വടകര: സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനെ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് സിപിഎം കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ബോബെറിഞ്ഞു എന്ന കള്ള പ്രചരണം നടത്തി നാട്ടില്‍ മുഴുവന്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പ്രസ്തുത കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തത് സംഭവം കള്ളമായിരുന്നു എന്നതിന് തെളിവാണ്. സമാനമായ സംഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്.
ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീടിനു നേരെയുണ്ടായ അക്രമം അപലപനീയമാണ്. ആഭ്യന്തര വകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. പോലീസിന്റെ മുന്നില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെപ്പോലും അക്രമിച്ചത്. ഭരണപരാജയം മറച്ച് വെക്കാനും, മദ്യനയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















