് നഗരസഭാ അധ്യക്ഷ ബിന്ദു ഹരിദാസ് പറഞ്ഞു.
















