കോഴിക്കോട്: വന്‍കിട മദ്യലോബി തെരഞ്ഞെടുപ്പ് കാലത്ത് സഹായിച്ചതിലുള്ള പ്രത്യുപകാരമായി മദ്യനയം മാറ്റിയ ഇടതു സര്‍ക്കാര്‍ ജനരോഷത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് പറഞ്ഞു. മദ്യനയത്തിനു പിന്നില്‍ വലിയ അഴിമതിയാണെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഎം മദ്യലോബിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് സിപിഎം ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് ഫാസിസത്തിനെതിരെ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ സിപിഎം ക്രിമിനലുകള്‍ തല്ലിതകര്‍ത്ത ബിഎംഎസ്, എബിവിപി ജില്ലാ കന്മിറ്റി ഓഫീസുകളോ ആര്‍എസ്എസ് ജില്ലാ കാര്യാലയമോ സന്ദര്‍ശിക്കാത്തത് ജനാധിപത്യ മര്യാദയക്കു നിരക്കാത്തതാണ് . ഇടത് മദ്യനയത്തിനോടും മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങളോടും മൃദുസമീപനം സ്വീകരിക്കുന്ന യുഡിഎഫ് നിലപാട് വരാന്‍ പോകുന്ന ബംഗാള്‍ മോഡല്‍ സഖ്യത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















